സിപിഎം - സിപിഐ പോര് കയ്യാങ്കളിയിലേക്ക്

Saturday 15 April 2017 9:22 pm IST

തൃശൂര്‍: തൃശൂരില്‍ സിപിഎം-സിപിഐ പോര് കയ്യാങ്കളിയിലേക്ക്. എടവിലങ്ങില്‍ കഴിഞ്ഞ ദിവസം സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണുണ്ടായതോടെ ജില്ലയില്‍ തുറന്നപോരിലേക്ക് നീങ്ങുകയാണ് സിപിഎം-സിപിഐ ഭിന്നത. സര്‍ക്കാരിലും സംസ്ഥാന നേതൃതലത്തിലും രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഏറ്റുമുട്ടലുകള്‍ എല്‍ഡിഎഫിന് തലവേദനയാവുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ആണ് തുടക്കം. നാട്ടിക എസ്എന്‍ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ആഴ്ചള്‍ക്ക് മുമ്പ് ആക്രമിച്ചിരുന്നു. നാട്ടിക, ചേര്‍പ്പ് മേഖലകളില്‍ സിപിഐയുടെ കൊടികളും വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു. എടവിലങ്ങ്, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകളില്‍ ജില്ലയിലെ സിപിഎം നേതൃത്വം അസംതൃപ്തരാണ്. അതുകൊണ്ട് സംഘര്‍ഷം തീര്‍ക്കുന്ന കാര്യത്തില്‍ തല്‍ക്കാലം ഇടപെടാതെ മാറിനില്‍ക്കുകയാണ് സിപിഎം ജില്ല നേതൃത്വം. സിപിഐക്കാര്‍ അടിവാങ്ങുന്നത് തുടരട്ടെ എന്ന നിലപാടിലാണ് അവര്‍. ഇന്ത്യന്‍ കോഫിഹൗസ് സമരം പോലുള്ള നിര്‍ണായക പ്രശ്‌നങ്ങളില്‍ സിപിഐ മറുപക്ഷത്ത് നില്‍ക്കുന്നത് സിപിഎമ്മിനെ ചൊടിപ്പിക്കുന്നു. പാമ്പാടി നെഹ്‌റുകോളേജ് പ്രശ്‌നത്തിലും ജില്ലയിലെ മറ്റു ജനകീയ സമരങ്ങളിലും സിപിഎമ്മിനെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിലും സിപിഐ ശക്തമായ എതിര്‍നിലപാട് എടുത്തതോടെ സിപിഎം ഒറ്റപ്പെട്ടു. ജില്ല സഹകരണബാങ്കും അടാട്ട് ബാങ്കും പിരിച്ചുവിട്ട സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് സിപിഐ രംഗത്ത് വരാത്തതും സിപിഎം നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് സിപിഎമ്മുകാര്‍ സിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്നാണ് സൂചന. സംഘര്‍ഷങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമുണ്ടായിട്ടും അനുരഞ്ജനത്തിനോ ചര്‍ച്ചക്കോ മുന്‍കയ്യെടുക്കാതെ മൗനം പാലിക്കുകയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.