നാഗ്പൂര്‍: റുപേ കാര്‍ഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തിയതിലൂടെ ശ്രദ്ധ മെംഗ്ഷേറ്റെ നേടിയത് ഒരു കോടി രൂപയുടെ സമ്മാനം. തന്റെ പുതിയ മൊബൈല്‍ ഫോണിന്റെ മാസ തവണ അടക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി റുപേ കാര്‍ഡ് ഉപയോഗിച്ചത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ സമ്മാന പദ്ധതികളായ ലക്കി ഗ്രഹക്ക് യോജന, ഡിജി ധന് വ്യാപാര്‍ യോജന എന്നീ പേരുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ലക്കി ഗ്രഹക്ക് യോജന എന്ന സമ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമാണ്ശ്രദ്ധ നേടിയത്. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് ശ്രദ്ധയുടെ സ്വദേശം.
ലക്കി ഗ്രഹക്ക് യോജന രണ്ടാം സമ്മാനം നേടിയത് ഗുജറാത്തില്‍ നിന്നുള്ള അധ്യാപകനാണ്. 1100 രൂപയുടെ ഇടപാട് നടത്തിയ ഹര്‍ദിക് കുമാറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ നേടിയത്.
100 രൂപക്ക് ഇടപാട് നടത്തി സമ്മാന പദ്ധതിയില്‍ പങ്കെടുത്ത ഉത്തരാഖണ്ഡില്‍ നിന്നുള്ള ഭരത് സിംഗ് മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ നേടി. 258 കോടി രൂപയാണ് രാജ്യം മുഴുവന്‍ സമ്മാനമായി നല്‍കിയത്.
വിജയികളായവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: