തിരുവല്ലാഴപ്പന് മുന്നിലുണ്ട് മലയിന്‍കീഴുകാരുടെ ശ്രീവല്ലഭ

Monday 17 April 2017 11:09 pm IST

ന്‍ ശിവാകൈലാസ് മലയിന്‍കീഴ്: ഇണങ്ങിയും പിണങ്ങിയും കുസൃതികാട്ടി കൊമ്പുകുലുക്കിയും തിരുവല്ലാഴപ്പന് മുന്നിലുണ്ട് മലയിന്‍കീഴുകാരുടെ ശ്രീവല്ലഭന്‍. ഭഗവാന്റെ തിടമ്പേറ്റാന്‍ ഭാഗ്യം ലഭിക്കാതെപോയ വല്ലഭന്‍ ഇന്ന് ആനപ്രേമികളുടെ സ്വകാര്യ ദുഖം കൂടിയാണ്. മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശേഖരന്‍ എന്ന കൊമ്പന്‍ 2000 ല്‍ ചരിഞ്ഞതോടെയാണ് മലയിന്‍കീഴുകാര്‍ ഒരു കുട്ടിയാനയെ നടയ്ക്കിരുത്താന്‍ തീരുമാനിച്ചത്. 75 ആനകളെ കണ്ടെത്തിയെങ്കിലും അന്തിമ പട്ടികയില്‍ മൂന്ന് കുട്ടിക്കൊമ്പന്‍മാര്‍ ഇടംപിടിച്ചു. ഇവയെ ജ്യോതിഷ ഒഴിവിന് വിധേയമാക്കി. പാലക്കാട് മിനിശ്ശേരി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ഗണേശന്‍ എന്ന 11 വയസുള്ള കുട്ടിക്കൊമ്പനാണ് നറുക്ക് വീണത്. 8.25 ലക്ഷത്തിനാണ് 2002 ല്‍ ഗണേശനെ വാങ്ങിയത്. ഗണേശനെന്ന പേരുമാറ്റി ശ്രീവല്ലഭന്‍ എന്നാക്കി കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തി. ഉത്സവ സീസണില്‍ മദപ്പാടില്‍ കഴിയേണ്ടി വരുന്നതിനാല്‍ വല്ലഭന് തിരുവല്ലാഴപ്പന്റെ തിടമ്പേറ്റാന്‍ കഴിയാറില്ല. ഒരിക്കല്‍ മദമിളകിയത് അറിയാതെ പുറത്തിറക്കിയ പാപ്പാന്റെ ജീവനെടുത്തിട്ടുണ്ട് വല്ലഭന്‍. മദപ്പാടില്ലാത്ത സമയങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂലി എഴുന്നള്ളത്തുകള്‍ക്ക് വല്ലഭന്‍ പോകാറുണ്ട്. അടുത്തിടെയാണ് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും മൃഗ ഡോക്ടര്‍മാര്‍ വല്ലഭനെ പരിശോധിക്കാന്‍ തുടങ്ങിയത്. പതിനെട്ട് നഖങ്ങള്‍, കരിപ്പാടില്ലാത്ത നാവ്, ഉയര്‍ന്ന മസ്തകം, മുകളിലേക്ക് നീളുന്ന കൊമ്പുകള്‍, നീണ്ട തുമ്പിക്കൈ ഒത്ത ഉയരം ഇങ്ങനെ ആനപ്രേമികളില്‍ വീരാരാധന തോന്നിക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട് ശ്രീവല്ലഭന്. മലയിന്‍കീഴുകാര്‍ ആഗ്രഹിക്കുന്നത് തിരുവല്ലാഴപ്പന്റെ തിടമ്പേറ്റി നടന്നുവരുന്ന വല്ലഭനെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.