നിലമ്പൂരില്‍ അഴിമതി വിവാദം കത്തുന്നു

Monday 17 April 2017 12:40 pm IST

നിലമ്പൂര്‍: വന്‍തട്ടിപ്പിന്റെ കഥകളാണ് നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് പുറത്തുവരുന്നത്. റിലയന്‍സ് ജിയോ ഒപ്ടിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് മൂന്നുകോടി രൂപ വരുമാനം ലഭിക്കുമെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഈ പ്രഖ്യാപനം വന്ന് ഒരുവര്‍ഷത്തിന് ശേഷം കൗണ്‍സില്‍ പോലുമറിയാതെ ചിലര്‍ 68.47 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചു. പ്രവൃത്തി അനുമതിയില്ലാതെ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് ഈ പകല്‍കൊള്ള പുറത്തായത്. യുഡിഎഫ് ഭരണസമിതിയിലെ കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥാണ് കേബിള്‍ സ്ഥാപിക്കുന്നതിന് കട്ടിങ് ഫീസും ലൈസന്‍സും തറവാടകയുമടക്കം മൂന്നുകോടി രൂപ നഗരസഭക്കു ലഭിക്കുമെന്ന് 2016 മാര്‍ച്ച് മൂന്നിലെ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത്. ചാലക്കുടി നഗരസഭ കേബിള്‍ സ്ഥാപിക്കാന്‍ മീറ്ററിന് 750 രൂപ തറവാടക ഈടാക്കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. നിലമ്പൂര്‍ നഗരസഭയിലെ 11 റോഡുകളിലൂടെ 13കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കാനാണ് റിലയന്‍സ് അനുമതി തേടിയത്. മീറ്ററിന് 500 രൂപ ഊടാക്കിയാല്‍പോലും നഗരസഭക്ക് രണ്ടേകാല്‍കോടി രൂപ വരുമാനം ലഭിക്കുമായിരുന്നു. റിലയന്‍സുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയിലെ വിവരങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വെക്കാതെ മാര്‍ച്ച് ഒമ്പതിന് നഗരസഭ ചെയര്‍പേഴ്‌സണിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് 6847500 രൂപ ഈടാക്കി കേബിള്‍ സ്ഥാപിക്കാന്‍ റോഡ് മുറിക്കാന്‍ നഗരസഭാ സെക്രട്ടറി റിലയന്‍സിന് അനുമതി നല്‍കിയത്. റോഡ് മുറിക്കുന്നത് സംബന്ധിച്ച് വിശദവിവരങ്ങള്‍ നഗരസഭ എന്‍ജിനീയറെ അറിയിച്ച് അനുമതി വാങ്ങിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാതെയാണ് റിലയന്‍സ് റോഡ് വെട്ടിക്കീറിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അടുത്ത സാധാരണ കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യത്തില്‍ അംഗീകാരം വാങ്ങണമെന്നാണ് മുനിസിപ്പല്‍ ചട്ടം. എന്നാല്‍ റിലയന്‍സിന് അനുമതി നല്‍കി ആറു കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും അനുമതി വാങ്ങിയില്ല. ചക്കാലക്കുത്ത്-റെയില്‍വെ സ്റ്റേഷന്‍ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് കള്ളക്കളി പുറത്തായത്. അനുമതിയില്ലാതെ റോഡില്‍ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിടപെട്ട് പ്രവൃത്തി തടഞ്ഞു. കൗണ്‍സില്‍യോഗത്തില്‍ സംഭവം വിവാദമായതോടെ തങ്ങള്‍ അറിയാതെ സെക്രട്ടറി സ്വന്തം നിലക്ക് തീരുമാനമെടുത്തെന്നാണ് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥും വൈസ് ചെയര്‍മാന്‍ മുസ്‌ലിം ലീഗിലെ പി.വി.ഹംസയും നിലപാടെടുത്തത്. അനുമതിയില്ലാതെ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ പോലീസില്‍ പരാതി നല്‍കാനും സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിക്കും അന്വേഷണത്തിലും കൗണ്‍സില്‍ യോഗം തീരുമാനിച്ചെങ്കിലും മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. പോലീസില്‍ പരാതി നല്‍കാന്‍പോലും നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. റിലയന്‍സ് കേബിള്‍ അനുമതിയില്‍ വന്‍കുംഭകോണമാണ് നടന്നതെന്നു പറഞ്ഞ് സിപിഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയെങ്കിലും മുഖ്യപ്രതിപക്ഷമായ സിപിഎം നിശബ്ദതപാലിക്കുകയാണ്. കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണെ പൂര്‍ണ്ണ വിശ്വാസമാണെന്ന നിലപാടാണ് സിപിഎം പ്രതിപക്ഷ നേതാവ് വേലുക്കുട്ടി സ്വീകരിച്ചത്. അതേസമയം നഗരസഭയില്‍ നടന്ന പകല്‍കൊള്ളക്കെതിരെ അഴിമിതി വിരുദ്ധനിലപാടുള്ള എല്ലാവരുമായി സഹകരിച്ച് പോരാട്ടം നടത്തുമെന്ന് കൗണ്‍സിലറും സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ പി.എം.ബഷീര്‍ പറഞ്ഞു. യുഡിഎഫിലെ പ്രമുഖയായ നേതാവിന്റെ മരുമകനും സിപിഎം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മകനുമായ വ്യക്തിയും ഒരു റിട്ട.എസ്‌ഐയും ചേര്‍ന്നാണ് കരാറിന് വേണ്ടി ചരടുവലി നടത്തിയതെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.