കയ്യേറ്റക്കാര്‍ക്ക് കവചമൊരുക്കുന്ന പോലീസ് നിലപാട്: സബ്കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും

Monday 22 May 2017 7:01 pm IST

ഇടുക്കി: മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് നടപടിക്കെതിരെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിന് നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ കയ്യേറ്റം പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു. സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ്കളക്ടര്‍ പോലീസിനോട് പറഞ്ഞപ്പോള്‍ പരാതിയുണ്ടേല്‍ എഴുതി നല്‍കാന്‍ എസ്.ഐ പറഞ്ഞതാണ് വിവാദമായത്. അഡീഷണല്‍ മജിസ്‌ട്രേറ്റ് റാങ്കിലുള്ള സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതിന് ദേവികുളം എസ്.ഐക്കും അഡീഷണല്‍ എസ്.ഐക്കുമെതിരെ ശക്തമായ പരാമര്‍ശം സബ്കളക്ടര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. പോലീസ് കയ്യേറ്റക്കാര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് മൂന്നാഴ്ച മുന്‍പ് പാപ്പാത്തിച്ചോലയില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കലിലുമുണ്ടായത്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ അഡീഷണല്‍ തഹസീല്‍ദാരുടെ വാഹനം മണിക്കൂറുകളോളം തടഞ്ഞിട്ടിട്ടും പോലീസ് കാഴ്ചക്കാരായി നിന്നു. തഹസീല്‍ദാരുടെ വാഹനം തടയാന്‍ ഉപയോഗിച്ച ജീപ്പ് ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ മാഫിയ സംഘങ്ങളെ പിടികൂടാനും ശാന്തന്‍പാറ പോലീസ് തയ്യാറായില്ല. ഈ കേസ് ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. പോലീസും കയ്യേറ്റക്കാരും തമ്മില്‍ നടത്തുന്ന ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും റവന്യൂ വകുപ്പിനുണ്ട്. ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവത്തില്‍ സിപിഎമ്മുകാരെ ആക്ഷേപിക്കുന്ന രീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ ഭൂസംരക്ഷണ സേന അംഗത്തിനെതിരെ കേസെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. സബ്കളക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാപോലീസ് മേധാവി നിര്‍ബന്ധിതനാകും. കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞത് സംബന്ധിച്ച് കെഡിഎച്ച് വില്ലേജിന്റെ ചുമതലക്കാരനായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേവികുളത്ത് പോലീസിന്റെ സഹായം ഇല്ലാതെ കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹായവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സബ് കളക്ടര്‍ക്കെതിരെ വീണ്ടും എസ്. രാജേന്ദ്രന്‍ എംഎല്‍എ മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷവിമര്‍ശനവുമായി സ്ഥലം എംഎല്‍എ എസ്.രാജേന്ദ്രന്‍. ദേവികുളം പൊലീസ് സ്‌റ്റേഷന് സമീപത്ത് സ്ഥലം കയ്യേറി ഷെഡ്ഡ് വയ്ക്കാന്‍ പ്രേരണ നല്‍കിയത് സബ് കളക്ടര്‍ തന്നെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സബ് കളക്ടര്‍ ജനങ്ങളെ പറ്റിക്കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസുമായി പോകുന്നതിന് പകരം മാദ്ധ്യമങ്ങളുമായാണ് ദേവികുളത്തെത്തിയത.് സബ് കളക്ടര്‍ അഭിനയിക്കുകയാണെന്ന് കരുതേണ്ടിവരും. കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സബ് കളക്ടര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. സബ്കളക്ടറുടെ അഭിനയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎം കയ്യേറ്റത്തിന് എതിരാണ്. മൂന്നാറില്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.