മട്ടന്നൂര്‍ നഗരത്തില്‍ ഡങ്കിപ്പനി വര്‍ദ്ധിക്കുന്നു: പ്രവര്‍ത്തനം ശക്തമാക്കി

Monday 17 April 2017 9:01 pm IST

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ ഡങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പനി പടര്‍ന്നുപിടിച്ച് ജനം ഭീതിയിലായിട്ടും നഗരസഭയുടേയും അരോഗ്യ വിഭാഗത്തിന്റേയും കെടുകാര്യസ്ഥതക്കെതിരെ ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. ഡങ്കിപ്പനി ബാധിത മേഖലയിലെ 20 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ ഗൃഹസന്ദര്‍ശനം നടത്തി ബോധവത്ക്കരണം നല്‍കും. ടൗണ്‍, ടെമ്പിള്‍ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേരും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണന്‍ നായ്ക്, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ.കെ.എം.ഷാജ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുനില്‍ ദത്ത്, മലേറിയ ഓഫീസര്‍ ഡോ. ഷിനില, ഡോ.ജോസ് ജോര്‍ജ്ജ്, മെഡിക്കല്‍ ഓഫീസര്‍ കെ.സുഷമ എന്നിവര്‍ഡങ്കിപ്പനി ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഡങ്കിപ്പനി വ്യാപകമായതോടെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ട രണ്ട് വ്യാപാര സമുച്ചയങ്ങള്‍ അടച്ചിടുവാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്.തലശ്ശേരി റോഡിലെ തവക്കല്‍ കോംപ്ലക്‌സ്, എച്ച്‌കെ സിറ്റി സെന്റര്‍ തുടങ്ങിയ വ്യാപാര സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഇന്നു മുതല്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. ഈ സമുച്ചയങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മട്ടന്നൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഈ മേഖലയിലും പരിസരങ്ങളിലുമുള്ളവരാണ്. ഇതിനിടെ തലശ്ശേരി റോഡില്‍ വലത് വശത്തായി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ അടിത്തറയ്ക്ക് താഴെയായി നിര്‍മ്മിച്ച ഭീമന്‍ മലിനജല ടാങ്കില്‍ നിന്ന് വന്‍തോതില്‍ കൊതുക് വമിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. പൊറോറ, കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ, വെള്ളിയാം പറമ്പ്, കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം എന്നിവങ്ങളില്‍ നിന്നുള്ള ചിലര്‍ക്കും ഡങ്കിപ്പനി സ്ഥിരീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.