യാസ്മിന് ഉപാധികളോടെ ജാമ്യം

Monday 22 May 2017 10:43 pm IST

കൊച്ചി: ഐസിസില്‍ ചേരാന്‍ കാസര്‍ഗോഡ് നിന്ന് 15 പേര്‍ നാടുവിട്ട കേസില്‍ അറസ്റ്റിലായ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും വ്യവസ്ഥചെയ്താണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുത്, ജാമ്യക്കാര്‍ മലയാളികളല്ലെങ്കില്‍ അവരുടെ ഭൂമിയുടെ ആധാരം ഹാജരാക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതീ യുവാക്കള്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ ഇന്ത്യ വിട്ട സംഭവത്തില്‍ യാസ്മിന് പങ്കുണ്ടെന്ന് കണ്ടെത്തിയ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇവരെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കിയ എന്‍ഐഎ ജനുവരിയിലാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍ വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളതെന്നും യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയ കേസുകളില്‍ 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിക്ക് നിയമപരമായി ജാമ്യം ലഭിക്കാനിടയുണ്ടെന്ന കാരണത്താല്‍ ധൃതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.