തമ്പുരാന്‍ വാഴ്ച അനുവദിക്കരുത്

Monday 22 May 2017 6:41 pm IST

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍

മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎമ്മുകാരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് നിസ്സാരമായി കാണാനാവില്ല. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയും ഭൂസംരക്ഷണസേന പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു എന്നുതുമാത്രമല്ല, പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നു എന്നതും അതീവ ഗൗരവത്തിലെടുക്കണം.

സ്ഥലത്തെത്തിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശം പോലീസ് പുച്ഛിച്ചുതള്ളിയത് ഗുരുതരമായ അച്ചടക്കലംഘനമാണ്; ഉത്തരവാദിത്വ ലംഘനവും. നടപടിയെടുക്കാത്തതിന് കാരണം എഴുതി നല്‍കാന്‍ പോലീസിനോട് സബ് കളക്ടര്‍ക്ക് ആവശ്യപ്പെടേണ്ടിവന്നു. അധികാരമുള്ള മേലുദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിക്കാതെ പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ക്കുന്ന പോലീസുകാര്‍ ഒരു നിമിഷംപോലും സേനയിലുണ്ടാകരുത്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സിപിഎമ്മുകാരന്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഷെഡുകള്‍ ഭൂസംരക്ഷണസേന പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ വെല്ലുവിളിയുമായെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ തടയുന്നതിനുവേണ്ടിയാണ് റവന്യു വകുപ്പ് അടുത്തിടെ പോലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണ സേന രൂപവത്കരിച്ചത്.

മൂന്നാറില്‍ സിപിഎം ഒത്താശയോടെ വ്യാപകമായ കൈയ്യേറ്റം നടക്കുന്നു എന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. മന്ത്രി എം.എം. മണിയെപ്പോഴുള്ള സിപിഎം നേതാക്കള്‍ അക്കാര്യം സമ്മതിക്കുകയും ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നുമുണ്ട്. പണ്ട് കുത്തക മുതലാളിയായ ടാറ്റയായിരുന്നു കുടിയേറ്റക്കാരനെങ്കില്‍ ടാറ്റയ്ക്കു മൂര്‍ദാബാദ് വിളിച്ച തൊഴിലാളിവര്‍ഗ പാര്‍ട്ടികളും അവരുടെ നേതാക്കളുമാണ് ഇന്നത്തെ അനധികൃത കുടിയേറ്റക്കാര്‍. സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ രാജേന്ദ്രനും ജോയ്‌സ് ജോര്‍ജ് എംപിയും മറ്റും അടങ്ങുന്നവരാണ് കുടിയേറ്റക്കുറ്റവാളികളുടെ നേതാക്കള്‍. നേതാക്കള്‍ക്ക് എന്തുമാകാമെങ്കില്‍ അനുയായികള്‍ക്കും ആകാമല്ലോ. രാജേന്ദ്രന്റെ വീടിരിക്കുന്നത് കുടിയേറ്റ ഭൂമിയിലാണ്.

