സിപിഎം തൊഴിലാളിവിരുദ്ധ നടപടി അവസാനിപ്പിക്കണം : ബിഎംഎസ്

Monday 17 April 2017 10:04 pm IST

തൃശൂര്‍: സിപിഎം അനുവര്‍ത്തിക്കുന്ന തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അധികാരത്തിന്റെ തണലില്‍ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്മാറണം. ഇന്ത്യന്‍ കോഫിഹൗസില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് പിന്‍വാതിലിലൂടെ അധികാരത്തില്‍ കയറുവാന്‍ ശ്രമിക്കുകയാണ്. നാമമാത്രമായ തൊഴിലാളികളുള്ള സിഐടിയു യൂണിയനെ മുന്‍നിര്‍ത്തിയാണ് അധികാരം പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത്. അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും ക്ഷേമബോര്‍ഡുകള്‍ പുനഃസംടിപ്പിക്കുവാനോ, ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുവാനോ ഇടത് സര്‍ക്കാരിന് സാധിച്ചിട്ടില്ല. മുന്‍കരുതലുകള്‍ സ്വീകരിച്ചുവെങ്കില്‍ അബ്കാരി മേഖലയിലെ തൊഴില്‍ സ്തംഭനാവസഥക്ക് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ പുനഃരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണനും സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു. ബിഎംഎസ്സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ചുമട്, നിര്‍മാണം, ഓട്ടോ, തയ്യല്‍ യൂണിയനുകളുടെ വാര്‍ഷികസമ്മേളനം ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നീ മേഖലകളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.