അമേരിക്കയ്ക്ക് കൊറിയയുടെ മുന്നറിയിപ്പ്; ആക്രമണം ഉണ്ടായാല്‍ തിരിച്ചടി

Monday 22 May 2017 5:21 pm IST

സോള്‍: സായുധ വെല്ലുവിളി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്ക കടുത്ത തിരിച്ചടി നേരിടുമെന്ന് ഉത്തരകൊറിയ. രാഷ്ട്രസ്ഥാപകന്‍ കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങില്‍ നടന്ന സൈനിക പരേഡിനിടെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഒട്ടും ദയയില്ലാതെ നടത്തുന്ന തിരിച്ചടി അമേരിക്കയെ മാത്രമല്ല, പിന്തുണ നല്‍കുന്ന രാജ്യങ്ങളെയും ബാക്കിവയ്ക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിസായ കെസിഎന്‍എന്‍ അറിയിച്ചു. ഏകാധിപതി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ച സൈനിക പരേഡില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം അണിനിരന്നു. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ആദ്യമായാണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക സന്നാഹങ്ങളും വിപുലമായി പരേഡില്‍ അണിനിരന്നു. അതേസമയം ഉത്തരകൊറിയ ഏത് നിമിഷവും ആണവപരീക്ഷണം നടത്തിയെക്കുമെന്ന് ദക്ഷിണകൊറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുളള ഒരുക്കങ്ങള്‍ ആസ്ഥാനമായ പ്യോങ്യാങില്‍ പൂര്‍ത്തിയായെന്നും ദക്ഷിണ കൊറിയ പറയുന്നു. യുദ്ധ ഭയം ഉത്തരകൊറിയയുടെ ഭരണസംവിധാനത്തെ തകര്‍ക്കുമെന്നും അതിര്‍ത്തികളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന വ്യക്തമാക്കി. ആസന്നമായ യുദ്ധത്തെ തടയാന്‍ ബന്ധപ്പെട്ടവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും അതീവജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാമെന്ന് ചൈന തീരുമാനിക്കുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. ഇല്ലെങ്കില്‍ ചൈനയുടെ സഹായമില്ലാതെ തന്നെ ഞങ്ങള്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍, സൈനികനീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യു.എന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യു.എസ് വ്യക്തമാക്കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.