വിവേകാനന്ദനിലെ സോഷ്യലിസം

Monday 22 May 2017 10:49 am IST

സ്വാമിജിയുടെ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങള്‍ ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനമായ അദ്വൈതവേദാന്തത്തില്‍ അധിഷ്ഠിതമാണ്. ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനോടും സമഞ്ജസമായ ബന്ധം പുലര്‍ത്തുന്ന ഒരു സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയാണ് അദ്ദേഹം വിഭാവന ചെയ്തത്. സ്വാമിജിയുടെ 'വേദാന്ത സോഷ്യലിസ'ത്തില്‍നിന്നും ആദ്ധ്യാത്മികതയെ വേര്‍പെടുത്താനാവില്ല. ആദ്ധ്യാത്മികതകൊണ്ട് ലോകത്തെ കീഴടക്കാനായിരുന്നു അദ്ദേഹം ഭാരതീയരോട് ആഹ്വാനം ചെയ്തത്. ആത്മീയതയില്ലാത്ത സോഷ്യലിസം വന്ധ്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മതത്തെയും ഈശ്വരനെയും ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിഞ്ഞ കാറല്‍ മാര്‍ക്‌സിന്റെ സോഷ്യലിസത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണത്. മാര്‍ക്‌സിന് ആത്മീയത മനുഷ്യനെ മയക്കുന്ന കറുപ്പായിരുന്നെങ്കില്‍ അത് സ്വാമി വിവേകാനന്ദന് മനുഷ്യനെ അമരനാക്കുന്ന അമൃതായിരുന്നു. ഓരോ മനുഷ്യനിലും ലീനമായൊരു ദിവ്യത്വമുണ്ടെന്നും ആ ദിവ്യത്വം പ്രകാശിപ്പിക്കലാണ് അവന്റെ ജീവിതലക്ഷ്യമെന്നും സ്വാമിജി പറഞ്ഞു. സമസ്ത ചരാചരങ്ങളിലും അദ്ദേഹം ഏകത്വം ദര്‍ശിച്ചു. അതാണ് സ്വാമിജിയുടെ വേദാന്ത സോഷ്യലിസത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് സ്വാമിജി പറഞ്ഞത്: ''ഒരു വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും,'' എന്ന്. സോഷ്യലിസത്തെപ്പറ്റിയുള്ള സ്വാമിജിയുടെ സങ്കല്‍പങ്ങള്‍ ആകസ്മികമായി കടന്നുവന്നതല്ല. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ അദ്ദേഹം ആധുനിക ശാസ്ത്രത്തിലും തത്ത്വചിന്തയിലും അസാധാരണ വൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. അവിടുന്ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാവായിരുന്ന റോബസ്പിയറുടെ ആരാധകനായിരുന്നു. സ്വാമിജിയുടെ കത്തുകളിലും മറ്റും ഹേഗല്‍, കാന്റ്, സ്‌പെന്‍സര്‍ തുടങ്ങിയ ചിന്തകന്മാരെപ്പറ്റിയുള്ള ഗഹനമായ പരാമര്‍ശങ്ങളുണ്ട്. യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അദ്ദേഹം പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുമായി പരിചയപ്പെടുകയുണ്ടായി. സോഷ്യലിസത്തിന്റെ പല ആശയങ്ങളോടും അദ്ദേഹത്തിന് വലിയ മതിപ്പ് തോന്നി. ഇതിനൊക്കെ ഉപരിയായി ദരിദ്രനാരായണന്മാരോട് തന്റെ ഗുരുദേവന്‍ കാട്ടിയിരുന്ന കാരുണ്യവും പരിവ്രാജകനായി ഭാരതപര്യടനം നടത്തിയപ്പോല്‍ ഉണ്ടായ സ്വന്തം അനുഭവങ്ങളും അദ്ദേഹത്തിന്റെ സാമൂഹ്യസമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമായി. പരിവ്രാജകനായിരുന്ന കാലത്ത് പട്ടിണികൊണ്ട് നട്ടംതിരിഞ്ഞ അവസരങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. പലപ്പോഴും ദളിതരും ദരിദ്രരുമായിരുന്നു അദ്ദേഹത്തിന് ഭിക്ഷ നല്‍കിയിരുന്നത്. ചൂഷണവും മര്‍ദ്ദനവും നടത്തുന്ന ഉന്നതരേയും അദ്ദേഹം കണ്ടുമുട്ടുകയുണ്ടായി. ''ഈ ലോകത്തു വിശപ്പിനു ഭക്ഷണം തരാത്ത ഒരു ദൈവം പരലോകത്തില്‍ പരമമായ ആനന്ദവും മുക്തിയും തരും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല''- സ്വാമിജി 1884 ല്‍ തന്റെ ശിഷ്യനായ അളശിങ്കപ്പെരുമാളിന് എഴുതിയ ഒരു കത്തിലാണ് ഇങ്ങനെ ഉദ്‌ഘോഷിച്ചിരിക്കുന്നത്. അന്നുവരെ ഒരു ഹിന്ദുവും പറയാന്‍ സാഹസപ്പെടാത്ത ഒരു കാര്യമാണ് അദ്ദേഹം ഉറക്കെ പറഞ്ഞത്. തന്റെ ഗുരുദേവന്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ വിശപ്പിനെപ്പറ്റി പറഞ്ഞ കാര്യം അദ്ദേഹം എപ്പോഴും ഓര്‍ത്തിരുന്നു. ''വിശക്കുന്ന വയറ് ഒരിക്കലും ഒരു നല്ല മതത്തെ വളര്‍ത്തില്ല.'' സമുദായ പരിഷ്‌കര്‍ത്താക്കളും ചിന്തകന്മാരും ഒരിക്കലും ദാരിദ്ര്യം എന്ന തളര്‍ത്തുന്ന പ്രശ്‌നത്തെ മറന്ന് പ്രവര്‍ത്തിച്ചുകൂടാ. പരിവ്രാജക ജീവിതത്തിനിടയില്‍ സ്വാമിജി ഭാരതത്തിന്റെ വിസ്മയകരമായ വൈവിധ്യത്തിന്റെ അടിയിലുള്ള ഐക്യം കണ്ടെത്തി. ഭാരതീയരുടെ ശക്തിയും ദൗര്‍ബല്യവും അദ്ദേഹം മനസ്സിലാക്കി. ഭൂരിപക്ഷക്കാരായ സാധാരണജനങ്ങള്‍ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും അഗാധതയില്‍ കഴിഞ്ഞുകൂടുകയാണെന്നും അവരുടെ വ്യക്തിത്വത്തെ ബ്രിട്ടീഷ് കോളനി മേധാവികളും സമ്പന്നരും പ്രമാണിമാരുമായ ഒരു വിഭാഗം അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹത്തിന് ബോധ്യമായി. ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കാതെ, ജനങ്ങളെ ധാര്‍മ്മികമായും ബൗദ്ധികമായും ശക്തിപ്പെടുത്താതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുനല്‍കാതെ യാതൊരു മതത്തിനും നിലനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പുനരുദ്ധാരണം കൂടാതെ ജനങ്ങളുടെ ആത്മീയപുനരുദ്ധാരണം സാധ്യമല്ല. ''അവര്‍ ഭക്ഷണം ചോദിക്കുന്നു'' അദ്ദേഹം പറഞ്ഞു: ''എന്നാല്‍ നാം അവര്‍ക്ക് നല്‍കുന്നത് കല്ലുകളാണ്. പട്ടിണികിടക്കുന്ന ജനങ്ങള്‍ക്ക് മതം നല്‍കുക എന്നുവച്ചാല്‍ അവരെ അപമാനിക്കുക എന്നര്‍ത്ഥമാണ്. പട്ടിണികിടക്കുന്ന ഒരാളെ മതതത്ത്വങ്ങള്‍ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിനു നേരെയുള്ള കയ്യേറ്റമാണ്.'' അവിശ്വാസികളുടെ ആത്മാക്കളെ രക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്ന ക്രിസ്ത്യന്‍ മിഷണറിമാരോട് അദ്ദേഹം ചോദിച്ചു: ''എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ ശരീരങ്ങളെ പട്ടിണിയില്‍നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കാത്തത്?'' അദ്വൈതവേദാന്തത്തിന്റെ വെളിച്ചത്തില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് ഒരു സ്ഥിതിസമത്വലോകം കെട്ടിപ്പടുക്കാനാണ് സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചത്. അദ്ദേഹം ഒരു സമദര്‍ശിയായിരുന്നു. അദ്ദേഹം യാതൊരര്‍ത്ഥത്തിലും ഒരു വിഭാഗീയ ചിന്താഗതിക്കാരനായിരുന്നില്ല. മറ്റു ചിന്താഗതികളെ അദ്ദേഹം ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത പുലര്‍ത്തുകയോ ചെയ്തില്ല. ''വ്യത്യസ്ത ചിന്താസരണികള്‍ പെരുകട്ടെ'' എന്ന് അദ്ദേഹം ആശംസിച്ചു. ''കുതിച്ചോടുന്ന സജീവമായ അരുവിയിലേ ചുഴികളും ചുഴലികളും ഉണ്ടാവുകയുള്ളൂ. ചിന്താസംഘടനമാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്.'' പ്രാചീനങ്ങളും അര്‍വാചീനങ്ങളുമായ മതചിന്തകളുടെയും തത്ത്വചിന്തകളുടെയും വ്യത്യസ്തധാരകളെ പ്രബലമായ ഒരു പ്രവാഹമാക്കി ആധുനിക ചിന്താസരണികളുമായി കൂട്ടിയിണക്കിക്കൊണ്ട് ഭൂതകാലത്തിന്റെ മാലിന്യങ്ങളേയും വര്‍ത്തമാനകാലത്തിന്റെ ദൗര്‍ബല്യങ്ങളെയും കഴുകിക്കളയാനും അങ്ങനെ മികവുറ്റ ഒരു ഭാവിയുടെ അടിത്തറ പണിയാനുമുള്ള യത്‌നമായിരുന്നു സ്വാമി വിവേകാനന്ദന്റേത്. മനുഷ്യനെ ദിവ്യത്വത്തിന്റെ പ്രകടരൂപമായി കാണണമെന്ന ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ വേദാന്തം. അന്ധകാരത്തില്‍ ആണ്ടുകിടക്കുന്ന ഭൂരിപക്ഷക്കാരായ ജനങ്ങള്‍ക്ക് ജ്ഞാനത്തിന്റെ വെളിച്ചം എത്തിച്ചുകൊടുക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയുള്ള സമരത്തില്‍ പാവപ്പെട്ടവരേയും ദുര്‍ബ്ബലരേയും സഹായിക്കുകയും ചെയ്യുക എന്നതാണ് മതത്തിന്റെ കടമ എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ''അദ്വൈതവേദാന്തം നമ്മുടെ ദൈനംദിന ജീവിതത്തില്‍ സജീവവും കാവ്യാത്മകവുമായിത്തീരണം. പഴംപുരാണങ്ങളില്‍നിന്നും മൂര്‍ത്തമായ ധാര്‍മ്മികത പൊന്തിവരണം യോഗദര്‍ശനങ്ങളില്‍നിന്നും ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ മനഃശാസ്ത്രം ഉയര്‍ന്നുവരണം.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.