ചിറക്കടവില്‍ വികസന സെമിനാര്‍ ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

Thursday 13 April 2017 9:53 pm IST

പൊന്‍കുന്നം: അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങാന്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വികസനസെമിനാറില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2017-18 വര്‍ഷത്തെ ബജറ്റില്‍ അങ്കണവാടി കെട്ടിടങ്ങള്‍ പണിയാന്‍ സ്ഥലം വാങ്ങാന്‍ 1.25 കോടി രൂപ വകയിരുത്തിയിരുന്നു. കരട് പദ്ധതി അംഗീകരിക്കുവാന്‍ ചേര്‍ന്ന വികസനസെമിനാറില്‍, ആരെങ്കിലും സ്ഥലം സൗജന്യമായി നല്‍കിയാല്‍ കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കാമെന്ന് പ്രസിഡന്റ് അറിയിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ന20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഭൂരിപക്ഷം വാര്‍ഡിലെയും അങ്കണവാടികള്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. കെട്ടിടം പണിയാന്‍ ഐസിഡിഎസ് ഫണ്ടുള്ളതിനാല്‍ പഞ്ചായത്തിന്റെ പണം അതിനാവശ്യമില്ലെന്നും സ്ഥലം വാങ്ങാനാണ് പണം അനുവദിക്കേണ്ടതെന്നും ബിജെപി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഗ്രാമസഭകളുടേയും വര്‍ക്കിംഗ് ഗ്രൂപ്പുകളുടേയും നിര്‍ദേശങ്ങള്‍ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി അവഗണിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷത്തെ പദ്ധതി രൂപീകരിക്കുമ്പോള്‍ അങ്കണവാടികള്‍ക്ക് ഭൂമി വാങ്ങാന്‍ തുക വകയിരുത്തുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ബജറ്റ് പാസാക്കുവാന്‍ ബിജെപി അംഗങ്ങളും കൂട്ടുനിന്നത്. കരട് പദ്ധതി ചര്‍ച്ച ചെയ്യാന്‍ കൂടിയ വികസന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിപ്പോവുകയായിരുന്നു.സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതി രൂപവത്ക്കരിക്കുന്നതു വരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവും ബിജെപി ജില്ലാ ട്രഷററുമായ കെ.ജി. കണ്ണന്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, മണ്ഡലം സെക്രട്ടറി പി.ആര്‍. ഗോപന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വൈശാഖ്.എസ്. നായര്‍, ഉഷ ശ്രീകുമാര്‍, സോമ അനീഷ്, വി.ജി. രാജി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.