അംബേദ്കര്‍ കണ്ട ഒരൊറ്റ ജനത

Monday 22 May 2017 6:47 pm IST

ദളിതരുടെ എക്കാലത്തേയും വക്താവായ ഡോ.ഭീംറാവു അംബേദ്കറുടെ ആശയങ്ങള്‍ പുത്തന്‍ അംബേദ്കറിസ്റ്റുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു. നരവംശ ശാസ്ത്രപരമായും ചരിത്രപരമായും ദളിതരെ അംബേദ്കര്‍ നോക്കിക്കണ്ട രീതി ഇക്കാലത്തെ ദളിത് വക്താക്കള്‍ക്ക് അപ്രാപ്യമാണ്. ദളിതരുടെ ചരിത്രം അംബേദ്കര്‍ ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളതിനെക്കുറിച്ച് ഇവര്‍ ഒന്നുകില്‍ അജ്ഞരോ അല്ലെങ്കില്‍ അജ്ഞത നടക്കുകയോ ആണ്. ശൂദ്രന്മാര്‍ ആര്യന്മാരും ക്ഷത്രിയരുമാണെന്ന കാര്യത്തില്‍ അംബേദ്കര്‍ക്ക് സംശയമുണ്ടായിരുന്നില്ല. 'ആരാണ് ശൂദ്രര്‍?' എന്ന തന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ''വേനന്‍, പുരൂരവസ്സ്, നഹുഷന്‍, നിമി, സുദാസ് തുടങ്ങിയവര്‍ ബ്രാഹ്മണരെ പീഡിപ്പിച്ചുവെന്ന് അംബേദ്കര്‍ വ്യക്തമായി പറയുന്നു. ഇക്കാരണത്താല്‍ ബ്രാഹ്മണര്‍ അവരെ ബഹിഷ്‌കരിക്കുകയും ഉപനയനം നിഷേധിക്കുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങളില്‍നിന്നും വിദ്യാഭ്യാസം നേടുന്നതില്‍നിന്നും അവരെ ഒഴിവാക്കി. പല അവകാശങ്ങളും അവര്‍ക്ക് നിഷേധിച്ചു. ഒടുവില്‍ സമൂഹത്തിലെ അവരുടെ അന്തസ്സും ക്ഷയിച്ചു. എല്ലാ ശൂദ്രരും അടിസ്ഥാനപരമായി ക്ഷത്രിയരായിരുന്നു. എല്ലാ ഇന്ത്യക്കാരെയുംപോലെ അവരും ഒരേ വംശമായിരുന്നു. ശൂദ്രര്‍, ആര്യന്മാരും സൂര്യവംശികളും ക്ഷത്രിയരുമായിരുന്നുവെന്ന് അംബേദ്കര്‍ കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിങ്ങനെ മൂന്ന് വംശങ്ങളാണുണ്ടായിരുന്നത്. ചിലര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ നാലാമത്തെ വര്‍ണമായി മാറുകയാണുണ്ടായത്'' എന്നാണ് 'അംബേദ്കര്‍-സമഗ്രചിത്രം' എന്ന ലേഖനത്തില്‍ (ഓര്‍ഗനൈസര്‍-2015 ഏപ്രില്‍) ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടുന്നത്. ഛത്രപതി ശിവജിയുടെ പട്ടാഭിഷേകം നടത്താനൊരുങ്ങുമ്പോള്‍ അദ്ദേഹം ക്ഷത്രിയനാണോ എന്ന പ്രശ്‌നം ഉയര്‍ന്നുവന്നതായി കൃഷ്ണഗോപാല്‍ പറയുന്നുണ്ട്. ''ശിവജിയുടെ ഗുരുവായിരുന്ന സമര്‍ത്ഥ രാമദാസിന്റെ അഭിപ്രായമനുസരിച്ച് കാശിയില്‍നിന്നുള്ള പണ്ഡിതനും ബ്രാഹ്മണനുമായ ഗംഗാഭട്ടിനെ വിളിച്ചുവരുത്തുകയും ശിവജിയുടെ വംശപരമ്പര രാജസ്ഥാനിലെ ക്ഷത്രിയരില്‍നിന്ന് തുടങ്ങുന്നതാണെന്ന് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പൂണൂല്‍ ധാരണവും കിരീടധാരണവും നടന്നത്'' എന്ന ഉദാഹരണം കൃഷ്ണഗോപാല്‍ ലേഖനത്തില്‍ എടുത്തുകാട്ടുന്നു. ദളിതര്‍ക്കും ബ്രാഹ്മണര്‍ക്കുമുള്ള വംശീയമായ സാമ്യതകളും 'ആരാണ് ശൂദ്രര്‍?' എന്ന ഗ്രന്ഥത്തില്‍ അംബേദ്കര്‍ വിവരിക്കുന്നുണ്ട്. ''പഞ്ചാബിലെ ദളിതര്‍ക്കും ഉത്തര്‍പ്രദേശിലെ ബ്രാഹ്മണര്‍ക്കും ഒരേ 'നേസല്‍ ഇന്‍ഡക്‌സ്'-നാസികാകൃതി ആണുള്ളതെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. അതുപോലെ ബീഹാറിലെ ചാമറുകളുടെയും ബ്രാഹ്മണരുടെയും