നേമത്ത് മോഷണ പരമ്പര; ജനം ഭീതിയില്‍

Sunday 16 April 2017 11:09 pm IST

ബാലരാമപുരം: വെള്ളയാണിയില്‍ രണ്ടാം ദിവസവും മോഷണ പരമ്പര. വെള്ളിയാഴ്ച രാത്രിയില്‍ അഞ്ച് കടകളിലും ഒരു വീട്ടിലും മോഷണം നടത്തിയതിന് പിന്നാലെ ശനിയാഴ്ച രാത്രിയിലും മോഷണം നടന്നു . മൂന്നുവീടുകള്‍ കുത്തിതുറന്നാണ് മോഷണം നടത്തിയത്. നേമം വെള്ളയാണി സ്റ്റുഡിയോ റോഡില്‍ ശ്രീശൈലത്തില്‍ സുധീഷ്‌കുമാറിന്റെ വീട് കുത്തിതുറന്ന് 25,000 രൂപ കവര്‍ന്നു. വെള്ളയാണി സ്റ്റുഡിയോ റോഡില്‍ ഐക്കരവിള റഹാന കോട്ടേജില്‍ സെയ്ദ്കുഞ്ഞിന്റെ വീട്ടിലും, വെള്ളയാണി സ്റ്റുഡിയോ റോഡ് ചാനല്‍ക്കര ശ്രീവാസില്‍ ശ്രീകലയുടെ വീട്ടില്‍ നിന്നുമാണ് ശനിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്. സൈക്കിളിംഗ് പരിശീലകനായ സുധീഷ്‌കുമാറും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ സെയ്ദ്കുഞ്ഞ് കുടുംബത്തോടെ എറണാകുളത്തെ ബന്ധുവീട്ടിലായിരുന്നപ്പോഴാണ് ഇവിടെയും മോഷണം നടന്നത്. ഇവര്‍ നാട്ടിലെത്തിയാല്‍ മാത്രമേ നഷ്ടം കണക്കാക്കാന്‍ സാധിക്കു. മൂന്നുമാസമായി ബന്ധുവീട്ടില്‍ കഴിയുന്ന ശ്രീകലയും സ്ഥലത്ത് എത്തിയിട്ടില്ല. എല്ലാ വീടിന്റെയും വാതിലുകള്‍ കുത്തിതുറന്നു. കമ്പിപ്പാരകൊണ്ട് പൂട്ടുതകര്‍ത്തുമാണ് അകത്ത് കടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ വെള്ളയാണി ജംഗ്ഷനിലെ ഷനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂഫാഷന്‍ ഫാന്‍സിയിലും, എസ്.എസ്.പ്ലമ്പിംഗ് വര്‍ക്‌സിലും മോഷണം നടന്നിരുന്നു. സമീപത്തെ സ്റ്റാര്‍ സ്റ്റീല്‍സ്, തൃശൂര്‍ ഫാഷന്‍ ജൂവലറിയുടെ ഗോഡൗണ്‍, എന്നിവിടങ്ങള്‍ കുത്തിതുറന്ന് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഒരു കടയില്‍ നിന്നും പ്രതികളുടെ തേന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനെ ചുറ്റി അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് ദിവസത്തെ മോഷണം കണ്ട് ജനം ഭീതിയിലാണ്. പോലീസ് പെട്രോളിംഗ് ശക്തമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മോഷണം നടന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. നേമം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഡോഗ് സ്‌ക്വാഡ് വിരളടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.