പെരുന്തുരുത്ത് കരിയിലെ രണ്ടാം കൃഷി വൈകുന്നു

Sunday 16 April 2017 7:35 pm IST

മുഹമ്മ: പെരുന്തുരുത്ത് കരി പാടശേഖരത്തിലെ രണ്ടാം കൃഷി വൈകുന്നു. പാടശേഖര നെല്ല് ഉല്‍പ്പാദക സമിതിയുടെ കെടുകാര്യസ്ഥതയാണ് കാരണമെന്ന് ആക്ഷേപമുയര്‍ന്നു. 175 ഏക്കറോളം വിസ്തീര്‍ണമുള്ള ഈ പാടശേഖരത്തില്‍ വര്‍ഷത്തില്‍ രണ്ടു കൃഷി നടന്നിരുന്ന കാലമുണ്ടായിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മണ്ണഞ്ചേരിയിലെ പെരുന്തുരുത്ത് കരിയില്‍ ഇപ്പോള്‍ ഒരു കൃഷി തന്നെ വല്ലപ്പോഴുമാണ് നടക്കുന്നത്. അനവസരത്തിലെ കൃഷി നഷ്ടത്തിലാണ് കലാശിക്കുന്നത്. ഇതുമൂലം നിലം ഉടമകളായ കര്‍ഷകര്‍ കൃഷിയിറക്കാന്‍ മുന്നോട്ട് വരുന്നില്ല. പാട്ട കൃഷിക്കാരെ കൊണ്ടുവന്ന് കൃഷിയിറക്കുന്ന രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നുവരുന്നത്. പാട്ടം വ്യവസ്ഥയ്ക്ക് നിലം നല്‍കുന്ന ഉടമയക്കാകട്ടെ സെന്റിന് 30 രൂപയാണ് ലഭിക്കുന്നത്.രണ്ടു നെല്‍കൃഷിയ്ക്കും ഹ്രസ്വകാല എള്ള്,വാഴ,പച്ചക്കറി എന്നിവയ്ക്കും അനുയോജ്യമായ പാടശേഖരം കൂടിയാണിത്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പാടശേഖരം ഉപ്പുവെള്ളത്തിന്റെ വരവിന് മുമ്പായി കാര്‍ഷിക കലണ്ടര്‍ നിര്‍ണയിച്ച് കൃഷിയറക്കിയാല്‍ അത് നൂറുകണക്കിന് വരുന്ന കര്‍ഷകര്‍ക്കും ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. വര്‍ഷത്തില്‍ രണ്ടു കൃഷിയറക്കാന്‍ സംവിധാനമുണ്ടാക്കിയാല്‍ ഉദ്ദേശം 8000 ക്വിന്റല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാനാകും. പാടശേഖരത്തിന് ചുറ്റുമുള്ള നിരവധി ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ വൈക്കോലും ലഭിക്കും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടി സര്‍ക്കാര്‍ എല്ലാവിധ സഹായവും ഒരുക്കിയിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ തയ്യാറാവാത്ത പാടശേഖര സമിതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.