മൂക്കിന് ഒരേ ആകൃതിയാണുള്ളത്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണനും ഒരു ദളിതനും സമാനമായ കൃതിയാണുള്ളത്. ഇന്ത്യയിലെല്ലായിടത്തും അവര്‍ണരായും സവര്‍ണരായും അറിയപ്പെടുന്നവര്‍ക്ക് ഒരേ നാസികാകൃതിയാണ്. എല്ലാ ജാതികളിലും സമാനമായ ഗോത്രങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ ജാതികള്‍ക്കും ഒരേ പൂര്‍വികര്‍ തന്നെയാണുള്ളതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്നാണ് ഇതിനെക്കുറിച്ച് കൃഷ്ണഗോപാല്‍ പറയുന്നത്. അംബേദ്കറിസ്റ്റുകള്‍ക്ക് മനസ്സിലാവാത്ത ഒരു അംബേദ്കറുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ചരിത്രപരമായ പല കുഴമറിച്ചിലുകള്‍ക്കും ഇരയായെങ്കിലും ദളിതുകളെ അംബേദ്കര്‍ ഇന്ത്യന്‍ ജനതയുടെ അഭിന്നാംശമായാണ് കണ്ടിരുന്നത്. എന്നാല്‍ കാഞ്ച ഐലയ്യയെയും അരുന്ധതി റോയിയെയും പോലുള്ള അംബേദ്കറിസ്റ്റുകള്‍ ദളിതുകളെ മുഖ്യധാരയില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് ശ്രമിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷമുണ്ടായ ബീഫ് വിവാദത്തില്‍ ഇത് തെളിയുകയുണ്ടായി. മഹാരാഷ്ട്രയില്‍ 1976 മുതല്‍ ഗോഹത്യ നിരോധനമുണ്ട്. എന്നാല്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ, കന്നുകുട്ടികളെ കൊല്ലുന്നതിനുകൂടി വിലക്കേര്‍പ്പെടുത്തുന്ന ഒരു നിയമഭേദഗതിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയതും, ഹരിയാന സര്‍ക്കാര്‍ ഈ പാത പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയതും രാജ്യത്ത് വലിയ കോലാഹലമുയര്‍ത്തി. ഇന്ത്യന്‍ ജനതയ്ക്കുമേല്‍ 'ഭക്ഷണ ഫാസിസം' അടിച്ചേല്‍പ്പിക്കുകയാണെന്നും ദളിതുകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നിഷേധിക്കുകയാണെന്നും നിരന്തരമായ പ്രചാരണം നടന്നു. രാജ്യത്തെ ദളിതരില്‍ ബഹുഭൂരിപക്ഷവും പശുമാംസം ഭക്ഷിക്കുന്നവരാണെന്ന തെറ്റിദ്ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് ഒരര്‍ത്ഥത്തില്‍ ദളിതുകളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ദളിതുകള്‍ മാംസഭക്ഷണം കഴിക്കുന്നവരാണെങ്കിലും പശുമാംസം ഒഴിവാക്കുന്നവരാണെന്ന സത്യം ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു. 2001 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ദളിതരില്‍ 80 ശതമാനത്തിലേറെയും പത്ത് പ്രമുഖ സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നത്. ഉത്തര്‍പ്രദേശ് (21.10%), ബംഗാള്‍ (11.8%), ബീഹാര്‍ (7.83%), ആന്ധ്രാപ്രദേശ് (7.41%), തമിഴ്‌നാട് (7.12%), മഹാരാഷ്ട്ര (5.93%), രാജസ്ഥാന്‍ (5.82%), മധ്യപ്രദേശ് (5.5%), കര്‍ണാടക (5.14%), പഞ്ചാബ് (4.22%) എന്നിങ്ങനെയാണിത്. ദളിത് ജനസംഖ്യയിലെ പകുതിയോളം പേര്‍ ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലായാണ് വസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദളിതരില്‍ 75 ശതമാനം പേരും മാംസം ഭക്ഷിക്കുന്നവരാണ്. പക്ഷേ ഗോമാംസം ഭക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നവരാണ് ഇവര്‍. ഇവരില്‍ 20 ശതമാനം പേര്‍ സസ്യഭക്ഷണം ശീലമാക്കിയവരാണ്. ബംഗാളില്‍ അഞ്ച് ശതമാനം ദളിതര്‍ മാത്രമാണ് സസ്യഭക്ഷണം ശീലമാക്കിയിട്ടുള്ളത്. 