കൈയേറ്റം ഒഴിപ്പിക്കല്‍; ദേവികുളത്ത് സിപിഎം അക്രമം

Monday 22 May 2017 9:53 pm IST

ദേവികുളത്ത് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നു

ഇടുക്കി: ദേവികുളം പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡ് പൊളിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റം. ഇന്നലെ ഉച്ചയോടെയാണ് കെഡിഎച്ച് വില്ലേജിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. രാജനും ഭൂസംരക്ഷണസേന അംഗങ്ങളും കൈയേറ്റം ഒഴിപ്പിക്കാനെത്തിയത്.

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മണിയെന്നയാളാണ് ഭൂമി കൈയേറി ഷെഡ് വച്ചത്. പൊളിക്കല്‍ ആരംഭിച്ചതോടെ ദേവികുളം പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഭൂസംരക്ഷണസേന അംഗം ലിസണെ കൈയേറ്റം ചെയ്തു. ദേവികുളം പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വൈകിയാണ് എത്തിയത്. റവന്യൂ സംഘത്തെ ആക്രമിച്ച സംഭവം അറിഞ്ഞ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ രംഗത്തെത്തി. അക്രമികളെ പിടികൂടാന്‍ ശ്രമിക്കാത്ത ദേവികുളം എസ്‌ഐയെയും അഡീഷണല്‍ എസ്‌ഐയെയും സബ് കളക്ടര്‍ ശകാരിച്ചു. ഇതോടെ സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞ സിപിഎം സംഘം അദ്ദേഹത്തെ അസഭ്യം പറഞ്ഞു.

പിന്നീട് സിപിഎം നേതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കൈയേറ്റം ഒഴിപ്പിച്ചു. പരാതിയില്ലെന്ന് ഭൂസംരക്ഷണസേന അംഗങ്ങള്‍ അറിയിച്ചതോടെ സുരേഷിനെ വിട്ടു. അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും സുരേഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി ജോബി എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് ദേവികുളം സിഐ അര്‍ഷാദ് പറഞ്ഞു. പോലീസിനെ വിവരം അറിയിക്കാതെ റവന്യൂ സംഘം ഒഴിപ്പിക്കലിന് പോയതിനാലാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്നാണ് സിഐ പറയുന്നത്. ഉദ്യോഗസ്ഥരെ തടഞ്ഞവരെ അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
അക്രമത്തിലുള്ള അതൃപ്തി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം.വി. ജയരാജനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.