കൈനകരിയിലെ കുടിവെള്ളക്ഷാമം നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Sunday 16 April 2017 8:44 pm IST

ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് നിവാസികള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മുന്നൂറോളം വീട്ടുകാര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും ബാദ്ധ്യതയുണ്ടെന്ന് കമ്മീഷന്‍ ആക്ടിങ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. 2012 ഏപ്രില്‍ 18 ന് കൈനകരിയില്‍ പൈപ്പ് കണക്ഷന്‍ നല്‍കണമെന്ന് അന്നത്തെ കമീഷന്‍ ജുഡീഷ്യല്‍ അംഗം ആര്‍ നടരാജന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അളന്നു പോയതല്ലാതെ ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കൈനകരി ഈസ്റ്റ് നിവാസി റോയ് ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. 2012ല്‍ കമീഷന്‍ പാസാക്കിയ ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കാത്തതിന് ഒരു ന്യായീകരണവുമില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചു ഗ്രാമപഞ്ചായത്തുകളിലായി പഌന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി 2012ല്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറഞ്ഞിരുന്നു. കമ്മീഷന്‍ 2017ല്‍ ജലഅതോറിറ്റിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൈനകരിയില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് 2016-17ല്‍ ഭരണാനുമതി ലഭിക്കുന്നതിനായി ജലഅതോറിറ്റി ആസ്ഥാനത്തേക്ക് കത്തെഴുതിയിട്ടുള്ളതായി തിരുവല്ല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഭരണാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചതായും വിശദീകരണത്തില്‍ പറയുന്നു. എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവ് പാസാക്കി സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഉത്തരവ് ജലഅതോറിറ്റി എംഡിക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.