ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മുന്നേറ്റം; അഞ്ചിടത്ത് താമര

Monday 22 May 2017 6:01 pm IST

  ന്യൂദല്‍ഹി: എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം. അഞ്ച് സീറ്റുകളില്‍ താമര വിരിഞ്ഞു. മൂന്ന് സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് മൂന്നിടത്ത് ജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഓരോ സീറ്റ് വീതം നേടി. സിറ്റിങ് സീറ്റായ ദല്‍ഹി രജൗരി ഗാര്‍ഡനില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം ദുരന്തമായി. ബംഗാളില്‍ മൂന്നാമതെത്തി ഇടതുപക്ഷവും നാണംകെട്ടു. ദല്‍ഹി, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആസാം എന്നിവിടങ്ങളില്‍ ബിജെപി ജയം. രജൗരി ഗാര്‍ഡനില്‍ 14,642 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി മന്‍ജീന്തര്‍ സിങ് സിര്‍സ വിജയിച്ചത്. ആപ്പ് സ്ഥാനാര്‍ത്ഥി ഹര്‍ജീത് സിങ് മൂന്നാമതായി. മധ്യപ്രദേശിലെ ബന്ദവ്ഗഡ് സീറ്റ് 25,476 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ സാവിത്രി സിങ്ങിനെയാണ് ബിജെപിയുടെ ശിവ്‌നാരായണ്‍ സിങ് തോല്‍പ്പിച്ചത്. ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ഡോ. അനില്‍ ധിമാന്‍ 8,290 വോട്ടിന് കോണ്‍ഗ്രസിന്റെ പ്രൊമിള ദേവിയെ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ധോല്‍പുരില്‍ 38,673 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപിയുടെ ജയം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ റാണി 91,548 വോട്ട് നേടിയപ്പോള്‍, കോണ്‍ഗ്രസിന്റെ ബന്‍വാരിലാല്‍ ശര്‍മ്മക്ക് 52,875 വോട്ട് ലഭിച്ചു. ആസാമിലെ ധീമാജി സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി രനോജ് പെഗു 9,285 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിനെ മറികടന്നു. ബംഗാളിലെ കാന്തി ദക്ഷിണ്‍ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചന്ദ്രിമ ഭട്ടാചാര്യ (95,369) വിജയിച്ചു. 52,843 വോട്ടുകളുമായി ബിജെപി രണ്ടാമതെത്തിയപ്പോള്‍, സിപിഐ 17,423 വോട്ടില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 2,270 വോട്ട്. കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട്, മധ്യപ്രദേശിലെ അടേര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.