വെള്ളാപ്പള്ളി കോളേജ് ആക്രമണം; ഒന്‍പത് പേര്‍ അറസ്റ്റില്‍

Monday 17 April 2017 8:54 pm IST

പിടിയിലായത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളായ ഒന്‍പത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ വള്ളികുന്നം എസ്‌ഐ വി.ആര്‍. ജഗദീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് വെട്ടിയാര്‍ കല്ലിമേല്‍ മണ്ണത്തുംപാട്ട് അരുണ്‍ (28), ജില്ലാ കമ്മറ്റിയംഗം കറ്റാനം ശ്രീനന്ദനത്തില്‍ അനന്ദു (23), മാവേലിക്കര ഏരിയ സെക്രട്ടറി തഴക്കര അക്ഷയ് നിവാസില്‍ അക്ഷയ് (20), ഏരിയ കമ്മറ്റിയംഗങ്ങളായ കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറേതില്‍ വീട്ടില്‍ അര്‍ജുന്‍ (23), കണ്ണനാകുഴി പണിക്കവീട്ടില്‍ വടക്കേതില്‍ വിഷ്ണു (20), ചുനക്കര കരിമുളയ്ക്കല്‍ വലിയകുഴി വിളയില്‍ സച്ചു (22), എന്‍ജിനിയറിംഗ് കോളേജ് സംഘടന ജില്ലാ കമ്മറ്റിയംഗം ഭരണിക്കാവ് ഗോകുലം അഖില്‍ഷാജി (23), ഡിവൈഎഫ്‌ഐ കറ്റാനം മുന്‍ മേഖലാ സെക്രട്ടറി എബിവില്ലയില്‍ സിബി വര്‍ഗീസ് (27), ഭരണിക്കാവ് മുന്‍ മേഖലാ സെക്രട്ടറി ഓലകെട്ടിയമ്പലം ജയഭവനത്തില്‍ ജയകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോളേജിനു നേര്‍ക്ക് ആക്രമണം നടത്തി തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 300 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. ഈ മാസം പത്തിനായിരുന്നു ആക്രമണം. ഒന്‍പതിന് പുലര്‍ച്ചെ കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി തിരുവനന്തപുരം കിളിമാനൂര്‍ പുതിയകാവ് പാര്‍പ്പിടം വീട്ടില്‍ ആര്‍ഷ രാജ് (19) കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിനു പിന്നില്‍ മാനേജ്‌മെന്റിന്റെ പീഡനമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമം: മാനേജ്‌മെന്റ് മാവേലിക്കര: കോളേജ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതായി കോളേജ് മാനേജ്‌മെന്റ് ആരോപിച്ചു. അമ്പതോളം ആക്രമികള്‍ കോളേജ് അടിച്ചു തകര്‍ത്ത സമയത്ത് നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടായിരുന്നത്. പോലീസ് ഇടപെട്ടിരുന്നെങ്കില്‍, കോടതി സംരക്ഷണം നല്‍കണമെന്ന് ഉത്തരവുള്ള കോളേജില്‍ ആക്രമണം നടത്താന്‍ ആക്രമികള്‍ക്ക് കഴിയില്ലായിരുന്നു. പോലീസും സമരക്കാരും തമ്മിലുള്ള ധാരണയാണ് ആക്രമണത്തിന് ഇടയാക്കിയത്. മുന്നൂറോളം എസ്എഫ്‌ഐക്കാരാണ് ആക്രമണം നടത്തിയതെന്നുള്ള എഫ്‌ഐആര്‍ പോലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ്. കോളേജിലെ സിസി ടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പോലീസിന്റെ അനാസ്ഥക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.