80 ശതമാനവും മാംസം ഭക്ഷിക്കുന്നവരാണ്. പക്ഷേ ഇവരും ഗോമാംസത്തോട് താല്‍പ്പര്യമില്ലാത്തവരാണ്. വസ്തുത ഇതായിരുന്നിട്ടും 'ഗോമാംസ നിരോധനം വല്ലാതെ ബാധിക്കുന്നത് ദളിതരെ' എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടുകള്‍ നല്‍കിയത്. ദളിതര്‍ക്കു വേണ്ടാത്ത ഗോമാംസം അവരെക്കൊണ്ട് തീറ്റിച്ചേ അടങ്ങൂ എന്ന വാശിയാണ് ഇവിടെ പ്രകടമാകുന്നത്. ഹിന്ദുവിരുദ്ധമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ഇവരുടെ ഒത്താശ ലഭിക്കുന്ന അധികാരമോഹികളായ രാഷ്ട്രീയ നേതാക്കളും പ്രകടിപ്പിക്കുന്ന ദളിത് സ്‌നേഹം കാപട്യമാണെന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും ബിജെപി ഉള്‍പ്പെടെയുള്ള ദേശീയശക്തികളെ വിമര്‍ശിക്കാനും ഉപകരിക്കുമെങ്കില്‍ മാത്രമാണ് ഇക്കൂട്ടര്‍ക്ക് ദളിത് ആത്മഹത്യകള്‍ വിഷയമാവുകയുള്ളൂ. ദളിതുകളുടെ ശത്രുപക്ഷത്ത് മതന്യൂനപക്ഷങ്ങളാണെന്നുവരികില്‍ ഈ ശക്തികള്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കും. രോഹിത് വെമുലയുടെ ആത്മഹത്യ വിവാദമാക്കിയവര്‍ 2015 ജനുവരി 15 ന് പൂനെയില്‍ പതിനേഴുകാരനായ സാവന്‍ ധര്‍മ റാത്തോഡ് എന്ന ദളിത് ബാലന്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടേക്ക് തിരിഞ്ഞുനോക്കുകയുണ്ടായില്ല. കാരണം സാവന്‍ ധര്‍മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മുസ്ലിങ്ങളായിരുന്നു. അമ്മയോട് വഴക്കിട്ട് 15 ദിവസം മുമ്പ് സോളാപൂരിലെ വീടുപേക്ഷിച്ച് പൂനെയിലെത്തിയതായിരുന്നു സാവന്‍ ധര്‍മ റാത്തോഡ്. കസ്ബ പേട്ട് തെരുവില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിച്ച് കഴിഞ്ഞുകൂടുകയായിരുന്നു. ഇതിനിടെയാണ് മോഷണക്കുറ്റം ആരോപിച്ച് മൂന്നുപേര്‍ ചേര്‍ന്ന് സാവന്‍ ധര്‍മയെ മര്‍ദ്ദിച്ച് തീകൊളുത്തിയത്. ശരീരത്തില്‍ 75 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാവന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇബ്രാഹിം മെഹ്മൂദ് ഷെയ്ക്, ഇമ്രാന്‍ തംബോളി, സുബേര്‍ തംബോളി എന്നിവരെ പ്രതികളാക്കി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കോടതി ഇവരെ റിമാന്റ് ചെയ്യുകയുമുണ്ടായി. ദളിതനല്ലാതിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയെ രാഷ്ട്രീയവല്‍ക്കരിച്ച് ദളിത് പീഡനമായി ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ നിരാലംബനായ ദളിത് ബാലന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും നിശബ്ദത പാലിച്ചു. ദളിതരുടെ ചോരയും കണ്ണീരും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്ന നഗ്നമായ ഇരട്ടത്താപ്പാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.