വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

Wednesday 12 April 2017 9:25 pm IST

മുഹമ്മ: കര്‍ണ്ണികാരം പൂത്തുലഞ്ഞു; വിഷു പക്ഷി പാടി, വിഷുവിനെ വരവേല്‍ക്കാന്‍ മാര്‍ക്കറ്റുകളില്‍ കണിവെള്ളരിയെത്തി. കണി കണ്ടുണരാന്‍ നാടും നഗരവും ഒരുങ്ങി. കടുത്തവേനലിലും കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വിളഞ്ഞ കണിവെള്ളരിയും ഔഷധ ഗുണമേറിയ പൊട്ടുവെള്ളരിയും വാങ്ങാന്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി. കണിവെള്ളരി വാങ്ങാനും കണിയൊരുക്കാനും ഒരുക്കത്തിലാണ് വീട്ടമ്മമാരും കുട്ടികളും. ജൈവ കൃഷി വ്യാപകമായതോടെ ഇത്തവണ കര്‍ഷകര്‍ കണിവെള്ളരി കൃഷിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. കര്‍ഷക അവാര്‍ഡ് ജേതാക്കളായ എസ്.പി. സുജിത്ത്, ഭാഗ്യരാജ് എന്നിവര്‍ ഇലഞ്ഞിപ്പാടത്ത് ഇരുപതിനായിരത്തോളം കണിവെള്ളരിയാണ് വിളയിച്ചത്. ഇത് മൂലം ഉല്‍പ്പാദനം കൂടുകയും വില കുറയുകയും ചെയ്തു.ദേശീയ പാതയ്ക്കരികില്‍ പ്രത്യേക സ്റ്റാളുകളിലും മുഹമ്മ, കഞ്ഞിക്കുഴി, മഞ്ചേരി, കലവൂര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. വിഭവ സമൃദ്ധമായ കണിയൊരുക്കാന്‍ കണിക്കൊന്നയ്‌ക്കൊപ്പം കണിവെള്ളരിയും മറ്റു ഫലവര്‍ഗങ്ങളും വാങ്ങുന്നതിന്റെ തിരക്ക് കമ്പോളങ്ങളില്‍ കാണാം. കണിവെള്ളരിയ്ക്ക് 22 മുതല്‍ 25 വരെയാണ് ഇപ്പോഴത്തെ വില. വിഷു സംക്രമ ദിവസം ഇനിയും വില ഉയരും. പൈനാപ്പിള്‍ 30, സാദാവെള്ളരി 20, മത്തന്‍ 40, മാമ്പഴം 40, മാതളം 130, ആപ്പിള്‍ 120, മുന്തിരി 120, ഏത്തപ്പഴം 50 എന്നിങ്ങനെയാണ് മാര്‍ക്കറ്റ് വില. വിഷുവിന് കൊഴുപ്പേകാനുള്ള പടക്ക വിപണിയും സജീവമായി. കൈനീട്ടവുമായി കുടുംബശ്രീ ആലപ്പുഴ: ജില്ലയിലെ 9468 ആശ്രയ ഗുണഭോക്താക്കള്‍ക്ക് വിഷുദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിഷുകൈനീട്ടം നല്‍കും. ജില്ലയിലെ 80 സിഡിഎസുകളിലായി 1357 വാര്‍ഡുകളിലും ഈ പരിപാടി സംഘടിപ്പിക്കും.ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ എഡിഎസ്സ്-അയല്‍കൂട്ടാംഗങ്ങളും ഭാരവാഹികളും ചേര്‍ന്നാണ് കൈനീട്ടം എത്തിക്കുന്നത്. ഇതിന് ആവശ്യമായ തുക കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സുമനസ്സുകളില്‍ നിന്നും ശേഖരിക്കും. ഗതാഗതമന്ത്രിതോമസ് ചാണ്ടി 25,000 രൂപ കൈനകരി സിഡിഎസ്സിലേക്ക് നല്‍കി. വിഷുക്കണി ഉദ്ഘാടനം മുഹമ്മ: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ വിഷുക്കണി-2017 ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു അദ്ധ്യക്ഷനായി. വിഷു വിപണി അരൂര്‍: എഴുപുന്ന കൃഷിഭവന്റെയും സമൃദ്ധി അഗ്രോ സര്‍വീസ് സംഘത്തിന്റെയും നേതൃത്വത്തില്‍ വിഷു ഈസ്റ്റര്‍ വിപണി എരമല്ലൂര്‍ വലിയകുളത്തിന് സമീപം ആരംഭിച്ചു. എഴുപുന്നപഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. അഗ്രോ സര്‍വീസ് സംഘം പ്രസിഡന്റ് എം.വി. ഷണ്‍മുഖന്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.