കോമരങ്ങള്‍ ഉറഞ്ഞുതുള്ളും, ഗുരു കല്‍പ്പിച്ചാല്‍ ; അരയാലില്‍ ശൂലമേറ്റി ആത്മസായൂജ്യം

Wednesday 12 April 2017 11:14 pm IST

ശിവാകൈലാസ് വിളപ്പില്‍: ചെണ്ടയില്‍ ഉഗ്രതാളം മുഴങ്ങുമ്പോള്‍ കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. ഓട്ടുരുളിയില്‍ തിളച്ചുമറിയുന്ന മഞ്ഞനീര് ദേഹത്തു തൂകി അരയാല്‍ ചുവട്ടില്‍ പ്രദക്ഷിണം. വായ്ക്കുരവ മുഴക്കി വിശ്വാസികള്‍ ഭക്തിയുടെ പാരമ്യതയില്‍ എത്തുമ്പോള്‍ ഗുരു കല്‍പ്പിക്കും. അതോടെ കഠിനവൃതം നോറ്റെത്തിയ ഭക്തര്‍ കൈയില്‍ കരുതിയ ത്രിശൂലം അരയാലില്‍ കുത്തിയിറക്കും. പിന്നെ ഉദ്ദിഷ്ട കാര്യം സാധ്യമാകാന്‍ നിമിഷങ്ങളുടെ, ഏറിയാല്‍ ദിവസങ്ങളുടെ കാത്തിരിപ്പ്. അതാണ് സങ്കല്‍പ്പം. നെയ്യാറ്റിന്‍കരയ്ക്കടുത്ത് വ്‌ലാങ്ങാമുറി ഗുരുമന്ദിരം ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലാണ് അരയാലില്‍ ശൂലം തറയ്ക്കുന്ന ആചാരം നടക്കുന്നത്. ശ്രീകോവിലിന് അരികിലായി കരിംകാളിയുടെ പ്രതിഷ്ഠ. ഇവിടെയാണ് വിശ്വാസങ്ങള്‍ തളിര്‍ക്കുന്ന അരയാലുള്ളത്. ആചാര്യന്‍ സ്വാമി രാജേന്ദ്രഗുരുദേവനാണ് കാര്‍മ്മികന്‍. ആഗ്രഹ സാഫല്യത്തിന് അരയാല്‍ ചുവട്ടിലെത്തുന്ന വിശ്വാസി അരയാലില്‍ ഗുരു ചൂണ്ടിക്കാണിക്കുന്ന ഭാഗത്ത് ശൂലം തറയ്ക്കും. നാനാമതസ്ഥരാണ് ശൂലവുമേന്തി ഗുരുവിന്റെ കല്‍പ്പനയ്ക്കായി ഇവിടെ കാത്തുനില്‍ക്കുന്നത്. ആഗ്രഹങ്ങള്‍ സാധിച്ചവര്‍ മറ്റുള്ളവരോട് സാക്ഷ്യം പറയുന്നതോടെ ശൂലം തറയ്ക്കാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ഓരോ വര്‍ഷവും. എല്ലാ വര്‍ഷവും മീനമാസത്തിലാണ് ഈ പ്രത്യേക കര്‍മ്മത്തിന് ഗുരുമന്ദിരം വേദിയാകുന്നത്. ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്ന ആവശ്യവുമായി എത്തുന്നവര്‍ക്ക് ശൂലം തറയ്ക്കാന്‍ അനുവാദം ലഭിക്കില്ല. ആഭിചാര കര്‍മ്മം ഉപാസനാമൂര്‍ത്തി പൊറുക്കില്ലെന്ന് ഗുരുദേവന്‍ ഇതിന് കാരണമായി പറയുന്നത്. കാളീപൂജ നടത്തി ചൈതന്യം അരയാലിലേക്ക് ആവാഹിച്ചാണ് കര്‍മ്മങ്ങള്‍. ഉദ്ദിഷ്ട കാര്യം സാധിക്കുന്ന മുറയ്ക്ക് ശൂലം തറയ്ക്കുന്നയാള്‍ അരയാല്‍ ചുവട്ടിലെത്തി ശൂലം തിരിച്ചെടുക്കണം. ശൂലം കുത്തുന്നയാള്‍ തൊട്ടടുത്ത വര്‍ഷം കര്‍മ്മം നടക്കുന്നതിന് മുന്‍പ് ശൂലം തിരിച്ചെടുക്കാന്‍ എത്തുമെന്നത് ചരിത്രം. അവിശ്വാസികള്‍ പോലും ഗുരുമന്ദിരത്തിലെ അരയാല്‍ ചുവട്ടില്‍ ഗുരു കല്‍പ്പനയ്ക്ക് കാതോര്‍ത്ത് നില്‍ക്കുന്നതിന് കാരണം മറ്റൊന്നല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.