പോലീസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ആള്‍ പിടിയില്‍

Sunday 16 April 2017 2:39 pm IST

കൊട്ടാരക്കര: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന ആളെ കൊട്ടാരക്കരയിലെ മോഷണവിരുദ്ധ സ്‌ക്വാഡ് പിടികൂടി. കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ വാടകയ്ക്ക് താമസിച്ചു വന്ന പത്തനാപുരം പനമ്പറ്റ ചന്ദ്രഭവനില്‍ രാജേഷ്ചന്ദ്രന്‍ (39) ആണ് പിടിയിലായത്. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. തെക്കന്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 20 തട്ടിപ്പു കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പൂയപ്പള്ളി, പുത്തൂര്‍, കൊടുമണ്‍, കോന്നി, ആറന്‍മുള, മൂവാറ്റുപുഴ, തൊടുപുഴ, കോട്ടയം, കൂത്താട്ടുകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 2010 ല്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇയാളെ പിടികൂടിയിരുന്നു. പല കേസുകളിലായി ഇയാള്‍ നാലര വര്‍ഷത്തോളം ജയില്‍ശിക്ഷ അനു'വിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പ്. പാലക്കാട് സ്വദേശി സുധീഷ്‌നമ്പ്യാര്‍ ഐപിഎസ് എന്ന പേരിലും സിബിഐ ഡയറക്ടര്‍ ഹരിക്യഷ്ണന്‍ ഐപിഎസ് എന്ന പേരിലും വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. ഈ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു. ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്തും സൈന്യത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചുമായിരുന്നു ആളുകളെ കബളിപ്പിച്ചിരുന്നത്. തൊഴിലുറപ്പു തൊഴിലാളികള്‍ മുതല്‍ സമ്പന്നന്‍മാര്‍ വരെ ഇയാളുടെ വലയില്‍ വീണിട്ടുണ്ട്. ഇയാള്‍ ഏഴുവര്‍ഷം സൈന്യത്തില്‍ ജോലി ചെയ്തിരുന്നതായും ഇയാളെ കുറ്റക്യത്യങ്ങളുടെ പേരില്‍ സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടതുമാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രന് ല'ിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്‌ഐ ശിവപ്രകാശ്, മോഷണവിരുദ്ധ സംഘാംഗങ്ങളായ എസ്‌ഐ ബിനോജ്, എഎസ്‌ഐമാരായ ഷാജഹാന്‍, ശിവശങ്കരപിള്ള, എസ്‌സിപിഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള, സുനില്‍കുമാര്‍, ദേവപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.