ആപല്‍ക്കരമായ രഹസ്യ അജണ്ടകള്‍

Monday 22 May 2017 3:31 pm IST

എറണാകുളത്ത് ചുംബനസമരത്തെ അനുകൂലിച്ചും എതിര്‍ത്തും നടന്ന പ്രകടനങ്ങള്‍

എള്ളുണങ്ങുന്നിടത്ത് കിടന്നുണങ്ങുന്ന കുറുഞ്ചാത്തന്‍മാരെക്കണ്ട് ചിരിവരുന്നുവെന്നാണ് കൊച്ചിയില്‍ നടന്ന ചുംബനസമരാഭാസത്തോടനുഭാവം പ്രകടിപ്പിക്കാന്‍ വേഷംകെട്ടിവന്ന പുരോഗമനക്കാരെക്കണ്ട് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ചുംബനസമരങ്ങള്‍ പോലുള്ള അരാജകവാദാഭാസങ്ങള്‍ക്കുപിന്നില്‍ കൃത്യമായ സാമ്പത്തിക അജണ്ടയുണ്ടെന്നും, വിപണിലക്ഷ്യമാക്കിയുള്ള പശ്ചാത്തലമൊരുക്കല്‍ സൃഷ്ടിച്ചെടുക്കലാണവരുടെ പ്രധാന ഉദ്ദേശ്യമെന്നും, ആ അജണ്ടകള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ‘പെയ്ഡ് ആക്ടിവിസ്റ്റു’കളാണ് ഇതിനുവേണ്ട സാഹചര്യമൊരുക്കുന്നതെന്നും വ്യക്തമാണ്. വിപണിയില്‍ സാധ്യതയുള്ള സെക്‌സ് മാര്‍ക്കറ്റിംഗിനും ഡ്രഗ്‌സ് മാര്‍ക്കറ്റിംഗിനും അനുകൂലമായ പശ്ചാത്തലസൗകര്യമൊരുക്കുക, സാമൂഹികാംഗീകാരം നേടിക്കൊടുക്കുക, ഇതാണ് പുരോഗമനപരമെന്നും മനുഷ്യത്വപരമെന്നും ഇതിനെതിരായുള്ള ശബ്ദങ്ങളെല്ലാം ഫാസിസമാണെന്നും വരുത്തിത്തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഓര്‍മ്മവരുന്നത് മൂന്നുവര്‍ഷംമുമ്പ് കേരളത്തിലങ്ങോളമിങ്ങോളം കുട്ടികളുടെയിടയില്‍ പ്രചരിക്കുന്ന കഞ്ചാവുവില്‍പ്പനയെയും, ഉപഭോഗത്തെയും പിടിക്കാന്‍വേണ്ടി പോലീസ് നടത്തിയ ശ്രമങ്ങളാണ്. സ്‌കൂള്‍, കോളജ് ക്യാമ്പസ്സുകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി ബോബ് മെറിലിയുടെ പടങ്ങളും, ജമൈക്കന്‍ പതാകയുടെ നിറങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങളുള്ള മാലകളും ഹെയര്‍ബാന്റുകളും റിസ്റ്റ് ബാന്റുകളും മോതിരങ്ങളും കാര്‍ഡുകളുമൊക്കെ വന്‍തോതില്‍ വിപണിയിലിറങ്ങിയിട്ടുണ്ടെന്നും, ഇവ കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും, ഈ നിറങ്ങളുടെയുദ്ദേശ്യം കഞ്ചാവുവില്‍പ്പനയാണെന്നും, അതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ ഇത്തരം നിറങ്ങളുടെ ഉപയോഗം വിലക്കണമെന്നും, പോലീസ് നിര്‍ദ്ദേശിച്ചു. ഈ നിറങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന കടകള്‍ റെയിഡ് ചെയ്യുന്ന സംഭവങ്ങളുമുണ്ടായി.

