ലോകസിനിമയില്‍ ചരിത്രമാകാന്‍ 'രണ്ടാമൂഴം'

Monday 22 May 2017 9:04 am IST

ലോകസിനിമയെത്തന്നെ അതിശയിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. പ്രമുഖ പ്രവാസിവ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ (150മില്യണ്‍ യു.എസ്.ഡോളര്‍)മുതല്‍ മുടക്കി ഈ ദൃശ്യാത്ഭുതം നിര്‍മിക്കുന്നത്. എം.ടി തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ്. മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്.

നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന ‘മഹാഭാരത’ത്തിന് രണ്ടുഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നുമുണ്ട്. ബ്രഹ്മാണ്ഡസിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘മഹാഭാരതം’ ലോകത്തിന് മുമ്പാകെ ഇന്ത്യന്‍ സിനിമ കാഴ്ചവച്ചതില്‍വച്ച് ഏറ്റവും വലിയ സംരംഭമാണ്.

ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്രപ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതികവിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡുജേതാക്കളുള്‍പ്പെടെ പ്രമുഖരുടെ ഒരു നിര സിനിമയുടെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും ‘മഹാഭാരതം’സമ്മാനിക്കുന്നത്.

മഹാഭാരതത്തെ ഇതിനുമുമ്പ് പലരും പലതരത്തില്‍ സമീപിച്ചിട്ടുണ്ട്. അത് നാടകത്തിന്റെയും സീരിയലിന്റെയും പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി. ആദ്യമായാണ് ഈ ഇതിഹാസകഥയുടെ വൈപുല്യം അതേ വ്യാപ്തിയോടെ ചലച്ചിത്രരൂപത്തിലാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്ന് ബി.ആര്‍.ഷെട്ടി ഉറപ്പുപറയുന്നു.

ബി.ആര്‍ ഷെട്ടി

എന്നും ഇന്ത്യന്‍ കലാരംഗത്തിനും സാംസ്‌കാരികമേഖലയ്ക്കും പിന്തുണയുമായി നിന്ന പാരമ്പര്യമുണ്ട് യുഎഇ എക്‌സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകനായ ബി.ആര്‍.ഷെട്ടിക്ക്. അഭ്രപാളികളില്‍ അതിശയമാകുന്ന ‘മഹാഭാരതം’ പോലൊരു പ്രോജക്ടിന് നേതൃത്വം കൊടുക്കുന്നതിലൂടെ ഒരിക്കല്‍ക്കൂടി ഭാരതീയപൈതൃകത്തോടുള്ള സമര്‍പ്പണം നിര്‍വഹിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രത്തിന് മുതല്‍മുടക്കുന്നതിലൂടെ ഷെട്ടിയെന്ന വ്യവസായിയുടെ ഇച്ഛാശക്തി ഒരിക്കല്‍ക്കൂടി തെളിയുന്നു. ഗാന്ധി സിനിമയ്ക്ക് കളമൊരുക്കിയ സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയെപ്പോലുള്ളവരുടെ നിരയിലേക്കാണ് ഈ സിനിമയിലൂടെ അദ്ദേഹം ഉയരുന്നത്.

‘എല്ലാ ഇതിഹാസങ്ങളുടെയും ഇതിഹാസമാണ് മഹാഭാരതം. വിസ്മയിപ്പിക്കുകയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കവിതയാണത്. ഈ അഭിമാനസംരംഭത്തിന്റെ ഭാഗമായത് ഏറെ ആവേശം തരുന്നു. ഇന്ത്യയുടെ കാവ്യേതിഹാസത്തെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ലഭിച്ച അവസരമാണിത്. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. ഇത് ഒരു നാഴികക്കല്ലുമാത്രമാകില്ല, ഇന്ത്യന്‍മിഥോളജിയുടെ ഇന്നേവരെയില്ലാത്ത ദൃശ്യസാക്ഷാത്കാരംകൂടിയാകും – ബി.ആര്‍.ഷെട്ടി പറയുന്നു.

മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ സമീപിച്ച ‘രണ്ടാമൂഴം’മലയാളത്തിലെ ക്ലാസിക്കായ കൃതിയാണ്. ജ്ഞാനപീഠമേറിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ പ്രതിഭ ഇതില്‍ പൂര്‍ണതയെ തൊടുന്നു. ‘ഞാന്‍ ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ‘രണ്ടാമൂഴം’ എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നതെന്ന് എം.ടി.പറഞ്ഞു.