ജിസിഡിഎ ചെയര്‍മാന്റെ ധൂര്‍ത്ത് ആയുധമാക്കി എതിര്‍വിഭാഗം

Wednesday 12 April 2017 12:40 am IST

കൊച്ചി: ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്റെ ധൂര്‍ത്തിനെച്ചൊല്ലി സിപിഎം ജില്ലാ നേതൃത്വത്തിനുള്ളില്‍ കടുത്ത വിഭാഗീയത. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മോഹനനെതിരെ എതിര്‍വിഭാഗം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ചെയര്‍മാന്റെ ഔദ്യോഗിക വസതിയിലേക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ജിസിഡിഎയുടെ ഏഴുലക്ഷം രൂപ ചെലവാക്കിയെന്ന പരാതിയാണ് ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചത്. സി.എന്‍.മോഹനന്റെ ധൂര്‍ത്തിനെതിരെ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി. ജലീലിനും പരാതി പോയിട്ടുണ്ട്. കൂടാതെ വിജിലന്‍സിനും പരാതിയുണ്ട്. മുന്‍ ചെയര്‍മാന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ ശബ്ദിച്ചവര്‍തന്നെ ഇത്ര വലിയ ധൂര്‍ത്ത് നടത്തിയത് പാര്‍ട്ടിക്ക് അപമാനമാണെന്ന് ബേബി ഐസക്ക് ചേരിയോടു ബന്ധം പുലര്‍ത്തുന്ന അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചു. വൈറ്റില ഏരിയാ സെക്രട്ടറിയെ മാറ്റുന്ന കാര്യം യോഗത്തില്‍ ധാരണയായി. എന്നാല്‍ എറണാകുളം ഏരിയാ സെക്രട്ടറി സീനുലാല്‍ തല്‍ക്കാലം തുടരട്ടെയെന്നാണ് തീരുമാനം. സീനുലാല്‍ കഴിഞ്ഞ ദിവസം പിണറായി പക്ഷത്തെ ജില്ലയിലെ പ്രമുഖന്‍ സി.എന്‍. മോഹനനുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലയില്‍ വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് എതിര്‍ചേരിയില്‍ നില്‍ക്കുന്ന സെക്രട്ടറിമാരെ മാറ്റാന്‍ പിണറായിപക്ഷം നീക്കം നടത്തിയിരുന്നു. വൈറ്റില ഏരിയാ സെക്രട്ടറി സതീഷ് വിഎസ് പക്ഷക്കാരനും എറണാകുളം ഏരിയാ സെക്രട്ടറി സീനുലാല്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ ചേരിയിലുമാണ്. സെപ്തംബറില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പായി ജില്ല പൂര്‍ണമായും വരുതിയിലാക്കുകയാണ് പിണറായി പക്ഷത്തിന്റെ ലക്ഷ്യം. പിണറായി പക്ഷത്തായിരുന്ന രാജീവ് അടുത്തിടെ ബേബി-ഐസക്ക് ചേരിയോട് അടുത്തിരുന്നു. സക്കീര്‍ ഹുസൈന് കളമശ്ശേരി ഏരിയാ കമ്മറ്റിയുടെ ചുമതല നല്‍കാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഏരിയാ കമ്മറ്റിയില്‍ ചര്‍ച്ച നടത്തും. ഗുണ്ടാകേസില്‍പ്പെട്ട് ജയിലിലായതിനെത്തുടര്‍ന്ന് സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം ചുമതല ടി.കെ. മോഹനന് നല്‍കിയെങ്കിലും മരുമകന്റെ ചികിത്‌സക്കായി മോഹനന്‍ വിദേശത്താണ്. ഇതേത്തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസിനായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. പാര്‍ട്ടി സക്കീറിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കളമശ്ശേരി, കോലഞ്ചേരി ഏരിയാ കമ്മറ്റികളുടെ വിഭജനം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചു. ജിസിഡിഎ ചെയര്‍മാനും സംസ്ഥാന സമിതി അംഗവുമായ സി.എന്‍. മോഹനന്‍ ഗള്‍ഫില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൗരസ്വീകരണത്തിനും, വിദേശപര്യടനത്തിന് ടെല്‍ക്ക് ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എന്‍.സി. മോഹനനും പാര്‍ട്ടിയില്‍ അവധിക്ക് അപേക്ഷ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.