ലിംഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി

Monday 22 May 2017 1:25 pm IST

ഭൂവനേശ്വര്‍: ചരിത്രപ്രസിദ്ധമായ ലിംഗരാജ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ പ്രധാനമന്ത്രി ഒഡീഷയിലെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പമാണ് പഴയ ഭുവനേശ്വറിന്റെ കേന്ദ്രമായ ലിംഗരാജ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പുരോഹിതര്‍ക്കൊപ്പം ലിംഗരാജ വിഗ്രഹത്തില്‍ അര്‍ച്ചനയും നടത്തിയാണ് മടങ്ങിയത്. ശിവന്റെയും വിഷ്ണുവിന്റെയും രൂപമായ ഹരിഹര സങ്കല്‍പ്പത്തിലുള്ള ക്ഷേത്രമാണ് ലിംഗരാജക്ഷേത്രം. കലിംഗ ശില്‍പകലയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണം. നൂറ്റിയെട്ടോളം ശിവക്ഷേത്രങ്ങളാണ് പ്രധാന ക്ഷേത്രത്തിന് ചുറ്റുമായുള്ളത്. ശിവന്റെ വിവിധ രൂപത്തിലുള്ള പ്രതിഷ്ഠകളാണിവയെല്ലാം. രണ്ടര മീറ്റര്‍ കനത്തിലുള്ള വലിയ മതിലും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി പണികഴിപ്പിച്ചിട്ടുണ്ട്. ഭുവനേശ്വറിലെയും ഒഡീഷയിലെയും തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ലിംഗരാജക്ഷേത്രം. പ്രധാന ക്ഷേത്രത്തിന് 55 മീറ്ററാണ് ഉയരം. പതിനൊന്നാം നൂറ്റാണ്ടില്‍ സോമവംശിരാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് ക്ഷേത്രം. നാശാവസ്ഥയിലായിരുന്ന ക്ഷേത്രം 1925ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബീഹാര്‍-ഒഡീഷ ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍ നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ഒഡീഷയിലെ പുണ്യതീര്‍ത്ഥമായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന ബിന്ദുസാഗറിന് തീരത്ത് സ്ഥിതി ചെയ്യുന്ന ലിംഗരാജക്ഷേത്രം ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ശിവരാത്രിയാണ് പ്രധാന ആഘോഷം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.