രാഹുല്‍ പശുപാലന്റെയും പങ്കാളിയുടെയും നേതൃത്വത്തില്‍ നടന്ന കിസ്സ് ഓഫ് ലൗ, ലൗ ഇന്‍ സ്ട്രീറ്റ്, കിസ്സ് എഗൈനിസ്റ്റ് ഫാസിസം എന്നിങ്ങനെയൊക്കെ ഓമനപ്പേരിട്ട് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ചുംബനസമരാഭാസം എങ്ങനെ ലൈംഗിക വ്യാപാരത്തിനും ലഹരി വ്യാപാരത്തിനും പശ്ചാത്തലമൊരുക്കിയെന്നത് നമ്മള്‍ കണ്ടതാണ്. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ് എന്ന മുദ്രാവാക്യം മുഴക്കി സമൂഹമാധ്യമങ്ങളില്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച സമരനായികയെയും കൂട്ടാളിയെയും ലൈംഗികവ്യാപാരത്തിനും അനാശാസ്യത്തിനും പോലീസ് പിടികൂടുന്നതാണ് പിന്നീട് കണ്ടത്. ഇവര്‍ നേതൃത്വം കൊടുത്ത ചുംബനസമരത്തെ മഹത്തരമെന്നും പുരോഗമനമെന്നും ഏറ്റുവിളിച്ച മാധ്യമങ്ങള്‍ സ്വന്തം മുഖംരക്ഷിക്കാന്‍ നടത്തിയ പാട് ചെറുതൊന്നുമല്ല. ഇതിനു പിന്നാലെ പുറത്തുവന്ന കഞ്ചാവുവില്‍പനയെയും ഉപയോഗത്തെയും ന്യായീകരിക്കുന്ന സിനിമകളും ഇതേ സ്വീകാര്യത ലക്ഷ്യമാക്കിയുള്ളതായിരുന്നു.

ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് മറ്റൊരു കാര്യമാണ്. പീഡോഫീലിയയെ (കുട്ടികളുടെ നേരെയുള്ള ലൈംഗികാഭിനിവേശം) ലെജിറ്റിമൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും, പുരോഗമനമെന്നവകാശപ്പെടുന്ന കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വഴിയും നടത്തുന്നു. ഉത്തരാധുനിക സാഹിത്യത്തിന്റെ പ്രത്യേകതയായും ഉത്തരാധുനികചിന്തയുടെ സ്വഭാവമായുമൊക്കെ പീഡോഫീലിയയെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ആധുനികസാഹിത്യകാരനെന്നു വാഴ്ത്തപ്പെട്ട ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ കോളറക്കാലത്തെ പ്രണയം എന്ന നോവലില്‍ നായകന്‍ തന്റെ ബന്ധുത്വത്തില്‍ത്തന്നെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ദീര്‍ഘകാലം ലൈംഗികബന്ധം പുലര്‍ത്തുന്നുണ്ടെന്നും, ഇത് പ്രണയത്തിന്റെ പ്രതീകമാണെന്നും, ലൈംഗികത കുട്ടികളുടെ വൈകാരികാവശ്യമാണെന്നുമൊക്കെ വാദങ്ങളുണ്ടായി. മനശ്ശാസ്ത്രജ്ഞനായ ഫ്രോയിഡിന്റെ തിയറികളൊക്കെ ഇതിനായുപയോഗിക്കപ്പെട്ടു. കുട്ടികള്‍ക്കും ലൈംഗികാവശ്യങ്ങളുണ്ടെന്നും, ജൈവികമായ അവരുടെ ആവശ്യങ്ങളെ നിയമംമൂലം നിഷേധിക്കുന്നത് ഫാസിസമാണെന്നും, അതിനാല്‍ ഭരണകൂടങ്ങള്‍ ഇത്തരം നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും മറ്റുമാണ് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍. വേശ്യാവൃത്തിയെ നിയമവിധേയമാക്കിയതുപോലെ, കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളെയും നിയമവിധേയമോ, നിയമാനുകൂല്യമുള്ളതോ ആക്കിത്തീര്‍ക്കുക എന്ന ഹിഡണ്‍ അജണ്ട ഈ ‘ലജിറ്റിമസി’ ശ്രമത്തിനുപിന്നിലുണ്ട്.

ഇതേപോലുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഭീകരവാദപ്രവര്‍ത്തനങ്ങളിലും കാണാം. ഏറെ വിവാദമായ ദേശീയഗാനനിന്ദയെ പുരോഗമനപക്ഷത്തുനിര്‍ത്താന്‍ ചില ആധുനികരെന്നവകാശപ്പെടുന്ന എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും നടത്തിയ ശ്രമങ്ങള്‍ നമ്മള്‍ കണ്ടതാണല്ലോ. ദേശീയതയും ദേശീയഗാനവും അടിച്ചേല്‍പ്പിക്കുന്നുവെന്നും, ഇത് മനുഷ്യാവകാശലംഘനമാണെന്നതരത്തിലുമായിരുന്നു ഇവരുടെ പ്രചാരണങ്ങള്‍. ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്നു പറയുന്നത് ഫാസിസമാണെന്നായിരുന്നു ഇവരുടെ ഭാഷ്യം. ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും മറ്റ് പ്രചാരണോപാധികളിലൂടെയും ദേശീയതാവിരുദ്ധപ്രവര്‍ത്തനങ്ങളാണ് പുരോഗമനം എന്നതരത്തിലുള്ള പൊതുബോധമുണ്ടാക്കിയെടുക്കുക, അതിനുവേണ്ടിയുള്ള സാമൂഹികാംഗീകാരങ്ങള്‍ നേടിയെടുക്കുക എന്നിങ്ങനയുള്ള ഗൂഢോദ്ദേശ്യങ്ങള്‍ ഇതിനുപിന്നിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള നിയമനടപടികളെപ്പോലും പ്രതിരോധിക്കാന്‍ ‘ലെജിറ്റിമസി’ തന്ത്രത്തിലൂടെ സാധ്യമാകുന്നുണ്ട്.

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ രാപ്പകല്‍ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരെക്കുറിച്ച് പുച്ഛംകലര്‍ന്ന പ്രചാരണങ്ങളഴിച്ചുവിടുന്നതിലൂടെയും അവരുദ്ദേശിക്കുന്നതിതുതന്നെ. പട്ടാളക്കാര്‍ ചെയ്യുന്നത് അവരുടെ ജോലിമാത്രമാണെന്നും, അതിനുള്ള ശമ്പളം അവര്‍ കൈപ്പറ്റുന്നുണ്ടെന്നും, കേവലമൊരു തൂപ്പുകാരന്റെ ജോലിയും അതിര്‍ത്തിരക്ഷകനും തമ്മില്‍ വ്യത്യാസമില്ലെന്നുമുള്ളതരത്തിലുള്ള നിസ്സാരവത്കരണങ്ങള്‍ പ്രമുഖ സാംസ്‌കാരികനായകര്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമയിടങ്ങളിലും മറ്റും നടത്തുന്നുവെന്നത് ഈ തന്ത്രങ്ങളില്‍ ആരൊക്കെ ഭാഗമാണ് എന്നു തെളിയിക്കുന്നു. ജനങ്ങളുടെ പൊതുബോധത്തില്‍ രാജ്യസുരക്ഷയെക്കുറിച്ചുള്ള അഭിമാനത്തിനു തുരങ്കംവെക്കുകയും, അതുവഴി അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റത്തെയും, ഭീകരവാദത്തെയും സ്വീകാര്യമാക്കിമാറ്റുകയെന്നതാണിവിടെ തന്ത്രം. ബോധപൂര്‍വ്വമായ ആസൂത്രണത്തിലൂടെ, കൃത്യമായ അജണ്ടകളിലൂടെ നടപ്പിലാക്കുന്നവയാണോരോന്നും.

കോളജ് മാഗസിനുകളായി തെറിപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും, കലാലയച്ചുവരുകളില്‍ വനിതാദിനത്തില്‍ തെറികളെഴുതി പ്രസിദ്ധപ്പെടുത്തുന്നതുമൊക്കെ ‘ലെജിറ്റിമസി’ തന്ത്രങ്ങളില്‍ വശംവദരായിപ്പോയവരാണ്. തെറിയെഴുത്തും ആഭാസവുമാണ് പുരോഗമനചിന്തയെന്ന ആശയം യുവതലമുറയുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ പെയ്ഡ് ആക്ടിവിസ്റ്റുകള്‍ക്ക് സാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രമുഖവിദ്യാര്‍ത്ഥിസംഘടനകള്‍പോലും ഇതിനു തയ്യാറാകുന്നതില്‍നിന്ന് മനസ്സിലാകുന്നത്. പീഡോഫീലിയയും ലൈംഗികാതിക്രമങ്ങളും ഭീകരവാദവും വിധ്വംസകവാദവും ദേശീയതാവിരുദ്ധപ്രവര്‍ത്തനങ്ങളും സ്വീകാര്യതയുള്ളതാക്കിയെടുത്ത്, തങ്ങള്‍ക്കനുകൂലമായി ഉഴുതുമറിച്ച മണ്ണില്‍ അപകടകരമായ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.