കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്നു : ജെ.പി.നദ്ദ

Monday 17 April 2017 9:58 pm IST

തൃശൂര്‍: നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് സാമൂഹ്യസുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്ത്തലം മുതലുള്ള ബിജെപി ഭാരവാഹികളുടെ യോഗം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് ഇതിനകം ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതികള്‍ വേണ്ടവിധം നടപ്പാക്കുന്നില്ലെന്നും നദ്ദപറഞ്ഞു. രാഷ്ട്രീയ വിരോധം മൂലം കേന്ദ്രക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടുതന്നെ സംസ്ഥാനസര്‍ക്കാരിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ തയ്യാറല്ല. പക്ഷെ കേന്ദ്രപദ്ധതികള്‍ സംസ്ഥാനം നടപ്പാക്കാതിരിക്കുന്നതുവഴി കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള അവസരങ്ങളാണ് നഷ്ടമാകുന്നത്. മികച്ച വിദ്യാഭ്യാസനിലവാരവും തൊഴില്‍ശക്തിയുമുളള കേരളം ഇന്ന് എല്ലാരംഗങ്ങളിലും പിന്നോട്ട് പോവുകയാണ്. വ്യാവസായിക - കാര്‍ഷിക മേഖലകളിലും തൊഴില്‍ - ഉത്പാദക മേഖലകളിലും മുരടിപ്പ് ദൃശ്യമാണ്. സമീപ സംസ്ഥാനങ്ങളില്‍ നിന്നും ഏറെ പിന്നിലാണ് കേരളം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യമേഖല തുടങ്ങിയവയുടെ കാര്യത്തിലും കേരളം പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ശരിയായ വികസന കാഴ്ചപ്പാടില്ലാത്ത ഭരണനേതൃത്വമാണ് ഇതിന് കാരണം. അഞ്ചുവര്‍ഷത്തേക്ക് അധികാരം നേടുക എന്നതിനപ്പുറം കേരളത്തിന്റെ അടിസ്ഥാന വികസനപ്രശ്‌നങ്ങളോട് നിഷേധാത്മക സമീപനമാണ് കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും സ്വീകരിച്ചത്. നദ്ദ ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, സംഘടനാസെക്രട്ടറി എം.ഗണേഷ്, മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്‍, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, മേഖലാസെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നിവേദിത, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സംഗീതവിശ്വനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.