കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീം വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പയ്യന്നൂര്‍ സ്വദേശികളും കൊറ്റി ജുമാ മസ്ജിദ് മുന്‍ കമ്മിറ്റി ഭാരവാഹികളുമായ ഏലാട്ടുവീട്ടില് കെ അബ്ദുസ്സലാം (72), കുനിവില്ല കിഴക്കേപുരയില്‍ കെ പി അബ്ദുന്നാസിര്‍ (53), ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പുഞ്ചക്കാട് ഇഎംഎസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ പി മുഹമ്മദ് റഫീഖ് (43) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അതിനാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്റെ ഘാതകരെ ഇക്കഴിഞ്ഞ അഞ്ചിനു രാത്രിയാണ് അന്വേഷണ സംഘത്തലവന് ഡാര്‍വിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
ഹക്കീമിന്റെ മൃതദേഹം 2014 ഫെബ്രുവരി 10നു രാവിലെയാണ് മസ്ജിദിനു സമീപത്തെ തോട്ടിന്കരയില് കത്തിയ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും കേസന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹക്കീമിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: