മുണ്ടക്കയം സ്വകാര്യബസ് സ്റ്റാന്‍ഡില്‍ നിയമങ്ങള്‍ അവഗണിച്ച് ബസ് പാര്‍ക്കിംഗ്

Monday 17 April 2017 9:27 pm IST

മുണ്ടക്കയം: ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ഗതാഗത പരിഷ്‌കരണം നടത്തിയിട്ടും അപകടസാധ്യത വര്‍ധിപ്പിക്കുന്ന തരത്തില്‍ സ്റ്റാന്റിനുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന് ആരോപണം. കാല്‍നടയാത്രക്കാരുടെ ജീവന് സുരക്ഷയില്ലാത്ത വിധത്തിലാണ് ബസുകളുടെ പാര്‍ക്കിംഗ്. സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ കൃത്യ സമയത്ത് മാത്രം ഇറങ്ങി റണ്‍വേയിലൂടെ വെളിയില്‍ പോകണമെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തിലെ പ്രധാന നിര്‍ദ്ദേശം. റണ്‍വേയില്‍ കടകള്‍ക്ക് മുന്‍പില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ ഗതാഗത തടസമുണ്ടാക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകാത്ത വിധം ബസുകള്‍ റണ്‍വേയില്‍ പതിയെ നിരക്കി ഇറങ്ങി കുറേ സമയങ്ങള്‍ക്ക് ശേഷം മാത്രം സ്റ്റാന്റ് വിട്ട് പോവുകയുമായിരുന്നു പതിവ്. ഇത് ഒഴിവാക്കാനാണ് റണ്‍വേയില്‍ ബസ് നിര്‍ത്തരുതെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ റണ്‍വേയില്‍ മിനിട്ടുകളോളം ബസുകള്‍ നിര്‍ത്തിയിടുകയും പുറത്തേയ്ക്കുള്ള കവാടം വരെ പതിയെ നിര്‍ത്തി നിര്‍ത്തി പോവുകയുമാണ് പതിവ്. വശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളിലേയ്ക്ക് റണ്‍വേ മറികടന്ന് പോകേണ്ട യാത്രക്കാരുടെ ജീവനും ഇതോടെ സുരക്ഷയില്ലാതായി. കോട്ടയം-കുമളി റോഡില്‍ മത്സരഓട്ടം നടത്തി വരുന്ന സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റിന്റെ മുകള്‍ ഭാഗത്ത് അമിതവേഗത്തില്‍ എത്തി തിരികെ പോകാന്‍ ശ്രമിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ബസ്സ്റ്റാന്റിനുള്ളിലെ വേഗതനിയന്ത്രണ നിയമം പോലും പലപ്പോഴും ബസുകള്‍ പാലിക്കപ്പെടുന്നില്ല. ഒരു വര്‍ഷം മുന്‍പ് സ്റ്റാന്റില്‍ പിന്നോട്ടെടുത്ത ബസ് തട്ടി കാല്‍നടയാത്രക്കാരി മരിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങളെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം ചേരുകയും ബസ്സ്റ്റാന്റില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശിച്ചതും. യാത്രക്കാരുടെ ജീവന് സുരക്ഷയൊരുക്കുവാന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ ഗതാഗത നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.