ശബരിമലയില്‍ ആചാരലംഘനം: പ്രസിഡന്റും മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Monday 22 May 2017 6:31 am IST

ശബരിമലയില്‍ യുവതികള്‍ കയറിയതായി കാണിച്ച് ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രം

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടത്തി യുവതികള്‍ പ്രവേശിച്ചെന്ന പ്രചരണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് വിജിലന്‍സ് എസ്‌ഐ പ്രശാന്ത് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരില്‍നിന്നും ദേവസ്വം വനിതാ ജീവനക്കാരില്‍നിന്നും മൊഴിയെടുത്തു. സന്നിധാനം പോലീസിന്റെയും മൊഴിയെടുത്തു.

സന്നിധാനത്തെത്തിയ സ്ത്രികളുടെയും മൊഴി രേഖപ്പെടുത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. ശബരിമലയില്‍ ആചാരവിരുദ്ധമായ കാര്യങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടതിനാല്‍ അതേപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം കമീഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

റിപ്പോര്‍ട്ടിനെതുടര്‍ന്ന് യുക്തമായ നടപടി സ്വീകരിക്കും. ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്ക് പിന്നില്‍ ചില അതിസമ്പന്നന്‍മാരാണെന്ന് മനസിലാക്കുന്നു. ഇത്തരം ബാഹ്യ ഇടപെടലുകള്‍ സന്നിധാനത്തുനിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ചും അന്വേഷിക്കാന്‍ ആവശ്യപ്പെടും. പലകാര്യങ്ങളിലും ദേവസ്വംബോര്‍ഡ് മെമ്പര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് വൈകിട്ട് സന്നിധാനത്ത് നടന്ന പടിപൂജയില്‍ പങ്കെടുത്ത യുവതികള്‍ സോപാനത്ത് നിന്ന് തൊഴുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവതികള്‍ എത്തിയിട്ടുണ്ടെങ്കില്‍ ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ ചിത്രത്തിലെ ആധികാരികത സംബന്ധിച്ച് വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.