ഒബിസി കമ്മീഷന്‍ ഭരണഘടനാ പദവി: ബിജെപി അപലപിച്ചു

Monday 22 May 2017 10:59 am IST

ഭുവനേശ്വര്‍: രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളോടുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനത്തിനെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസാക്കി. മൂന്നുപതിറ്റാണ്ടായി പിന്നോക്ക ജനവിഭാഗത്തിന്റെ പ്രധാന ആവശ്യമായ ഒബിസി കമ്മീഷന്റെ ഭരണഘടനാ പദവി സംബന്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിച്ചപ്പോള്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ എതിര്‍പ്പുമായി വന്നതിനെ നിര്‍വാഹക സമിതിയോഗം അപലപിച്ചു. മറ്റു പ്രാദേശി പാര്‍ട്ടികളുടേയും പിന്നോക്ക ജനവിഭാഗത്തോടുള്ള മനോഭാവമാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത നടപടിയെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പിന്നോക്ക വിഭാഗങ്ങളെ വെറും വോട്ടുബാങ്കുകളായി മാത്രം കണക്കാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം. പിന്നോക്കക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും അവര്‍ എക്കാലവും അടിച്ചമര്‍ത്തുക മാത്രമാണ് ചെയ്തതെന്നും പ്രമേയം പറയുന്നു. 1950ലെ കാക്കാ കലേല്‍ക്കര്‍ കമ്മീഷനും 1979ല്‍ മണ്ഡല്‍ കമ്മീഷനും ശുപാര്‍ശ ചെയ്ത ഒബിസി കമ്മീഷന്റെ ജുഡീഷ്യല്‍ പദവിയെ എക്കാലവും തമസ്‌ക്കരിച്ചത് കോണ്‍ഗ്രസാണ്. ബിജെപി സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോവുകയും കേന്ദ്രമന്ത്രിസഭയും ലോക്‌സഭയും പാസാക്കുകയും ചെയ്ത ശേഷം രാജ്യസഭയില്‍ ചില പാര്‍ട്ടികള്‍ എതിര്‍ത്തത് നടുക്കമുളവാക്കി. പ്രധാനമന്ത്രിയ്ക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷകക്ഷികള്‍ എല്ലാ പിന്തുണയും നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ ബില്ല് സഭയിലെത്തിയപ്പോള്‍ അതു പാസാക്കാതിരിക്കാനാണവര്‍ ശ്രമിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കും തുല്യാവസരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. ഹുക്കുംദേവ് നാരായണ്‍ യാദവ് അവതരിപ്പിച്ച പ്രമേയത്തെ രഘുവര്‍ദാസ്, ധര്‍മ്മേന്ദ്രപ്രധാന്‍, ശിവരാജ്‌സിങ് ചൗഹാന്‍ എന്നിവര്‍ പിന്തുണച്ചു. മൂന്നുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയവും ദേശീയ നിര്‍വാഹക സമിതി പാസാക്കി. ജിഎസ്ടി ബില്‍ പാര്‍ലമെന്റ് പാസാക്കിയതുവഴി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ വലിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് പ്രമേയം വിശദീകരിക്കുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും രാജ്യത്തെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ്. പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ വിജയത്തെ നിര്‍വാഹക സമിതി അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.