ചിറക്കോണത്ത് കാണിക്കവഞ്ചി തുറക്കുന്നത് അഗതികളുടെ കണ്ണീര്‍ തുടയ്ക്കാന്‍

Saturday 15 April 2017 11:33 pm IST

ശിവാകൈലാസ് വിളപ്പില്‍: വാദ്യമേളങ്ങളും കുഴല്‍ വിളികളും ആനച്ചന്തവുമില്ല. വൈദ്യുത ദീപങ്ങളുടെ വര്‍ണ്ണ പ്രഭയും കമാനങ്ങളും പന്തലും ഒന്നുമില്ല. കുരുത്തോലയും കാവിക്കൊടികളുമാണ് ആകെയുള്ള അലങ്കാരങ്ങള്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി പേയാട് ചിറക്കോണം തമ്പുരാന്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് ഇങ്ങനെയാണ്. ഇവിടെ കാണിക്കവഞ്ചി തുറക്കുന്നത് ആഘോഷങ്ങള്‍ക്ക് ധൂര്‍ത്തടിക്കാനല്ല. പകരം അശരണര്‍ക്ക് സാന്ത്വനം പകരാന്‍. ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെ, ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടക്കാത്ത ഉത്സവം. വിഷുദിനത്തില്‍ തുടങ്ങി മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷം ക്ഷേത്ര ചടങ്ങുകളില്‍ ഒതുക്കുന്നതിനു പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. മാനവസേവയിലൂടെ മാധവസേവ നടത്തുന്ന ചരിത്രം. ചിറക്കോണം തമ്പുരാന് നേര്‍ച്ചയായും കാണിക്കയായും ഭക്തര്‍ നല്‍കുന്ന നാണയ തുട്ടുകള്‍ ഉത്സവം ആരംഭിക്കുന്ന വിഷുദിനത്തില്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് അഗതികള്‍ക്ക് വീതിച്ചു കൊടുക്കുകയാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഗതിയില്ലാത്ത നിര്‍ധനര്‍ക്കാണ് ഭഗവത് സന്നിധിയിലെ കൈനീട്ടം. 2011 ല്‍ 2000 രൂപ കാരുണ്യ സഹായനിധി വിതരണം ചെയ്തായിരുന്നു തുടക്കം. ക്ഷേത്രസമിതിയുടെ വേറിട്ട പ്രവര്‍ത്തനത്തിന് നാടൊന്നടങ്കം പിന്തുണ നല്‍കി. ചിറക്കോണം തമ്പുരാന്റെ ഉത്സവത്തിന് പതിവിലും കൂടുതല്‍ സംഭാവന നല്‍കാന്‍ അവര്‍ തയ്യാറായി. തങ്ങള്‍ നല്‍കുന്ന തുക അശരണരുടെ കണ്ണീരൊപ്പുമെന്ന തിരിച്ചറിവായിരുന്നു അത്. സമീപവാസിയായ റിട്ട.ക്യാപ്റ്റന്‍ കരുണാകരന്‍ നായര്‍ മൂന്ന് ലക്ഷം കാരുണ്യ നിധിക്ക് സ്ഥിരനിക്ഷേപമായി നല്‍കി. ഇതിലൂടെ കിട്ടുന്ന പലിശയും ക്ഷേത്ര നടവരവില്‍ മിച്ചമുള്ളതും ചേര്‍ത്ത് പ്രതിമാസം ഒരു അര്‍ബുദ രോഗിക്ക് 5000 രൂപ എന്ന ക്രമത്തില്‍ വര്‍ഷം 60000 രൂപ ക്ഷേത്രസമിതി നല്‍കിവരുന്നു. ഇതിനു പുറമെയാണ് വിഷുദിനത്തിലെ കൈനീട്ടം. ഇക്കുറി ഉത്സവ പൂജകള്‍ക്കുള്ള ചെലവ് കഴിച്ച് ഒരു ലക്ഷം രൂപ ഇരുപത് നിരാലംബര്‍ക്കായി വീതിച്ചു. നടന്‍ കൊല്ലം തുളസി കാരുണ്യ സഹായ നിധി വിതരണം ചെയ്തു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ ശാലിനി, റിട്ട.ക്യാപ്റ്റന്‍ കരുണാകരന്‍ നായര്‍, ക്ഷേത്രസമിതി പ്രസിഡന്റ് വിനോദ്, സെക്രട്ടറി ബിജു, ഭാരവാഹികളായ ശ്യാംചന്ദ്, രമേശ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.