രണ്ടാഴ്ച്ചയ്ക്കിടെ ജലാശയങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍

Saturday 15 April 2017 9:44 pm IST

തൊടുപുഴ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ ജലാശയത്തില്‍ വീണ് പൊലിഞ്ഞത് ആറ് ജീവനുകളും. കുട്ടികളും യുവാക്കളുമടക്കം വിവിധ ദിവസങ്ങളിലായി വെള്ളത്തില്‍ വീണ് മരിച്ചത്. അവസാനമായി ഇന്നലെ തൊടുപുഴ ആറിന്റെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ 24 കാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വൈകിട്ട് കൂട്ടുകാരായ മറ്റ് രണ്ട് പേരോടുമൊത്ത് കുളിക്കാനിറങ്ങിയ മുതലയാര്‍മഠം കണ്ണോലില്‍ ആദര്‍ശിനാണ് ജീവന്‍ നഷ്‌പ്പെട്ടത്. കോളപ്ര തലയനാട് കഴിഞ്ഞ ആറാം തിയതി ഉണ്ടായ അപകടത്തില്‍ മൂലമറ്റം സ്വദേശി അഴകത്ത് ജോസിന്‍ (15) ആണ് മരിച്ചത്. മലങ്കര ജലാശത്തില്‍ കുട്ടി നീന്തുന്നതിനിടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ചെളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. തൊടുപുഴയാറ്റില്‍ നാഗര്‍കോവില്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് മരണമടഞ്ഞിരുന്നു. കഴിഞ്ഞ് 9 നാണ് മുത്തശ്ശിക്കൊപ്പം കുളിക്കാനിറങ്ങിയ ടെസ്റ്റസ് (15), പുള്ളര്‍ (13) എന്നിവര്‍ കാഞ്ഞിരമറ്റത്തെ കടവില്‍ ഒഴുക്കില്‍പ്പെട്ടത്. ഡാം അടച്ച് പിറ്റേ ദിവസമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ സാമാന്യം വെള്ളമുള്ളത് തിരച്ചറിയാതെ ഇറങ്ങുന്നതാണ് അപകടം ക്ഷണിച്ച് വരുന്നത്തുന്നത്. പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ ചേലച്ചുവട ്കത്തിപ്പാറ തടത്തിനാനിക്കല്‍ ബിനോയി (44) മരിക്കുന്നത് 13 നാണ്. മാതൃ സഹോദരന്റെ വീട്ടില്‍ പെസഹാ ആചരണത്തിനെത്തിയതായിരുന്നു ബിനോയിയും കുടുംബവും. മകളുടെ കണ്‍മുന്നില്‍ വച്ചാണ് ബിനോയി മുങ്ങി താന്നുപോയത്. ശാന്തമ്പാറ കുത്തുങ്കല്‍ സ്വദേശി സെല്‍വകുമാര്‍ (23)നെയും സമീപത്തെ ഡാമില്‍ മരിച്ച നിലയില്‍ ഇതേ ദിവസമാണ്. ബൈക്ക് ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പമെത്തുന്നവരെയാണ് കൂടുതലായും തൊടുപുഴ മേഖലയിലെ ജലാശത്തില്‍ വീണ് മരിക്കുന്നത്. മുന്നിലെ ചതിക്കുഴികളെ പറ്റി കൃത്യമായി അറിയാതെ ആഘോഷത്തിനായി ഇവിടെ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വന്‍ കെണികളാണ്. അപകട സാധ്യതയ ഉള്ള സ്ഥലത്തെ കുറിച്ച് കാര്യമായ ബോധവല്‍കരണം നടത്താത്തതും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതുമാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണാമാകുന്നത്. വേനല്‍ അവധി ആരംഭിച്ചതോടെ സല്ലപിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ജലാശയമായി കണ്ട് കൂട്ടത്തോടെയാണ് കുട്ടികള്‍ കുളിക്കാന്‍ എത്തുന്നത്. ആഹ്‌ളാദത്തിനിടയില്‍ ആഴങ്ങളില്‍ പതിയിരിക്കുന്ന അപകട മറിയാതെ കുട്ടികള്‍ പെരുമാറുമ്പോള്‍ ദുരന്തം വിളിപ്പാടകലെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.