വിഷു: പുണ്യ മഹോത്സവം

Monday 22 May 2017 6:43 pm IST

  പ്രകൃതീശ്വരി വിലാസ ലാവണ്യം ഒഴുക്കി പ്രശോഭിപ്പിക്കുന്ന ഭാഗ്യപൂര്‍ണ്ണമായ പുണ്യോത്സവമാണ് വിഷു. ആനന്ദ നൃത്തം ചെയ്യുന്ന പ്രകൃതീ മാതാവ് ഭൂമീ ദേവിയെ പുണ്യപൂര്‍ണ്ണയാക്കുന്നു. ആര്‍ത്തുല്ലസിച്ച് നില്‍ക്കുന്ന സ്വര്‍ണ്ണക്കിങ്ങിണിയായ കൊന്നപ്പൂവും, കണിവെള്ളരിയും, മാമ്പഴവും മറ്റ് കാര്‍ഷിക വിളകളും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പൂമഴ പെയ്യിക്കുന്ന ആഘോഷമാണ് വിഷു. മധുരോത്സവമാണ് മരന്ദവര്‍ഷമാണ് ഈ മഹോത്സവം ലക്ഷ്യമാക്കുന്നത്. എങ്ങും വിരിഞ്ഞുല്ലസിക്കുന്ന പൂപ്പാലിലകളും, കുസുമമഞ്ജരികളും കൊണ്ട് ധന്യതയുടെ പ്രകാശ സുഖം കൊണ്ട് വിഷുപ്പുലരി മാഹാത്മ്യം അരുളുന്നു. ശാശ്വതമായ ധര്‍മ്മ ശക്തിക്ക് ഭദ്രദീപം കൊളുത്തുന്നു. കണി ദര്‍ശനം സമത്വം, സാഹോദര്യം, ആദരവ്, പ്രകൃതിയുമായുള്ള ഇഴ ചേരല്‍, അഹിംസ, അനുകമ്പ, അറിവ്, ധര്‍മ്മം, സത്യം തുടങ്ങി അനവധി സദാചാരസാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ വിഷുക്കണി ദര്‍ശനത്തിന്റെ ധര്‍മ്മ പാഠങ്ങളാണ്. വിഷു എന്നതില്‍ തുല്യത അഥവാ സമത്വം എല്ലാ കാര്യത്തിലും കരഗതമാകുന്നു. കര്‍മ്മ സാക്ഷിയായ സൂര്യന്‍ ഭൂമധ്യ രേഖയില്‍ നേര്‍ക്കു വരുന്ന ദിവസമാണ് വിഷു. പകലും രാത്രിയും തുല്യമായി ഉദയാസ്തമയങ്ങള്‍ നെയ്യുന്ന സുദിനം കൂടിയാണ്. ഭാരതീയര്‍ക്കെല്ലാം വിഷു ആണ്ടുപിറപ്പ് കുറിച്ചു കൊണ്ടുളള ഉത്സവ ദിനമാണ്. ഓരോ ദേശത്തും വ്യത്യസ്തമായി ആഘോഷിക്കുന്നുവെന്നു മാത്രം. ജനസഞ്ചയത്തിന്റെ നിത്യ ജീവിതത്തില്‍ പ്രകാശം വ്യാപിപ്പിക്കുന്ന കാര്‍ഷിക സമ്പദ് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ആഘോഷം ആനന്ദാമൃതം ചൊരിയുന്ന വിഷുക്കണി വരാന്‍ പോകുന്ന ജീവിത സുഖങ്ങളേയും സംതൃപ്തിയേയും സൂചിപ്പിക്കുന്നു. പൊന്നില്‍ക്കുളിച്ച ഒളി മിന്നുന്ന ഓട്ടുരുളി. അതില്‍ നിറയെ മംഗള സൂചകങ്ങളായ മനോഞ്ജങ്ങളായ ദ്രവ്യങ്ങള്‍. സൂര്യ ദേവനെപ്പോലെ ജ്വലിച്ച് മിന്നണ മഹിമയേറിയ മധുര ദര്‍ശനങ്ങള്‍. കണിയൊരുക്കുന്നത് തലേന്ന് വിശ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കമനീയ രൂപം പൂജാമുറിയിലുണ്ടായിരിക്കണം. ആ ജഗത് രൂപന്റെ തിരുമുമ്പില്‍ പ്രപഞ്ചസരങ്ങളായ ഫലാദികളും, സ്വര്‍ണ്ണവും അഷ്ടമംഗല്യവും, കുലത്തേങ്ങയും, കുലമാങ്ങയും സ്ഥാനം പിടിച്ചിരിക്കും. അഞ്ചോ ഏഴോ തിരിയിട്ട് നിറദീപം കൊളുത്താനുള്ള വിളക്കും അണിയായി കണിയൊരുക്കാനെത്തും. ഉണക്കലരിയും മറ്റും നിറച്ച പാത്രത്തില്‍ എല്ലാം ഒരുക്കി കണുകാണാനയി ഉറങ്ങുന്നു. കാണികാണാനായി ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഗൃഹനാഥയും മറ്റുള്ളവരും ഉണരുന്നു. അവര്‍ നിറദീപം തെളിയിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കണി കാണിക്കുന്നു. സൂര്യദേവന്റെ സംക്രമകാലം ഏറ്റവും വിശിഷ്ടമാണ്. സൂര്യാത് ഭവന്തി ഭൂതാനി സൂര്യേണ പാലിതാനി ച സൂര്യേ ലയം പ്രാപ്‌നുവന്ത യഃ സൂര്യ സോഹമേവച സൂര്യനെ മനസിലാക്കുന്നതിലൂടെ വിഷ്ണുവായ ബ്രഹ്മത്തെ അറിയുന്നു. അതിലൂടെ അവനവനെ അറിയുന്നു. സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സൂര്യോപാസനയുടെ വിശിഷ്ട ഫലം. പ്രപഞ്ചത്തെ പൂജിക്കുക, അതിന്റെ പരാശക്തിയെ ആരാധിക്കുക. സ്വയമായും സഹജാതരേയും സമദൃഷ്ടികളേയും പൂജിക്കുക. ഭാരതീയമായ വിഷുഗണനയുടെ ആദ്യപാഠങ്ങള്‍ വേദകാലത്തുതന്നെ ആവിര്‍ഭവിച്ചു. ജ്യോതിര്‍ഗണിതം, ഋതുക്കളുടെ ശരിയായ നിരീക്ഷണം, കാലഭേദപഠനം എന്നിവ ഭാരതീയരുടെ വിശാലമായ അന്വേഷണത്തിന്റെ ദര്‍ശനമായിരുന്നു. വിഷുവസ്ഥാനത്തെത്തുമ്പോള്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കുമുകളിലാകുന്നു. ആ ദിവസം പകലും രാത്രിയും സമമായി വരുന്നു. സൂര്യന്‍ ഉത്തരായനം, ദക്ഷിണായനം, വിഷ്ടവം എന്നീ അയനങ്ങളില്‍ മന്ദമായും, ശീഘ്രമായും, സമമായും യാത്ര ചെയ്യുന്നു. ഈ ഗതിയില്‍ ആരോപണം, അവരോഹണം, സമം എന്നീ സ്ഥാനങ്ങളില്‍ ആരോഹണം, അവരോഹണം സമം സ്ഥാനങ്ങളില്‍ യഥാസഞ്ചാരം നടത്തുന്നു. മകരം തുടങ്ങിയ രാശികളിലൂടെ രാവിനേയും പകലിനേയും ദീര്‍ഘവും ഹ്രസ്വവുമാക്കിതീര്‍ക്കുന്നു. മേടം, തുലാം രാശികളില്‍ സഞ്ചരിക്കുമ്പോള്‍ രാപ്പകലുകള്‍ തുല്യമായി സംഭവിക്കുന്നു. ഇപ്രകാരം മേടം, തുലാം രാശികളിലേക്കു സൂര്യന്‍ പ്രവേശിക്കുമ്പോള്‍ രാപ്പകലുകള്‍ തുല്യമായി ഭവിക്കുന്നു.ഈ രണ്ടു കാലങ്ങളിലും വിഷു വരുന്നു. ഓരോനാട്ടിലും വിഷു ഓരോരീതിയില്‍ അറിയുന്നു. തമിഴ്‌നാട്ടില്‍ ചിത്തിരപ്പിറവിയും, കര്‍ണ്ണാടകത്തിലും ആന്ധ്രയിലും യുഗാദി എന്ന വസന്തോദയ വഹോത്സവവും, ബംഗാളില്‍ നബ ബര്‍ഷയും (നവവര്‍ഷം) കശ്മീരീല്‍ നവകേഷും ആസ്സാമില്‍ ബിബാകബിഹുവും, മഹാരാഷ്ടരയില്‍ നുഡി പാദവയും മറ്റും മറ്റുമായി. വിഷുവിന്റെ വിവിധങ്ങളായ വര്‍ണ്ണപ്പൊലിമയാര്‍ന്ന മഹോത്സവങ്ങളാണ്. ഈ വിധം മഹിമയേറിയ ദേശീയ മഹാമഹോത്സവം കൂടിയാണ് വിഷു. വിഷുക്കൈനീട്ടം വിഷുകൈനീട്ടം കഴിഞ്ഞാല്‍ കുടുംബത്തിലെ നാഥന്‍ എല്ലാവര്‍ക്കും കൈനീട്ടമായി ശക്തിക്കനുസരിച്ചുള്ള കൈനീട്ടം ധനദാനമായി നല്‍കുന്നു. നാണയം ഉണ്ടായിരിക്കണം. കുട്ടികള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍, മറ്റു പരിചയക്കാര്‍, സജ്ജനങ്ങള്‍ തുടങ്ങി ഗൃഹത്തിന്റെ പേരിനും പെരുമയ്ക്കും അനുസരിച്ച് വിഷുകൈനീട്ടം നൂട്ടുന്നു. ചിലര്‍ക്ക് കൂടുതലും കുറവും ഉണ്ടാകും. കൃത്യമായ തുകവേണമെന്നില്ല. വസ്ത്രദാനം, അന്നദാനം, എന്നിവയ്ക്കും സ്ഥാനമുണ്ട്. ആഘോഷപ്പൊലിമ പടക്കം പൊട്ടിച്ചും,പൂത്തിരി ചിരിപ്പിച്ചും,ഭദ്രദീപം കൊളുത്തിയും ഭവനങ്ങളെല്ലാം ഉണരുന്നു ഉത്സാഹം കൂട്ടുന്ന ഉയര്‍ച്ചയിലേക്ക് സഞ്ചരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.