മലപ്പുറം നല്‍കുന്ന രാഷ്ട്രീയ പാഠം

Monday 22 May 2017 6:21 am IST

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ തന്നെ. മത്സരിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കിലും വിജയം മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ്. ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷം നേടാനായില്ലെന്ന കുറവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് മുസ്ലിം ലീഗും ലീഗ് വിരുദ്ധരും എന്ന ഇരുധ്രുവ രാഷ്ട്രീയത്തിലാണ് എന്നും മുന്നോട്ടുപോയത്. ഇത്തവണയും അതുതന്നെ ആവര്‍ത്തിച്ചു. വിശദാംശങ്ങളില്‍ വ്യത്യസ്തമല്ലെങ്കിലും ഇരുമുന്നണികളെയും വേര്‍തിരിക്കുന്നത് ഇത് മാത്രമാണ്. പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങളും ചലനങ്ങളും ഈ തെരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ മഹാഭൂരിപക്ഷമായ മലപ്പുറത്തെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രീണനമാണ് ഇരുമുന്നണികളും പയറ്റിയത്. പ്രീണന രാഷ്ട്രീയത്തില്‍ ആരാണ് മുന്നില്‍ എന്നതിലായിരുന്നു ഇരുമുന്നണികളും തമ്മിലുള്ള പ്രധാന മത്സരം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിനുള്ള വിധിയെഴുത്തായിരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പത്തുമാസത്തെ ഭരണംകൊണ്ട് ജനങ്ങളില്‍നിന്ന് പൂര്‍ണ്ണമായും അകന്നുവെന്ന് സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. ഇതിന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം യുഡിഎഫിന് ഗുണകരമായി തീര്‍ന്നു. മുസ്ലിം രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായില്ല. വികസനവും ജനകീയ പ്രശ്‌നങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടു. ആരാണ് ഏറ്റവും കൂടുതല്‍ പ്രീണന പ്രഖ്യാപനങ്ങള്‍ നടത്തുകയെന്ന മത്സരമായിരുന്നു പ്രചാരണത്തില്‍ മുന്നിട്ടുനിന്നത്. അത്തരം വിഷയങ്ങള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ദുര്‍ബലമാണെങ്കിലും തങ്ങളുടെ സാന്നിധ്യം തെളിയിച്ച എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ സംഘടനകള്‍ ഇത്തവണ അര്‍ത്ഥഗര്‍ഭമായ രാഷ്ട്രീയ നിലപാടുകളാണ് പ്രഖ്യാപിച്ചത്. മുസ്ലിം മതമൗലികവാദ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലൂടെ ഇരുമുന്നണികളിലേയും വര്‍ഗീയ വികാരത്തിന് കരുത്ത് പകരുകയായിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും വികസന സമീപനവും മറച്ചുവച്ച് കടുത്ത കേന്ദ്രവിരുദ്ധ വികാരം പ്രതിഫലിപ്പിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. മലപ്പുറത്തെ മുസ്ലിം ലീഗിന്റെ വിജയം മതേതരത്വത്തിന്റെ വിജയമാണെന്ന് അവകാശപ്പെടുന്നതാണ് ആശ്ചര്യകരം. മുസ്ലിം ലീഗ് അതിന്റെ പേരില്‍ മാത്രമല്ല, രാഷ്ട്രീയനിലപാടുകളില്‍വരെ അടിമുടി വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയവര്‍ തന്നെയാണ് ഈ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. സിപിഎമ്മാകട്ടെ മലപ്പുറത്തെ വര്‍ഗീയ ഏകീകരണത്തെ സമ്മതിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അതിലുള്ള പങ്കിനെ മറച്ചുവെക്കുന്നു. കൊണ്ടോട്ടി, മക്കരപറമ്പ്, വാഴക്കാട് തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സിപിഎം സാമ്പാര്‍ മുന്നണിയാണ് ഭരണം നടത്തുന്നത്. മുസ്ലിം വര്‍ഗീയ സംഘടനകളുമായി പരസ്യമായ കൂട്ടുകെട്ടിലൂടെയാണ് ഇവിടെ ഇവര്‍ ഭരണം നിലനിര്‍ത്തുന്നത്. ചുരുക്കത്തില്‍ മുസ്ലിം ലീഗിന്റെ വര്‍ഗീയതയ്‌ക്കെതിരായി മറ്റ് മുസ്ലിം മതമൗലികവാദ സംഘടനകളെയും താല്‍പര്യങ്ങളെയും ശക്തിപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നത്. മലപ്പുറത്ത് ബിജെപിയുടെ മുന്നേറ്റം പ്രതീക്ഷിച്ചപോലെ എത്തിയില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മലപ്പുറംപോലെ ദുര്‍ബലമായ ഒരു മണ്ഡലത്തില്‍ ഇരുമുന്നണികളുടെയും വ്യക്തമായ വീതംവെക്കലുകളില്‍ തങ്ങളുടെ നില അതേപടി നിലനിര്‍ത്തണമെങ്കില്‍പോലും കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചേ മതിയാവൂ. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ മുന്നേറ്റം ചെറുതെങ്കിലും പ്രധാന്യമുള്ളതായി തീരുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന ചിലരുടെ സ്വപ്‌നം മലര്‍പ്പൊടിക്കാരന്റേതിനേക്കാള്‍ പരിഹാസ്യമാണ്. എന്നാല്‍ കേരള രാഷ്ട്രീയത്തിന് അതില്‍നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ ശാക്തീകരിച്ച് രാഷ്ട്രീയ വിജയം നേടാമെന്ന മുന്നണികളുടെ സമീപനത്തിന് കൂടുതല്‍ ബലമേറുകയാണ്. ഇത് കേരള രാഷ്ട്രീയത്തെ ദീര്‍ഘകാലം വേട്ടയാടുമെന്ന മുന്നറിയിപ്പ് ഈ ഫലത്തിലുണ്ട്. മുസ്ലിം ജനസമൂഹത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെയും അവരുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെയും കണക്കിലെടുക്കാതെ എളുപ്പം കത്തിപിടിപ്പിക്കാവുന്ന മതവികാരത്തെ ചൂഷണം ചെയ്യുകയാണ് ഇരുമുന്നണികളും. ഇത് ജനാധിപത്യപ്രക്രിയയില്‍ അനഭിലഷണീയമായ പ്രവണതകളെയാണ് ബലപ്പെടുത്തുന്നത്. ഈ അപകടത്തെ തിരിച്ചറിയേണ്ടത് പ്രബുദ്ധ കേരളത്തിന്റെ കടമയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.