സെവന്‍സ് പ്രൊഫഷണല്‍ ലീഗ് ഗോവയില്‍

Monday 22 May 2017 6:57 pm IST

മഡ്ഗാവ്: കാല്‍പ്പന്തുകളിയില്‍ കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന സെവന്‍സിന് ഗോവയില്‍ പ്രൊഫഷണല്‍ ലീഗ്. സാല്‍ഗോക്കര്‍, ഡെംപോ, ചര്‍ച്ചില്‍, സെസ ഗോവ തുടങ്ങി ഗോവന്‍ പ്രൊഫഷണല്‍ ലീഗിലെ മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ഗോവന്‍ സെവന്‍സ് പ്രീമിയര്‍ ലീഗിന് ഈ മാസാവസാനം പന്തുരുളും. മഡ്ഗാവിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തോട് ചേര്‍ന്ന് സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഗോവയിലെ ആദ്യ സെവന്‍സ് മാമാങ്കം അരങ്ങേറുന്നത്. ഗോവ ഫുട്‌ബോള്‍ അസോസിയേഷന്റെ പിന്തുണയോടെ ഗോവ സെവന്‍സ് ആണ് ലീഗ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ സെവന്‍സ് പ്രീമിയര്‍ ലീഗ് (എസ് പി എല്‍) സംഘടിപ്പിക്കുന്ന എന്‍ സ്‌പോര്‍ട്‌സാണ് ലീഗിന്റെ കണ്‍ള്‍ട്ടന്റും, സ്ട്രാറ്റജിക് പാട്ണറും. ഏപ്രില്‍ 30ന് ലെജന്‍ഡ്‌സ് ഓഫ് കേരളയും, ഗോവ ലെജന്‍ഡ്‌സും തമ്മിലുള്ള പ്രദര്‍ശന മത്സരത്തോടെയാണ് ലീഗിന്റെ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന് കേരളം സംഭാവന നല്‍കിയ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു, ജോപോള്‍ അഞ്ചേരി തുടങ്ങി എക്കാലത്തെയും മികച്ച താരങ്ങളാണ് ലെജന്‍ഡ്‌സ് ഓഫ് കേരളയ്ക്കായി കളിക്കുക. കേരളത്തില്‍ നിന്നുള്ള സംഘാടകരുടെ മേല്‍നോട്ടത്തിലാണ് പുല്‍മൈതാനവും, 10,000 പേര്‍ക്കിരിക്കാവുന്ന താല്ക്കാലിക മെറ്റല്‍ ഗാലറിയും ഒരുക്കുന്നത്. കേരളാ സെവന്‍സിന്റെ അതേ നിയമാവലിയാണ് ഗോവ സെവന്‍സും പിന്തുടരുന്നത്. ഗോവയിലെ ഒരു ടൂറിസം ഇവന്റായി ലീഗിനെ മാറ്റാനാണ് സംഘാടകരുടെ പദ്ധതി. അണ്ടര്‍ 17 ലോകകപ്പ് വേദിയാണ് ഗോവ. ഒക്‌ടോബറിലെ ലോകകപ്പിന് മുന്‍പേ നടക്കുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ വിരുന്നായിരിക്കും ജിഎസ്പിഎല്‍ എന്നാണ് കണക്കുകൂട്ടുന്നത്. മെയ് 14 നാണ് ഫൈനല്‍. ഗോവന്‍ ഫുട്‌ബോളിലെ പ്രമുഖ കളിക്കാരെല്ലാം സെവന്‍സ് ലീഗ് കളിക്കും. കേരളത്തില്‍ നിന്ന് റഫറിമാരും സാങ്കേതിക വിദഗ്ധരും ലീഗിന്റെ ഭാഗമാകും. ദേശീയ തലത്തില്‍ സെവന്‍സ് ഫുട്‌ബോളിനെ അവതരിപ്പിക്കുക എന്ന ലക്ഷ്യവും ഗോവന്‍ ലീഗിനുണ്ട്. തെലുങ്കാന, തമിഴ്—നാട്, മിസോറാം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും സെവന്‍സ് ലീഗ് തുടങ്ങാന്‍ താല്പര്യം കാണിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സെവന്‍സ് പ്രീമിയര്‍ ലീഗ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.