ചക്കുവള്ളിയില്‍ വിജയിച്ചത് സഹനസമരം

Saturday 15 April 2017 4:38 pm IST

കുന്നത്തൂര്‍: 37 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 30 നാള്‍ നടന്ന സത്യാഗ്രഹ സമരത്തിനും ഒടുവില്‍ ശുഭസമാപ്തി. കേസ് ആരംഭിച്ച നാള്‍ മുതല്‍ക്ക് തന്നെ എല്ലാ കോടതിവിധികളും ദേവസ്വംബോര്‍ഡിന് അനുകൂലമായിരുന്നു. ഒടുവില്‍ ഹൈക്കോടതി വരെ കയ്യേറ്റക്കാരുടെ ആവശ്യങ്ങള്‍ തള്ളി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും റവന്യൂ, പോലീസ് അധികൃതരെ ഭീഷണിപ്പെടുത്തി സിപിഎമ്മും സോമപ്രസാദ് എംപിയും അതിനും തടയിട്ടു. അതോടെയാണ് പ്രത്യക്ഷസമരപരിപാടികളുമായി വിവിധ ഹൈന്ദവസംഘടനകള്‍ രംഗത്തിറങ്ങുന്നത്. ഹൈക്കോടതി കൈയ്യേറ്റം ഒഴിയാന്‍ അനുവദിച്ച 30 ദിവസം വരെ സമാധാനപാതയില്‍ സംഘടനകള്‍ സമരം നടത്തി. അതിനിടയില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച സിപിഎം കൈയ്യേറ്റഭൂമി ഒഴിപ്പിക്കല്‍ തടയാന്‍ ഭരണപരമായി വലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. ദേവസ്വംമന്ത്രിയുടെ വരെ ഇടപെടലുണ്ടായി. ഹൈന്ദവസമരം അക്രമാസക്തമാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐയുടെ കൂടെ ചേര്‍ന്ന് സിപിഎം ശ്രമം നടത്തി. സമരക്കാര്‍ സംയമനം പാലിച്ചതിനാല്‍ ആ ഗൂഡലക്ഷ്യവും നടന്നില്ല. 33 കൈയ്യേറ്റക്കാരില്‍ 24 പേര്‍ സുപ്രീംകോടതിയെ ഹൈക്കോടതിവിധി റദ്ദാക്കാനും പുനരധിവാസത്തിനുമായി സമീപിച്ചു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും തള്ളിയ കോടതി ബാധ്യതകള്‍ തീര്‍ത്ത് ആറ് മാസത്തിനകം ഒഴിഞ്ഞു പോകാന്‍ ഉത്തരവ് നല്‍കി. രണ്ടാഴ്ച്ചക്കകം സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഇന്നലെ രാവിലെ തന്നെ ഭക്തജനസംഗമത്തിനായി ആയിരത്തോളം പേരാണ് എത്തിയത്. ക്ഷേത്രഭൂമിയിലെ കൈയ്യേറ്റമൊഴിപ്പിച്ച് ഭൂമി തിരിച്ച് പിടിക്കാനായിരുന്നു ഭക്തജന സംഗമം നടന്നതെങ്കിലും സുപ്രീം കോടതിവിധിയെ മാനിച്ച് അതിന് മുതിര്‍ന്നില്ല. ആദ്യം ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെയും പിന്നീട് എസ്പി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടന്നെങ്കിലും അനുരഞ്ജനത്തിലെത്തിയില്ല. തുടര്‍ന്നാണ് കളക്ടര്‍ ടി.മിത്ര നേരിട്ട് ചര്‍ച്ചക്കെത്തുന്നത്. ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചക്കിടയില്‍ നിന്ന് ഇടയ്ക്ക് ഹൈന്ദവ നേതാക്കള്‍ ഇറങ്ങി പോവുകയുമുണ്ടായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കക്ഷി ചേരാത്തവരുടെ 9 കടകള്‍ 15ന് പൊളിച്ചു മാറ്റാന്‍ തീരുമാനമായി. ഈ കടകള്‍ വൈകിട്ട് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നമ്പരിട്ടു മാറ്റി. കട ഒഴിയാന്‍ കൂടുതല്‍ സമയം ലഭിച്ചവര്‍ ഇന്നലെ മുതല്‍ കച്ചവടം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ഹൈന്ദവസംഘടനാ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കളക്ടര്‍ അനുമതി നല്‍കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.