ഭഗവത്‌ സ്മരണ

Monday 11 July 2011 7:24 pm IST

സ്വന്തം കുട്ടിയ്ക്ക്‌ അസുഖം വന്നാല്‍ നാം എത്ര ബുദ്ധിമുട്ടിയാലും അതിന്‌ സമയം കണ്ടെത്തുന്നു. അതുപോലെ തന്നെ രക്ഷിക്കുന്നത്‌ ഈശ്വരനാണ്‌ അവിടുത്തെ ആശ്രയിക്കാതെ ജീവിതത്തില്‍ ശാന്തി ലഭിക്കില്ലെന്ന്‌ ബോദ്ധ്യമായാല്‍ ഈശ്വരനെ ആശ്രയിക്കാന്‍ സമയം കിട്ടും.
ഈശ്വരാരാധനയ്ക്ക്‌ വേണ്ടി പ്രത്യേകസമയം കണ്ടെത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗോപികളെപ്പോലെയാകാന്‍ ശ്രമിക്കണം. ഗോപികകളെപ്പോലെയാവാന്‍ ശ്രമിക്കണം. അവര്‍ പ്രാര്‍ത്ഥനയക്കും മറ്റും പ്രത്യേകം സമയമെടുത്തില്ല. അവരുടെ ജോലിയില്‍ തന്നെ ഈശ്വരനെക്കണ്ടു. തൈരുകടയുമ്പോഴും നെല്ലുകുത്തുമ്പോഴും മറ്റുസാധനങ്ങള്‍ എടുക്കുമ്പോഴുമല്ലാം ഭഗവാന്റെ നാമം ഉരുവിടും. മുളുകുപാത്രത്തിലും മല്ലിപ്പാത്രത്തിലും മാത്രമല്ല, എവിടെയും എപ്പോഴും കൃഷ്ണന്റെ നാമവും ജപവും മാത്രമായിരുന്നു. അങ്ങനെ പ്രത്യേകിച്ചൊരുപ്രയത്മവുംകൂടാതെ തന്നെ സദാ ഭഗവാനെ സ്മരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. സാധനയ്ക്ക്‌ പ്രത്യേകിച്ച്‌ സമയം കിട്ടാത്തവര്‍ക്ക്‌ ഇതേ രീതിയില്‍ ഭഗവത്‌ സ്മരണ നിലനിര്‍ത്താന്‍ സാധിക്കും.
ഈശ്വരന്‍ മാത്രമാണ്‌ സത്യമായും ശാശ്വതമായും ഉള്ളതെന്ന ബോധം മനസ്സിലുറപ്പിക്കണം. ഏത്‌ കര്‍മവും മന്ത്രം ജപിച്ചുകൊണ്ടു ചെയ്യുവാന്‍ ശീലിക്കണം. അങ്ങനെയായാല്‍ ഈശ്വരചിന്തയ്ക്ക്‌ പ്രത്യേകിച്ചൊരു സമയത്തിന്റെ ആവശ്യമില്ല. നമ്മുടെ മനസ്സ്‌ എപ്പോഴും ഭഗവനാനില്‍ത്തന്നെ നില്‍ക്കും.