സിപിഎം-സിപിഐ പോര്: തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

Monday 17 April 2017 10:07 pm IST

മാള/ചാലക്കുടി: സംസ്ഥാനതലത്തില്‍ കൊമ്പുകോര്‍ക്കുന്ന സിപിഎമ്മും സിപിഐയും ജില്ലയിലും തുറന്നപോരില്‍. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിടിച്ച് ഭരണസ്തംഭനത്തിന് വരെ കാരണമാകുന്നു. പുത്തന്‍ചിറയില്‍ സിപിഎം വിമതനായിരുന്ന പഞ്ചായത്ത് പ്രസിഡണ്ടിനു നേരെ സിപിഎം നടത്തിയ അക്രമം അദ്ദേഹം സിപിഐയിലേക്ക് ചേക്കേറുന്നുവെന്ന സൂചനയെ തുടര്‍ന്നാണ്. ചാലക്കുടിയില്‍ സിപിഐ ചെയര്‍പേഴ്‌സണ്‍ ഭരിക്കുന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരെ സിപിഎം പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സമരം ചെയ്തത് ഇരു പാര്‍ട്ടികളുടെയും വാക്‌പോരിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെവി സുജിത് ലാലിനെ കാര്‍ഷിക കര്‍മ്മസേന യോഗത്തില്‍ വെച്ച് സിപിഎംനേതാക്കള്‍ മര്‍ദ്ദിച്ചിരുന്നു. അദ്ദേഹം സിപിഐ യുടെ ജില്ലാ നേതൃത്വവും പഞ്ചായത്ത് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രസിഡണ്ടിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെപാര്‍ട്ടിയായ ജനകീയ കമ്യൂണിസ്റ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും സംയുക്തമായി പുത്തന്‍ചിറയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധ പ്രകടനത്തിനു നേരെയും സിപിഎം ആക്രമണം നടത്തി. സിപിഐയിലേക്ക് മാറുവാന്‍ തീരുമാനിച്ചതോടെ സുജിത് ലാല്‍ തന്നെ വീണ്ടും പഞ്ചായത്ത് പ്രസിഡണ്ടാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട. എല്‍ഡിഎഫിന് അംഗങ്ങള്‍ ആറ് പേരാണ്. ഇതില്‍ സിപിഎം 3 സിപിഐ 3. സുജിത് ലാല്‍ സിപിഐ യിലേക്ക് മാറിയാല്‍ സിപിഐ ക്ക് നാല് അംഗങ്ങളാകും. ഇതാണ് സിപിഎമ്മിന്റെ ഭയം. ഇടതു മുന്നണി ഭരിക്കുന്ന ചാലക്കുടി നഗരസഭയിലും സിപിഎം-സിപിഐ ഭിന്നത. സിപിഎമ്മിലെ ഒരു വിഭാഗം പ്രതിപക്ഷവുമായി ചേര്‍ന്ന് നഗരസഭ ഭരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്ന് സിപിഐ ചാലക്കുടി ലോക്കല്‍ കമ്മിറ്റി യോഗം ആരോപിച്ചു.നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടിമുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. മുപ്പത്തിയഞ്ചാം വാര്‍ഡിലെ വിവിധ കമ്പനികളിലെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയെടുത്ത നിലപാടാണ് ഭരണസമിതി നടപ്പാക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഏരിയ ജില്ലാ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും ഇടതു മുന്നണി യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സിപിഐ യോഗം ആവശ്യപ്പെട്ടു. സിപിഐ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.കെ.ഷെല്ലി, മണ്ഡലം സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.വിജയന്‍, ലോക്കല്‍ സെക്രട്ടറി സി.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐയുടെ കൗണ്‍സിലറാണ് നഗസഭ ചെയര്‍പെഴ്‌സണെങ്കിലും രണ്ട് ഇടതു സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. അതേസമയം അതിരപ്പിള്ളി വിഷയത്തില്‍ കൗണ്‍സിലിലും പുറത്തും വ്യത്യസ്ത നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതു സിപിഎമ്മും ചര്‍ച്ച ചെയ്യുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന മനുഷ്യ ശൃംഖല തീര്‍ത്തു കൊണ്ട് സമരം ശക്തമാക്കുവാനാണ് സിപിഐ ജില്ലാ കമ്മിറ്റി തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.