ആക്ഷന്‍ കമ്മിറ്റി മരവിപ്പിച്ചു; വിശദീകരിക്കാനാവാതെ സിപിഎം

Tuesday 23 May 2017 6:19 am IST

കോഴിക്കോട്: കെ.കെ. ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യം വിശദീകരിക്കാന്‍ സിപിഎം ഏറെ ബുദ്ധിമുട്ടുകയാണ്. ഇതേതുടര്‍ന്നാണ് തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. വളയം ബ്രാഞ്ച്, ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ തീരുമാനത്തിന് അനുകൂലമായി നിലപാടെടുത്തെന്നാണ് അറിയുന്നത്. ജിഷ്ണുപ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് വളയത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ജനറല്‍കണ്‍വീനര്‍ സിപിഎം ഏരിയാ സെക്രട്ടറിയും വളയം സ്വദേശിയുമായ പി.പി. ചാത്തുവായിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മിറ്റി ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല. കൃഷ്ണദാസ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുതുടങ്ങിയപ്പോഴാണ് മഹിജയുടെ കുടുംബം ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ട് തുടങ്ങിയത്. ആക്ഷന്‍ കമ്മിറ്റി നിര്‍ജ്ജീവമാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയും യുഡിഎഫും ആക്ഷന്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. അതിന് ശേഷവും സിപിഎം പ്രശ്‌നത്തില്‍ ഇടപെടുകയോ ആക്ഷന്‍ കമ്മിറ്റി സജീവമാക്കുകയോ ചെയ്തില്ല. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളാണ് ആത്മഹത്യയില്‍ അവസാനിച്ചുപോകുമായിരുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തെത്തിച്ചത്. ഇത് സിപിഎമ്മിന് കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.