നോട്ടുക്ഷാമം രൂക്ഷം; കൈനീട്ടത്തിനും കാശില്ല

Monday 22 May 2017 6:17 pm IST

കൊച്ചി: നോട്ടുക്ഷാമം വിഷു ആഘോഷത്തിന്റെ നിറം കെടുത്തുന്നു. കൈനീട്ടം നല്‍കാന്‍ പോലും കാശില്ലാത്ത അവസ്ഥയിലാണ് ജനം. എ.ടി.എമ്മുകള്‍ കാലിയായി. ചില ബാങ്കുകള്‍ പതിനായിരം രൂപവരെ നേരിട്ടെത്തിയവര്‍ക്ക് നല്‍കി. എന്നാല്‍, പല ബാങ്കുകളിലും നേരിട്ട് പിന്‍വലിക്കാനെത്തുന്നവര്‍ക്ക് നല്‍കാനും പണമില്ലാത്ത അവസ്ഥയായിരുന്നു. നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് കാട്ടി കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് അധികൃതര്‍ ജില്ലാ ലീഡ് ബാങ്കിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ചയും ബാങ്കുകള്‍ക്ക് നോട്ട് ലഭിച്ചില്ല. ഒരാഴ്ച മുമ്പാണ് കറന്‍സി നോട്ടുകള്‍ക്ക് ക്ഷാമം തുടങ്ങിയത്. ട്രക്ക് സമരമാണ് നോട്ടുക്ഷാമത്തിന് കാരണമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍, ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായാണ് കറന്‍സികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്. നോട്ടുക്ഷാമം മൂലം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ന നേരിട്ടെത്തിക്കുന്ന പെന്‍ഷനാണ് മുടങ്ങിയത്. ഓണ്‍ലൈന്‍ വഴിയുള്ള ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്തുന്നുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാട് തുടങ്ങിയ പലരും പിന്നീട് അതുമായി മുന്നോട്ടുപോകാതിരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.