ശ്രേഷ്ഠ മലയാളത്തിന് എന്തുപറ്റി?

Monday 22 May 2017 6:37 pm IST

2012 ഡിസംബര്‍ മാസത്തിലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി നല്‍കണമെന്നുള്ള ആവശ്യം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധസമിതി അംഗീകരിക്കുകയും ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു നല്‍കുകയും ചെയ്തത്. നാലുമാസങ്ങള്‍ക്കുശേഷം, 2013 മെയ് മാസത്തില്‍ ദീര്‍ഘനാളായുള്ള ഈ ആവശ്യം കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭ്യമായത് വലിയ ആഘോഷത്തോടെയാണ് മലയാളത്തെ സ്‌നേഹിക്കുന്നവരെല്ലാം വരവേറ്റത്. ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതോടെ മലയാളം കൂടുതല്‍ മെച്ചപ്പെടുമെന്നും, കേരളത്തിലെല്ലാവരും നല്ല മലയാളം സംസാരിച്ചുതുടങ്ങുമെന്നുമുള്ള ആഹ്ലാദമായിരുന്നില്ല അത്. ഭാഷയുടെ ഉന്നതിക്കായി പദ്ധതികളാവിഷ്‌കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് കുറേ പണം എത്തിക്കുമെന്ന വാഗ്ദാനമായിരുന്നു കാര്യം. ഗ്രാന്റായി ആദ്യഘട്ടം നൂറുകോടിരൂപയാണ് ലഭിക്കുകയെന്നും യുജിസിയില്‍ ഭാഷാപഠനത്തിന് പ്രത്യേകചെയര്‍ ലഭിക്കുമെന്നും വാര്‍ത്തകളുണ്ടായി. ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതോടെ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ സംസ്ഥാനത്ത് പഠനകേന്ദ്രം തുടങ്ങാനാകുമെന്നതും മലയാളവുമായി ബന്ധപ്പെട്ട ഗവേഷണവും പഠനവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നതും പുറത്തുവന്ന വാര്‍ത്തകളായിരുന്നു. കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ മലയാളത്തിനായി പ്രത്യേകചെയര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നതും നമ്മെ ആഹ്ലാദിപ്പിച്ചു. കേന്ദ്രത്തില്‍നിന്ന് ഗ്രാന്റായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. എന്നാല്‍, ശ്രേഷ്ഠപദവിയിലെത്തി, വര്‍ഷം നാലുതികയുമ്പോള്‍ ശ്രേഷ്ഠമലയാളം എവിടെയെത്തി എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തിലൊതുങ്ങിയെന്നതാണ് ലജ്ജാകരം. ഭാഷാസ്‌നേഹികളുടെയും വിദഗ്ധന്മാരുടെയും സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരുടെയുമെല്ലാം ഏറെനാളത്തെ, നിരന്തരമായ പ്രവര്‍ത്തനഫലമായാണ് കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര സാഹിത്യഅക്കാദമിയുടെയും മനസ്സലിയിപ്പിച്ച് മലയാളത്തിന് ശ്രേഷ്ഠപദവി നേടിയെടുക്കാനായത്. മുകളില്‍ വിവരിച്ച ആനുകൂല്യങ്ങള്‍ തന്നെയായിരുന്നു നമ്മെ കൊതിപ്പിച്ചതും ആകര്‍ഷിച്ചതും. മധുരംതുളുമ്പുന്ന മലയാളം നാള്‍ക്കുനാള്‍ വളരണമെന്നും മലയാളഭാഷയും സാഹിത്യവും എന്നും മുന്നില്‍ നില്‍ക്കണമെന്നും ആഗ്രഹിക്കുന്നത് മലയാളിത്തത്തിന്റെ ലക്ഷണമാണ്. മലയാളത്തിന് ശ്രേഷ്ഠ പദവി പ്രഖ്യാപനം ഉണ്ടാകുന്നതിന് കുറച്ചുനാളുകള്‍ക്കു മാത്രം മുന്നേയാണ് തമിഴിന് ആ പദവി ലഭ്യമായത്. എന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരും ഉദ്യോഗസ്ഥരും ഭാഷാസ്‌നേഹികളുമെല്ലാം പദവി പ്രഖ്യാപനത്തില്‍ മാത്രം തൃപ്തരായില്ല. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. തമിഴന് ഭാഷ അവരുടെ വികാരമാണ്. ജീവിതമാണ്. ഭാഷയ്ക്കായി ജീവന്‍ നല്‍കാന്‍ അവര്‍ തയ്യാറുമാണ്. ''ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്'' എന്ന മന്ത്രം ജീവവായുപോലെ കൊണ്ടു നടക്കുന്നവരാണവര്‍. അത്രത്തോളം വൈകാരികമായി മലയാളി ഭാഷയെ സമീപിക്കുന്നില്ല. ഇങ്ങനെ പോയാല്‍ കേരളം മലയാളം സംസാരിക്കാത്തവരുടെ സംസ്ഥാനമാകുമെന്ന മുന്നറിയിപ്പ് ഇപ്പോഴുണ്ടായതല്ല. മലയാളഭാഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പദ്ധതികളുണ്ടായില്ലെങ്കില്‍ വംശനാശം സംഭവിക്കുന്ന ഭാഷകളുടെ കൂട്ടത്തില്‍ മലയാളവും ഇടം കണ്ടെത്തുമെന്ന് കാലങ്ങള്‍ക്കു മുന്നേ പലരും മുന്നറിയിപ്പു തന്നിരുന്നു. ഭാഷാസ്‌നേഹത്തിന് പ്രചോദനം നല്‍കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനേകവര്‍ഷങ്ങളുടെ പഴക്കമുണ്ട്. വള്ളത്തോളും ഉള്ളൂരുമെല്ലാം സ്വന്തം കവിതകളെ അതിനായുധമാക്കിയവരാണ്. ''മിണ്ടി തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ് മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍''. വള്ളത്തോളിന്റെ 'എന്റെ ഭാഷ' എന്ന കവിതയിലെ പ്രശസ്തവരികള്‍ ഇതിനുദാഹരണമാണ്. 'മലയാളം…മലയാളം...' എന്ന് നിരന്തരം വിലപിക്കുന്ന ചിലര്‍ കേരളത്തിലുണ്ട്. അവരുടെ ആഗ്രഹവും ശ്രമവുമായിരുന്നു ശ്രേഷ്ഠഭാഷാപദവി ലഭ്യതയ്ക്കു പിന്നില്‍. എന്നാല്‍ അതിനുശേഷം സംസ്ഥാനസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരുന്നു. പ്രഖ്യാപനമുണ്ടായാല്‍ നൂറുകോടി ഒഴുകിയെത്തുമെന്നായിരുന്നു ചിന്ത. അതെങ്ങനെ ചെലവഴിക്കാമെന്ന ആലോചനകള്‍ ഏറെയുണ്ടായെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്നുലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമൊന്നും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ശ്രേഷ്ഠപദവി ലഭിച്ചത് തങ്ങളുടെ ഭരണനേട്ടമാണെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ചെങ്കിലും മലയാള ഭാഷയ്ക്ക് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്ന സത്യം മൂടിവയ്ക്കപ്പെട്ടു. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കണമെന്നും കോടതിവ്യവഹാരങ്ങള്‍ മലയാളമാകണമെന്നും എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കണമെന്നുമൊക്കെയുള്ള ആവശ്യം കേരളം ഉണ്ടായകാലം മുതല്‍ക്കുള്ളതാണ്. കേന്ദ്ര സിലബസില്‍ വിദ്യാഭ്യാസം നടത്തുന്ന ആയിരക്കണക്കിന് സ്‌കൂളുകളുള്ള സംസ്ഥാനമാണ് കേരളം. ഈ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വലിയ അഭിമാനമായി കരുതുന്ന സമൂഹത്തില്‍, മലയാളം പഠിപ്പിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നഷ്ടക്കണക്കുകള്‍ നിരത്തി പൂട്ടിക്കൊണ്ടിരിക്കുന്നു. മലയാളം പ്രൊഫസര്‍മാരുടെ മുതല്‍ പാടത്തു പണിചെയ്യുന്നവരുടെ വരെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയങ്ങളിലേക്കാണ് പഠിക്കാന്‍ പോകുന്നത്. സാംസ്‌കാരികനായകരും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന കമ്മീഷനുകളുമെല്ലാം മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോഴും ഈ സാഹചര്യത്തിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇഎംഎസ്സ് മന്ത്രിസഭ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ ആ സമിതി 1958 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാകണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. അതിനുശേഷം ഈ വിഷയം പലപല സര്‍ക്കാരുകള്‍ക്കു കീഴില്‍ നിരവധി കമ്മറ്റികള്‍ പഠിച്ചു. എല്ലാവരും മലയാളത്തെ ഉന്നതിയിലെത്തിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. കോടതികള്‍ മലയാളം 'സംസാരിക്കാത്തത്' സാധാരണക്കാരനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. 1987ല്‍ ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമിതി കോടതിഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതികളിലെ ഇംഗ്ലീഷ് ഉപയോഗം പാവപ്പെട്ടവനു മുന്നിലെ ഇരുമ്പുമറയാണെന്നാണ് അഭിപ്രായപ്പെട്ടത്. 1969ലെ കേരള ഔദ്യോഗികഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുന്നത്. 1973ല്‍ കോടതിഭാഷ ഇംഗ്ലീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്‍ണല്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് നരേന്ദ്രന്റെ പേരിലുള്ള സമിതി നിര്‍ദ്ദേശിച്ചിരുന്നു. നിയമവിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കിയില്ല. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടികളെല്ലാം കതിരില്‍ വളം വയ്ക്കുന്ന പോലെ മാത്രമാണ്. പ്രാഥമികമായി ചെയ്യേണ്ടതൊന്നും ചെയ്യാതെയാണ് സര്‍ക്കാര്‍ നടപടികള്‍. എല്ലാ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സും അതിന്റെ ഭാഗമാണ്. കേരളത്തിലുള്ള കേന്ദ്രീയവിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലുമെല്ലാം ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കുമെന്ന് സര്‍ക്കാരിനറിയില്ല. 9,10 ക്ലാസ്സുകളില്‍ മലയാളം നിര്‍ബന്ധമാക്കാനാകില്ലെന്ന നിലപാടുമായി സിബിഎസ്ഇ സ്‌കൂളുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രേഷ്ഠഭാഷാപദവിയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള പദ്ധതികളുമായി രംഗത്തെത്തിയതിനു പിന്നില്‍ ദുഷ്ടലാക്കുണ്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഭാഷയുടെ ഉന്നമനത്തിനായി ലഭിക്കുന്ന പണമുപയോഗിച്ച് 'ഇടതുപക്ഷ ഇടം' ഉണ്ടാക്കുകയാണ് ലക്ഷ്യം. 'സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം' എന്ന പേരില്‍ സംസ്ഥാനത്ത് തുടങ്ങുന്ന പഠനകേന്ദ്രം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാക്കാനും ഇടതുചിന്തകന്മാരെയും ഇടതുപക്ഷ അനുഭാവികളെയും കുത്തിനിറയ്ക്കാനുമാണ് നീക്കം. ഇതിനുമുന്നോടിയായി മാത്രമാണ് മലയാളപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ്. ശ്രേഷ്ഠഭാഷയുടെ പേരില്‍ കേരളത്തിലേക്കെത്തുന്ന കേന്ദ്രഫണ്ടുപയോഗിച്ച് പാര്‍ട്ടിപരിപാടികള്‍ നടത്താനാണ് പിണറായി സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിക്കുന്നത്. മലയാളത്തിന്റെ മധുരം മറന്നുള്ള ചെയ്തികളാണതെല്ലാം. ''മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുളുമ്പുന്നതേതു ഭാഷ...''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.