തിരക്കൊഴിയാതെ വിപണി ജനം നഗരത്തിലേക്കൊഴുകി

Monday 22 May 2017 8:29 pm IST

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങുന്നതിനായി ജനം നഗരത്തിലേക്കൊഴുകി. മിഠായിത്തെരുവ്, പാളയം, വിവിധ ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സമീപജില്ലകളില്‍ നിന്നും ആളുകള്‍ നഗരത്തിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് വിഷുക്കോടി വാങ്ങാനായി നഗരത്തിലെത്തിയത്. ചില റോഡുകളില്‍ വാഹന ഗതാഗതം തടസ്സപ്പെടുന്നതരത്തില്‍ വരെയെത്തി കാര്യങ്ങള്‍. നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു. തിരക്ക് വര്‍ദ്ധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്. കാലു കുത്താന്‍ കഴിയാത്ത തിരക്കായിരുന്നു മിഠായിത്തെരുവില്‍. വൈകിട്ട് ഇടയ്‌ക്കൊന്ന് മഴയെത്തിനോക്കിയത് അല്പനേരം കച്ചവടക്കാരെ ആശങ്കയിലാഴ്ത്തി. എന്നാല്‍ മഴമാറിയതോടെ കച്ചവടവും ഉഷാറായി. തെരുവുകച്ചവടവും സജീവമായിരുന്നു. മിഠായിത്തെരുവിനു പുറമെ മാനാഞ്ചിറ ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലും, എല്‍ഐസിക്ക് സമീപവും തെരുവുകച്ചവടം പൊടിപൊടിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരം വരെ നീണ്ടു കിടക്കുന്ന വഴിയോര വസ്ത്രകച്ചവടം വര്‍ണ ശബളമായ കാഴ്ചയാണ് സമ്മാനിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളാണ് വഴിയോര കച്ചവടത്തില്‍ പ്രധാനാമായി ഉള്ളത്. വസ്ത്രങ്ങള്‍ക്ക് പുറമെ കണി കാണാനുള്ള ശ്രീകൃഷ്ണ വിഗ്രഹ വില്‍പ്പനക്കാര്‍, കളിപ്പാട്ട വില്‍പ്പനക്കാര്‍, പാത്രവില്‍പ്പനക്കാര്‍ തുടങ്ങിയവരും തെരുവുകച്ചവടത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൃഷ്ണവിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പ്ലാസ്റ്റര്‍ഓഫ് പാരീസ് കൊണ്ടുള്ള കാര്‍മുകില്‍ വര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍ക്ക് പുറമെ ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും നിറത്തിലുള്ള വിഗ്രഹങ്ങളും വില്പനക്കുണ്ടായിരുന്നു. ബീച്ചിലും സരോവരത്തും ടൗണ്‍ഹാളിന് സമീപത്തും മാനാഞ്ചിറ പരിസരത്തുമെല്ലാം നടക്കുന്ന വിവിധപ്രദര്‍ശനങ്ങളിലും മേളകളിലും നല്ല തിരക്കനുഭവപ്പെട്ടു. വിവിധ മേളകളില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. കണിവെള്ളരിയും കണിക്കൊന്നയും വില്ക്കാനെത്തിയവരെ കൊണ്ട് പാളയം മാര്‍ക്കറ്റും പരിസരവും നിറഞ്ഞു. ഒരു പിടി കൊന്നപ്പൂവിന് 30 രൂപയായിരുന്നു വില. കണിവെള്ളരിയാകട്ടെ 30 രൂപമുതല്‍ 50 വരെ വിലയ്ക്കാണ് വിറ്റുപോയത്. പച്ചക്കറികള്‍ക്ക് പുറമെ പൂക്കളും പഴവര്‍ഗ്ഗങ്ങളും വാങ്ങാനായും പാളയത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. പാളയം മാര്‍ക്കറ്റിന് സമീപത്തെ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു. പടക്കത്തിന് ആളുകളുടെ പ്രിയം കൂടി വരുന്നതായാണ് വില്‍പ്പന കാണിക്കുന്നത്. പുതിയങ്ങാടിയിലെയും വലിയങ്ങാടിയിലെയും പടക്ക വില്‍പ്പന കടകളില്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വിസ്മയിപ്പിക്കുന്ന വര്‍ണപ്പൊലിമയില്‍ എത്തുന്ന പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പുലിമുരുകനാണ് ഇത്തവണ പടക്കവിപണിയിലെ താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.