തിരുവനന്തപുരം: സമാധാനം നിലനില്കുന്നിടത്ത് മാത്രമേ വികസനം ഉണ്ടാകൂയെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാമദാസ് അത്താവാലെ. ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയും മാജിക് പ്ലാനറ്റും സംയുക്തമായി സംഘടിപ്പിച്ച ലോകസമാധാന സമ്മേളന പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസംബറില്‍ ഡല്‍ഹിയില്‍ നടത്തുന്ന ലോക സമാധാന സമ്മേളനത്തിന്റെ ഔപചാരിക പ്രഖ്യാപനം യേശുദാസ് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചു.
മതവിദ്വേഷം, അധര്‍മം, അക്രമം, അനീതി എന്നീ വാക്കുകള്‍ എഴുതിയ ബലൂണ്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യേശുദാസിന് കൈമാറി. ഇവപൊട്ടിച്ചെറിഞ്ഞാല് മാത്രമേ ലോക നന്മ സാക്ഷാത്കരിക്കപ്പെടൂ എന്ന് പറഞ്ഞുകൊണ്ട് യേശുദാസ് ബലൂണ്‍ സൂചികൊണ്ട് പൊട്ടിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ ആകാശത്തേക്ക് പറത്തി. പ്രയാഗിലെ ശങ്കരാചാര്യമഠം മഠാധിപതി സ്വാമി ശങ്കരാചാര്യ ഓംകാരാന്ദ സരസ്വതി മഹാരാജ് മുഖ്യപ്രഭാഷണം നടത്തി.
കഴക്കൂട്ടം കിന്‍ഫ്രാപാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ ചെയര്മാന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന് അദ്ധ്യക്ഷനായിരുന്നു. സംവിധായകന് ഡോ.രാജീവ് മേനോന്, മൗലവി അബ്ദുള്‍ ഷുക്കൂര്‍ അല്‍ഖാസിമി, മനശ്ശാസ്ത്രജ്ഞന് റവ.ഡോ.ജോസ് പുത്തന്‍വീട്, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ്.വി.കെ, കെ.ആര്.വിശ്വംഭരന്, ഹുസൈന് മടവൂര്‍, വെങ്കിടേഷ് സ്വാമി, ഡോ.പി.പി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: