കൈയേറാന്‍ സിപിഎം; ഒഴിപ്പിക്കാന്‍ സിപിഐ

Thursday 18 May 2017 10:02 pm IST

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍

അധികാരം കിട്ടിയാല്‍ നല്ല ഭരണം കാഴ്ചവെക്കുക എന്നതിനു പകരം എല്ലാം കുളംതോണ്ടുക എന്നതാണ് സിപിഎമ്മിന്റെ സ്വഭാവം. എവിടെയെല്ലാം അനധികൃതമായതുണ്ടോ അതിനെല്ലാം സിപിഎം ഒത്താശ ഉണ്ടാകും. മൂന്നാര്‍ കൈയ്യേറ്റത്തിന്റെ നായകസ്ഥാനവും സിപിഎമ്മിനു തന്നെയാണല്ലോ. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാല്‍ ഒഴുപ്പിക്കേണ്ടതിനു പകരം അതിനു കൂട്ടു നില്‍ക്കുക. ഒഴുപ്പിക്കാന്‍ വരുന്നവരെ തടയുക. എന്നിങ്ങനെ മുട്ടാളത്തംകൊണ്ടു കാര്യം നേടുക എന്ന ജനവിരുദ്ധനയമാണ എന്നും സിപിഎമ്മിന്റേത്‌.

മൂന്നാറില്‍ കൈയേറ്റ ഭൂമിയിലാണ് സിപിഎം പാര്‍ട്ടിഗ്രാമവും പാര്‍ട്ടി എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടും. ജനപ്രതിനിധി തന്നെ സര്‍ക്കാര്‍ ഭൂമി കൈയേറുക. അതിന് ഇല്ലാത്ത രേഖ ചമയ്ക്കുക. സര്‍ക്കാര്‍ ഒത്താശചെയ്യുക. ഇത്തരം ശരികേടുകള്‍ സിപിഎം അല്ലാതെ മറ്റാരാണ് ഉളുപ്പില്ലാതെ ചെയ്യുക.

കൈയേറ്റം ഒഴിപ്പിക്കാനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമന്റെ ഇഛാശക്തിയാല്‍ ഒഴിപ്പിക്കല്‍ നടന്നു. പോലീസിന്റെ സഹകരണം ഇല്ലാതെയാണ് ഒഴിപ്പിക്കല്‍ നടന്നത്. സിപിഎം ശമ്പളംകൊടുക്കുന്ന തൊഴിലാളികളെപ്പോലെയാണ് പോലീസ് ഇവിടെ പെരുമാറിയതെന്നുവേണം കരുതാന്‍.

കലക്ടറെ ഇതിന്റെ പേരില്‍ അഭിന്ദിച്ച റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ മുന്നണിയില്‍പ്പെട്ടവര്‍ ഒരേ കാര്യത്തിനു രണ്ടുനയമാണ് സ്വീകരിക്കുന്നത്. സിപിഎം കൈയേറ്റം പ്രോത്സാഹിപ്പിക്കുമ്പോള്‍ സിപിഐ ഒഴിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.