മൂന്നാറിലെ ഏറ്റവും കണ്ണായ സ്ഥലത്ത് പത്തേക്കറോളം ഭൂമിയാണ് സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തിരിക്കുന്നത്. സിപിഐയും ഇക്കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ഒന്നുമില്ലാത്തവന്റെ പേരുപറഞ്ഞ് നേതാക്കള്‍ കയ്യേറിയ സ്ഥലം സംരക്ഷിക്കാന്‍ പാവപ്പെട്ടവനെ പരിചയാക്കുകയാണ് ഈ നേതാക്കള്‍. വലിയ നേതാക്കള്‍ ഇങ്ങനെ കയ്യേറ്റക്കാരായി മുന്നില്‍നില്‍ക്കുന്നതുകൊണ്ട് സ്ഥലം കയ്യേറിയ കുട്ടി സഖാക്കള്‍ക്കും ധൈര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനും രാജേന്ദ്രന്‍ സ്ഥലം കയ്യേറിയിട്ടില്ലെന്ന പക്ഷക്കാരനാണ്. നേതാക്കള്‍ കുറ്റം ചെയ്താല്‍ അതിനെ തിരുത്തുന്നതിനു പകരം ശരിയാക്കുന്ന പാര്‍ട്ടി സിപിഎമ്മിനെപ്പോലെ ലോകത്തൊരിടത്തും ഉണ്ടായിരിക്കില്ല. ഇപ്പോഴത്തെ പ്രശ്‌നം മൂന്നാറില്‍ ആരാണിപ്പോള്‍ സ്ഥലം കൈയ്യേറാത്തതെന്നാണ്. വലിയ വിപ്ലവകാരിയായി ചമയുന്ന ജോയ്‌സ് ജോര്‍ജ് എംപിക്കു പിന്നാലെ സിപിഎം നേതാവ് ജോണ്‍ ജേക്കബും ഭൂമിതട്ടിപ്പ് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിട്ട് കുറച്ചുനാളായി. ഭൂമാഫിയയെ ഒതുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചതോടെയാണിത്. സബ് കളക്ടര്‍ക്കെതിരെ ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സിപിഎമ്മും കര്‍ഷക സംഘവും സമരവും നടത്തി. മന്ത്രി എം.എം. മണി സബ്കളക്ടര്‍ക്കെതിരെ പുലയാട്ട് തന്നെ നടത്തി. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയാല്‍ ഇരുകാലില്‍ മടങ്ങില്ലന്ന ഭീഷണി മന്ത്രി മുഴക്കി. റവന്യു വകുപ്പ് സിപിഐയുടെ കൈയ്യിലായതിനാലും ജനവികാരം കണക്കിലെടുത്തും സബ് കളക്ടറെ പെട്ടന്ന് മാറ്റാനാകാത്ത സാഹചര്യമുണ്ടായി. അവസാനം സത്യഗ്രഹസമരം നിര്‍ത്തി മുഖം രക്ഷിക്കേണ്ടിവന്നു.

ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയെ മന്ത്രിയും സിപിഎം എംഎല്‍എയും വീണ്ടും ന്യായീകരിക്കുന്നു എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. കയ്യേറ്റം ഒഴിപ്പാക്കാനെത്തിയ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടി തരംതാണ നാടകമെന്നാണ് ദേവികുളം എംഎല്‍എ രാജേന്ദ്രന്‍ ആരോപിക്കുന്നത്. അതിനു കൂട്ടുനില്‍ക്കുന്ന റവന്യൂ മന്ത്രിക്ക് വേറെ പണിയില്ലേയെന്നും സിപിഎം എംഎല്‍എ ചോദിക്കുന്നു. റവന്യുമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനെ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളെ കൂട്ടുപിടിച്ച് സബ്കളക്ടര്‍ ഹീറോയാകാന്‍ ശ്രമിക്കുകയാണെന്നും ഭരണകക്ഷി എംഎല്‍എ ആരോപിക്കുന്നു. സിപിഐയില്‍നിന്ന് റവന്യു വകുപ്പ് എടുത്തുമാറ്റുമെന്ന ഭീഷണിയാണ് മന്ത്രി മണി മുഴക്കിയത്.

വകുപ്പ് തീറെഴുതി കൊടുത്തിട്ടില്ലെന്ന് ഓര്‍ക്കണമെന്ന മണിയുടെ മുന്നറിയിപ്പിന് കേരളത്തില്‍ തമ്പുരാന്‍ വാഴ്ച്ചയല്ലെന്ന മറുപടി സിപിഐ കൊടുത്തെങ്കിലും സര്‍ക്കാറിന്റെ കെട്ടുറപ്പിനുനേരെയുള്ള ചോദ്യചിഹ്നമാണിത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരിക്കുകയാണ്. ഇതിലും വലിയ നാണം കെട്ട അവസ്ഥയുണ്ടോ?
ഇതൊരു സിപിഎം-സിപിഐ പ്രശ്‌നമായി ചുരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വന്‍ കയ്യേറ്റക്കാരുടെ പട്ടികയില്‍ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഉള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടാകില്ല. ബിജെപിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നു. ആറന്മുള മാതൃകയില്‍ കയ്യേറ്റത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ കേരളം പ്രതീക്ഷയോടെയാണ് നോക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.