പോര്‍വിളി; ഉത്തരകൊറിയയും അമേരിക്കയും നേര്‍ക്കുനേര്‍

Monday 22 May 2017 1:43 pm IST

1,000 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള മിസൈല്‍ മിലിറ്ററി പരേഡില്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചപ്പോള്‍

പ്യോങ്‌യാങ്: അമേരിക്കയുടെ ഭീഷണികള്‍ തള്ളി ഉത്തര കൊറിയ രണ്ടും കല്‍പ്പിച്ചു സൈനിക നീക്കം ശക്തമാക്കിയതോടെ ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലില്‍. അമേരിക്കയുടെ സൈനിക ഭ്രാന്ത് അവസാനിപ്പിക്കണം എന്ന ആഹ്വാനത്തോടെ ഉത്തര കൊറിയ അവരുടെ സൈനികശേഷി മുഴുവന്‍ ലോകത്തിനു തുറന്നു കാട്ടി സൈനിക പരേഡ് നടത്തി. അമേരിക്ക വരെ ആക്രമണ പരിധിയുണ്ടെന്ന് അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചത് ശക്തമായ മുന്നറിയിപ്പാണ്.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആദ്യവസാനം പരേഡില്‍ പങ്കെടുത്തു. പുക്കുക്‌സോങ് അന്തര്‍വാഹിനികളില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു എന്ന് ഉത്തരകൊറിയ അവകാശപ്പെട്ട, ആയിരം കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള മിസൈലുകളാണ് ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചത്. കെഎന്‍ 08, കെഎന്‍ 14 ഇനത്തിലുള്ള നിരവധി മിസൈലുകള്‍ സൈനിക വാഹനത്തില്‍ പരേഡിനൊപ്പം നീങ്ങുന്നതിന്റെ ദൃശ്യങ്ങളും ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടു.
ഉത്തര കൊറിയന്‍ സ്ഥാപകന്‍ കിങ് ഉല്‍ സുങ്ങിന്റെ നൂറ്റഞ്ചാം ജന്മദിന ആചരണമെന്ന പേരിലാണ് പ്യോങ്‌യാങ്ങില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ വന്‍ മിലിറ്ററി പരേഡ് നടത്തിയത്. സൈനിക ശേഷിയേക്കാള്‍ മിസൈലുകള്‍ അടക്കമുള്ള മാരകമായ ആയുധ ശേഖരം പ്രദര്‍ശിപ്പിക്കാനാണ് ഉത്തര കൊറിയ ശ്രമിച്ചത്.

ആണവായുധം പരീക്ഷിക്കാനുള്ള ഉത്തര കൊറിയന്‍ നീക്കത്തിനു തിരിച്ചടി നല്‍കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പോടെയാണ് മേഖല യുദ്ധഭീഷണയിലായത്.
യുഎസും ഉത്തര കൊറിയയും നിലപാട് കടുപ്പിച്ച് മുഖാമുഖമെത്തിയതോടെ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലാണ്. അതേസമയം, യുദ്ധമല്ല പരിഹാരമെന്ന നിലപാടുമായി ചൈനയും റഷ്യയും രംഗത്തു വന്നിട്ടുണ്ട്.

ആറാമതും ആണവ പരീക്ഷണം നടത്തുമെന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനമാണ് നിലവിലെ സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇതോടെ, യുഎസ് വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സണും രണ്ട് പടക്കപ്പലുകളും കൊറിയന്‍ ഉപദ്വീപിലേക്കു നീങ്ങി. ആക്രമിച്ചാല്‍ യുഎസിനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി കിം ജോങ് രംഗത്തെത്തി.

ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനികത്താവളങ്ങള്‍ വഴി ഏത് ആക്രമണത്തിനും സജ്ജമെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. 480 കിലോമീറ്റര്‍ വരെ പരിധിയുള്ള ടോമഹ്വാക്ക് മിസൈലുകള്‍ വിമാനവാഹിനിയിലുണ്ട്. കൊറിയയുടെ തന്ത്രപ്രധാന മേഖലകള്‍ മിസൈല്‍ പരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെനസ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലുണ്ട്. യുഎസ് ആക്രമിച്ചാല്‍ ജപ്പാനിലെയും കൊറിയയിലെയും സൈനികത്താവളങ്ങള്‍ തകര്‍ക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. സിയോള്‍ നഗരം ഇല്ലാതാക്കാന്‍ മണിക്കൂറുകള്‍ മാത്രം മതിയെന്നാണ് അധികാരശ്രേണിയിലെ രണ്ടാമന്‍ ചോ റ്യോങ് ഹായെ പറഞ്ഞത്.

സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് വിദേശമന്ത്രി വാങ് യീ, യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും വ്യക്തമാക്കി. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവുമായി വാങ് യീ ഫോണില്‍ സംസാരിച്ചു. രാഷ്ട്രീയ-നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പിന്നീട് പ്രതികരിച്ചു. ഏതു നടപടിയും പ്രകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.