ഭുവനേശ്വറിലും ശ്രദ്ധാകേന്ദ്രമായി യോഗി ആദിത്യനാഥ്

Monday 22 May 2017 1:55 pm IST

ഭുവനേശ്വര്‍: ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി നടക്കുന്ന ജനതാ മൈതാനിലെ പ്രത്യേക സമ്മേളന നഗരിയിലെ ശ്രദ്ധാകേന്ദ്രമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഉജ്ജ്വല വിജയത്തിന് ശേഷം നടക്കുന്ന ആദ്യ നിര്‍വാഹക സമിതിയോഗത്തിനെത്തിയ യോഗി ആദിത്യനാഥിന് വലിയ സ്വീകരണമാണ് ബിജെപി ഒറീസ ഘടകം നല്‍കിയത്. സമ്മേളന നഗരിയിലും യോഗി ആദിത്യനാഥിന് പ്രത്യേക സ്ഥാനം ലഭിച്ചത് ശ്രദ്ധേയമായി. യോഗം നടക്കുന്ന ഹാളിനകത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യോഗി ആദിത്യനാഥിന്റെ ചിത്രം സ്ഥാപിച്ചതും ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആദിത്യനാഥും സ്ഥാനം പിടിച്ചത്. ബിജെപി മുഖ്യമന്ത്രിമാരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ സമ്മേളന ഹാളിന് പുറത്ത് സ്ഥാപിച്ചപ്പോഴാണ് യോഗിയുടെ ചിത്രം ഹാളിനകത്ത് ഇടംപിടിച്ചത് ശ്രദ്ധേയമായത്. നാളെയാണ് മുഖ്യമന്ത്രിമാര്‍ക്ക് ദേശീയ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കാന്‍ അവസരം. യോഗിയുടെ പ്രസംഗം ഏവരും ഉറ്റുനോക്കുന്നതായി സമ്മേളന പ്രതിനിധികളും പറയുന്നു. സമ്മേളന നഗരിക്ക് പുറത്തും യോഗി ആദിത്യനാഥ് തന്നെയാണ് ഏവരുടേയും സംസാര വിഷയം. തങ്ങളെല്ലാം അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയാണെന്ന് ഭുവനേശ്വര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ഭുര്‍ജയ ആചാര്യ പറയുന്നു. അതിവേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലും അവ കൃത്യമായി നടപ്പാക്കുന്നതിലും മികച്ച കഴിവ് പ്രകടിപ്പിക്കുന്ന യോഗിയുടെ ഭരണം ഒറീസയ്ക്ക് മാതൃകയാക്കാനാവുന്നതാണെന്ന് മറ്റൊരു പ്രവര്‍ത്തകന്‍ കുമാര്‍ പാണ്ഡ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.