ഹിന്ദു മാര്യേജ് ആക്ട്: പാക്കിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് ആശ്വാസം

Monday 22 May 2017 1:49 pm IST

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ വടക്കന്‍ നഗരമായ ധരാക്കിയില്‍ താമസിക്കുന്ന സപ്‌ന ഗോബിയ എന്ന ഇരുപത്തഞ്ചുകാരി വിവാഹിതയാവുന്നു എന്ന വാര്‍ത്തയില്‍ അത്ര വിശേഷമൊന്നുമില്ല. പക്ഷേ, വിവാഹത്തിനു ശേഷം സപ്‌നയ്ക്ക് ഒരു മാര്യേജ് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്നതിനു പ്രാധാന്യം ഏറെയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് ആശ്വാസമായി പുതിയ ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നു. ഇത്രയും കാലം പാക്കിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവാഹം സത്യത്തില്‍ ഒരു പേടിസ്വപ്‌നമായിരുന്നു. നിയമപരമായി യാതൊരു അംഗീകാരവുമില്ലാത്ത ഒരു ചടങ്ങ് മാത്രമായിരുന്നു അത്. താന്‍ വിവിവാഹിതയാണെന്നു പറഞ്ഞാലും ആരും അംഗീകരിക്കാത്ത അവസ്ഥയിലായിരുന്നു ഈ പെണ്‍കുട്ടികള്‍. വിവാഹം കഴിഞ്ഞാലും തട്ടിക്കൊണ്ടുപോയി, മതംമാറ്റി മറ്റാരുടെയെങ്കിലും ഭാര്യയെപ്പോലെ ജീവിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഹിന്ദു മാര്യേജ് ആക്ട് 2017, എന്ന ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ക്ക് കുറച്ചെങ്കിലും മാറ്റമുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഹിന്ദു സമൂഹം. ഈ നിയമ പ്രകാരം വിവാഹം കഴിഞ്ഞാല്‍ അത് അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കഴിഞ്ഞ മാസം 19നാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. നിര്‍ബന്ധിച്ചു മതംമാറ്റുന്നതടക്കമുള്ള അക്രമങ്ങളില്‍ നിന്നു രക്ഷപെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സപ്‌ന അടക്കമുള്ള പെണ്‍കുട്ടികള്‍. വിവാഹത്തിന് സര്‍ക്കാര്‍ അംഗീകാരം കിട്ടുന്നു. അതോടെ ഭര്‍ത്താവില്‍ നിന്ന് ഞങ്ങളെ ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയില്ല. അത്തരം ശ്രമങ്ങള്‍ ഇനി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ഈ നിയമത്തിലൂടെ ഉറപ്പിക്കുകയാണ്, സപ്‌ന പറയുന്നു. വിവാഹിതരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നത് പതിവായിരുന്നെന്ന് ഹിന്ദു സംഘടനാ നേതാവും അഭിഭാഷകനുമായ അര്‍ജുന്‍ ദാസ് പറയുന്നു. ഇതിന് ഒരു പരിധി വരെ അവസാനമാവും എന്നാണ് അര്‍ജുന്‍ കരുതുന്നത്. ഹിന്ദു മാര്യേജ് ആക്ടിനെ ചരിത്രപരം എന്നാണ് നിയമമന്ത്രി സാഹിദ് ഹമീദ് വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.