തണ്ണിച്ചാംകുഴി കുടിവെള്ള പദ്ധതി, രേഖകള്‍ അപ്രത്യക്ഷമായി

Sunday 16 April 2017 11:07 pm IST

ശിവാകൈലാസ് കാട്ടാക്കട: തണ്ണിച്ചാംകുഴി കുടിവെള്ള പദ്ധതിയെ കുറിച്ചുള്ള രേഖകള്‍ പഞ്ചായത്തിലും ബ്‌ളോക്കിലും അപ്രത്യക്ഷം. പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. 2008-09 സാമ്പത്തിക വര്‍ഷത്തിലാണ് തണ്ണിച്ചാംകുഴി കുടിവെള്ള പദ്ധതി പൂവച്ചല്‍ പഞ്ചായത്ത് നടപ്പാക്കിയത്. എന്നാല്‍ പദ്ധതി നടപ്പാക്കിയെങ്കിലും നാട്ടുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല. നിരവധി പരാതികള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ മാസം പഞ്ചായത്തിലും വെള്ളനാട് ബ്‌ളോക്കിലും വിവരാവകാശ നിയമപ്രകാരം പദ്ധതിയുടെ വിവരങ്ങള്‍ അറിയാന്‍ പ്രദേശ വാസിയായ ശശി അപേക്ഷ സമര്‍പ്പിച്ചു. ഇതിലാണ് പദ്ധതി സംബന്ധിച്ച വിവരങ്ങളെല്ലാം പഞ്ചായത്തിലും ബ്ലോക്കിലും അപ്രത്യക്ഷമെന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. 2008 ല്‍ വെള്ളനാട് ബ്ലോക്ക് മുഖേന നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണം കിണര്‍ മോട്ടോര്‍ എന്നിവ സ്ഥാപിക്കുന്നതിനും പഞ്ചായത്തു കമ്മിറ്റി റെസലൂഷന്‍ പാസ്സ് ആക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മിനിട്‌സില്‍ കാണുന്നില്ലെന്നാണ് മറുപടി. ആരുടെ വസ്തുവിലാണ് ടാങ്ക് സ്ഥാപിച്ചതെന്നും ജോലിയുടെ കണ്‍വീനര്‍ ആരായിരുന്നു എന്നും നിലവില്‍ പഞ്ചായത്തിന്റെ അധീനതയില്‍ ആണോ എന്ന ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ഉത്തരം. വസ്തു ഉടമയില്‍ നിന്നും സമ്മതപത്രമോ മറ്റെന്തെങ്കിലും രേഖയോ നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി. പദ്ധതി നടത്തിപ്പ് സമയത്തു വാര്‍ഡ് പ്രതിനിധി ആരായിരുന്നു എന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. വെള്ളനാട് ബ്ലോക്കില്‍ പദ്ധതി സംബന്ധിച്ച് നല്‍കിയ വിവാരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് രേഖകള്‍ കാണുന്നില്ല എന്നതാണ് മറുപടി. നടപ്പാക്കിയ പദ്ധതിയുടെ രേഖകള്‍ ബ്‌ളോക്കിലും പഞ്ചായത്തിലും ഒരുപോലെ അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അഴിമതി നടന്നിട്ടുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ള പദ്ധതി നടപ്പാക്കിയതിനെ കുറിച്ചോ നടപ്പാക്കിയ വാര്‍ഡിലെ പ്രതിനിധിയെ കുറിച്ചോ യാതൊരു വിവരവും പഞ്ചായത്തിലില്ല. പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ പദ്ധതിയെ കുറിച്ച് മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഗുരുതര കൃത്യവിലോപം ആണ്. പദ്ധതി നടപ്പാക്കുന്നതത്തിനു നാട്ടുകാര്‍ സ്ഥലം കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞെങ്കിലും അത് അവഗണിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിയില്‍ ആയിരുന്നു ടാങ്കും മറ്റും സ്ഥാപിച്ചത്. പഞ്ചായത്തിലെയും ബ്ലോക്കിലെയും രേഖകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ച ശേഷം കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ച ടാങ്കും അനുബന്ധ സാധനങ്ങളും ഇപ്പോള്‍ ഇവര്‍ കൈവശപ്പെടുത്തിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ളം പൊതു ജനത്തിന് ഉപയോഗപ്രദമാക്കണം എന്ന് കാണിച്ചു നിരവധി പരാതികള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും ആരും ചെവികൊണ്ടില്ല. നാട്ടുകാര്‍ നിയമ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.