അവധിക്കാലം മലമ്പുഴയില്‍ തിരക്കേറുന്നു

Tuesday 11 April 2017 9:56 pm IST

മലമ്പുഴ: അവധിക്കാലം തുടങ്ങിയതോടെ അണക്കെട്ടുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണല്‍ത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും ആശങ്കയോടെ നാട്ടുകാരും ഉദ്യോഗസ്ഥരും. പല അണകെട്ടുകളിലും സുരക്ഷാ മുന്നറിയിപ്പ് ഇല്ല. മുന്നറിയിപ്പ് ഉള്ള സ്ഥലങ്ങളില്‍ അത് അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങുന്നത് പതിവാണ്.ഇത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ്, ചില ദുരന്തങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ മറ്റു ചിലത് അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണ്. ഇനിയുള്ള അവധി ദിവസങ്ങളെ ഭയപ്പെടണമെന്നാണു അഗ്നിശമനസേനയുടെ മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിനോദസഞ്ചാരത്തിനെത്തുന്നവര്‍ അപരിചിതങ്ങളായ കടവുകളിലും ഡാമുകളിലും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലമ്പുഴ, വാളയാര്‍ ഡാമുകളിലും കമ്പാലത്തറ, വെങ്കലക്കയം ഏരികളിലും വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഈ ജലാശയങ്ങളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്. ചെളി നീക്കം ചെയ്യുകയെന്നത് ഉടനടി പ്രായോഗികമല്ല. അനുമതിയില്ലാതെ ഡാമുകളിലേക്കിറങ്ങരുത്.ചെളിയില്‍ കുടുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ആഴങ്ങളിലേക്കു താഴും. മദ്യപിച്ച് ഡാമിലിറങ്ങി പലരും അപകടം ക്ഷണിച്ചു വരുത്തുകയാണ്. ജില്ലയില്‍ ഡാമുകള്‍ കേന്ദ്രീകരിച്ചുണ്ടായ മുങ്ങിമരണങ്ങളില്‍ മദ്യം പ്രധാന വില്ലനാണെന്ന് പൊലീസും അഗ്നിശമനസേനയും പറയുന്നു. വെള്ളം വറ്റിയ ഡാമിലൂടെ വാഹനമോടിക്കുന്നതും ചെളിയലില്‍ കുടുങ്ങുന്നതും മലമ്പുഴ ഡാമില്‍ നിത്യസംഭവമാണ്. വാളയാര്‍ ഡാമില്‍ അപകടങ്ങള്‍ പെരുകിയപ്പോള്‍ പരിസരവാസികള്‍ തന്നെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത് ഏറെ ഫലപ്രദമായിരുന്നു. അപരിചിതരെത്തിയാല്‍ നാട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. സന്ദര്‍ശകര്‍ നിലതെറ്റിയ അവസ്ഥയിലാണ് എത്തുന്നതെങ്കിലും അപ്പോള്‍ തന്നെ പറഞ്ഞയക്കും. ഇതിനുശേഷം അപകടങ്ങള്‍ ഏറെ കുറഞ്ഞിരുന്നു. ഡാം പരിസരങ്ങളില്‍ പ്രദേശവാസികളുടെ ഇത്തരമൊരു കൂട്ടായ്മ ഫലപ്രദമാകുമെന്ന് അധികൃതര്‍ പറയുന്നു. മലമ്പുഴ ഡാമില്‍ ടൂറിസം പൊലീസിന്റെ സേവനം ലഭ്യമാണെങ്കിലും ഇതര ഡാമുകളില്‍ ഇത്തരമൊരു സംവിധാനം ഇല്ല. അതിനുള്ള ആള്‍ബലവും പൊലീസ് സേനയ്ക്കില്ല. സഞ്ചാരികള്‍ കൂടുതലായി ഇറങ്ങുന്ന പ്രദേശങ്ങളില്‍ അവധി ദിവസങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് ഉത്തരവ് പാലിക്കപ്പെടുന്നില്ല. കല്‍പാത്തിപ്പുഴയില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.